ന്യൂഡൽഹി: ലൈംഗിക പീഡന പരാതിയിൽ ദേശീയ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷൺ സിംഗിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഗുസ്‌തി താരങ്ങൾ നടത്തുന്ന സമരത്തിൽ ഇടപെട്ട് അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റി( ഐ ഒ സി). താരങ്ങളോടുള്ള സമീപനം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും സംഭവത്തിൽ പക്ഷപാതരഹിതമായ അന്വേഷണം വേണമെന്നും ഐ ഒ സി ആവശ്യപ്പെട്ടു. ഗുസ്‌തി താരങ്ങളുമായി ഐ ഒ സി പ്രതിനിധികൾ ഉടൻ ചർച്ച നടത്തുമെന്നാണ് വിവരം.
ഇന്നലെ നീതി നിഷേധത്തിനെതിരെ പ്രതിഷേധിച്ച് രാജ്യത്തിനായി നേടിയ മെഡലുകൾ ഗംഗാ നദിയിൽ ഒഴുക്കാൻ ഗുസ്‌തി താരങ്ങളെത്തിയത് രാജ്യമൊട്ടാകെ ചർച്ചയാവുകയും പ്രതിഷേധമുയരുകയും ചെയ്തിരുന്നു. കർഷക നേതാക്കൾ ഇടപെട്ടാണ് താരങ്ങളെ പിന്തിരിപ്പിച്ചത്. തങ്ങൾ ഒപ്പമുണ്ടെന്ന് കർഷക, ജാട്ട് നേതാക്കൾ ഗുസ്‌തി താരങ്ങളെ അറിയിച്ചു. ഇതോടെ പ്രതിഷേധം അവസാനിപ്പിച്ച് ഗുസ്തി താരങ്ങൾ ഇന്നലെ പിൻവാങ്ങിയിരിക്കുകയാണ്.
ഗുസ്‌തി താരങ്ങളുടെ സമരത്തിന്റെ ഭാവി പരിപാടികൾ തീരുമാനിക്കുന്നതിനായി ഇന്ന് ഖാപ് പഞ്ചായത്ത് ചേരും. ഉത്തർപ്രദേശിലെ മുസഫർ നഗറിലാണ് ചേരുന്നതെന്നാണ് വിവരം. അഞ്ച് ദിവസത്തിനകം പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കിൽ തങ്ങൾ തിരികെവരുമെന്നാണ് ഗുസ്‌തി താരങ്ങളുടെ നിലപാട്. നടപടിയുണ്ടായില്ലെങ്കിൽ ഹരിദ്വാറിൽ വീണ്ടുമെത്തും. ഇന്ത്യാ ഗേറ്റിൽ നിരാഹാരമിരിക്കുമെന്നും താരങ്ങൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |