കൊച്ചി: പെരിന്തൽമണ്ണ തിരഞ്ഞെടുപ്പിൽ തപാൽ ബാലറ്റുകളടങ്ങിയ പെട്ടികളിൽ കൃത്രിമം നടന്നതായി തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചു. അഞ്ചാം ടേബിളിൽ എണ്ണിയ 482 സാധുവായ ബാലറ്റുകൾ കാണാനില്ലെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ കമ്മിഷൻ വ്യക്തമാക്കി.
നാലാം ടേബിളിലെ അസാധുവായ ബാലറ്റുകളുടെ ഒരു പാക്കറ്റിന്റെ പുറത്തുള്ള കവർ കീറിയ നിലയിലാണെന്നും കമ്മിഷൻ കോടതിയെ അറിയിച്ചു.
തപാൽ ബാലറ്റുകളടങ്ങിയ പെട്ടികൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായും റിപ്പോർട്ടിൽ പറയുന്നു, ബാലറ്റുകൾ സൂക്ഷിച്ചത് സുരക്ഷിതമല്ലാത്ത രീതിയിലാണ്. കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാർ അടക്കമുള്ളവർക്ക് ഉത്തരവാദിത്വമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ തന്നെ എൽ.ഡി,എഫ് സ്ഥാനാർത്ഥിയായിരുന്ന കെ.പി.എം. മുസ്തഫ കോടതിയെ സമീപിച്ചിരുന്നു. ചില ബാലറ്റുകൾ എണ്ണാതെ മാറ്റിവച്ചതാണ് തന്റെ പരാജയത്തിന് കാരണമെന്നായിരുന്നു മുസ്തഫയുടെ വാദം. കോടതി നിർദ്ദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സൂക്ഷിച്ച പെട്ടികൾ കാണാതായത് വൻവിവാദമായിരുന്നു. തെരച്ചിലിനൊടുവിൽ മലപ്പുറം രജിസ്ട്രാർ ഓഫീസിൽ നിന്നാണ് ബാലറ്റ് പേപ്പറുകൾ സൂക്ഷിച്ച പെട്ടികൾ കണ്ടെത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ സബ് ട്രഷറിയിൽ നിന്ന് നീക്കം ചെയ്തപ്പോൾ പെരിന്തൽമണ്ണ തിരഞ്ഞെടുപ്പിലെ ബാലറ്റുകൾ അബദ്ധത്തിൽ മാറ്റിയതാണെന്നായിരുന്നു അന്ന് നൽകിയ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |