നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ച ഹരീഷ് പേങ്ങൻ ഇനി ഓർമ.അധികം ചിത്രങ്ങളിലും ഹരീഷ് പ്രേക്ഷകരെ ചിരിപ്പിച്ചു.ഒരു മാസം മുൻപ് ചെറിയ ഒരു വയറുവേദനയുമായി ആശുപത്രിയിൽ . കരൾ സംബന്ധമായ അസുഖങ്ങളുടെ ഒരു ലക്ഷണവും ആ നിമിഷം വരെയില്ലായിരുന്നു. എന്നാൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായാൽ മാത്രമേ ജീവൻ നിലനിറുത്താൻ കഴിയൂ എന്ന് ഡോക്ടർമാർ. ഹരീഷിന്റെ ജീവൻ രക്ഷിക്കാൻ 40 ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നും ഡോക്ടർമാർ അറിയിച്ചു.
തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ഹരീഷിനെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്ത് എത്തിയപ്പോഴാണ് ചലച്ചിത്രലോകത്തുള്ളവർ വിവരം അറിയുന്നത്.പത്തു ലക്ഷത്തോളം രൂപ ഇവർ സമാഹരിക്കുകയും ചെയ്തു. ഹരീഷിന്റെ ഇരട്ട സഹോദരിയായ ശ്രീജ കരൾ നൽകാൻ സന്നദ്ധയായിരുന്നു.സുഹൃത്തുക്കൾ നടത്തിയ ശ്രമങ്ങളെയും പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകളെയും വിഫലമാക്കി ഹരീഷ് അവസാനം യാത്രയായി.നാടകത്തിലും സീരിയലിലും അഭിനയിച്ച ഹരീഷ് സിനിമ ഏറെ സ്വപ്നം കണ്ടിരുന്നു. കായംകുളം കൊച്ചുണ്ണി സീരിയലും പേങ്ങൻ എന്ന കഥാപാത്രവും ഹരീഷ് നായർ എം.കെ എന്ന ചെറുപ്പക്കാരന്റെ ജീവിതം മാറ്റിവരച്ചു.
സിനിമയിൽ വേഷങ്ങൾക്കായി കുറെ അലഞ്ഞിട്ടുണ്ടെന്നും എല്ലാം സ്വപ്രയത്നത്തിൽ നേടിയെടുത്തതാണെന്നും ഹരീഷ് തന്നെ പറഞ്ഞിട്ടുണ്ട്. വെള്ളിത്തിരയിൽ നാട്ടിൻപുറത്തിന്റെ ഒാരത്തുനിന്നുള്ള കഥാപാത്രങ്ങളിൽ ഹരീഷ് തിളങ്ങുക തന്നെ ചെയ്തു.
അങ്കമാലിക്കടുത്ത് അത്താണിയിൽ സ്വന്തമായി അഞ്ച് സെന്റ് സ്ഥലവും (ആ സ്ഥലം ബാങ്കിൽ പണയത്തിലാണ്) ഒരു ചെറിയ ചായക്കടയുമാണ് ഹരീഷിനുള്ളത്. അച്ഛൻ നടത്തിവന്ന ചായക്കട ഏറ്റെടുക്കുകയായിരുന്നു.പ്രായമായ അമ്മ ആണ് ഏക ആശ്രയം.നൂറിലധികം ചിത്രങ്ങളിൽ ഹരീഷ് അഭിനയിച്ചെങ്കിലും പ്രതിഫലം തുച്ഛമായിരുന്നു.മഹേഷിന്റെ പ്രതികാരം, സുഡാനി ഫ്രം നൈജീരിയ, ഷെഫീക്കിന്റെ സന്തോഷം, ഹണി ബി 2. 5, വെള്ളരിപ്പട്ടണം , ജാൻ. എ . മൻ, ജയ ജയ ജയ ജയഹേ, ആട് 2, പ്രിയൻ ഓട്ടത്തിലാണ്, ജോ ആൻഡ് ജോ, മിന്നൽമുരളി, അങ്കരാജ്യത്തെ ജിമ്മൻമാർ തുടങ്ങിയ ചിത്രങ്ങൾ ഹരീഷിനെ ശ്രദ്ധേയനാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |