ആറ്റിങ്ങൽ: പ്രവാസിയുടെ വീട്ടിൽ നടന്ന കവർച്ചയിൽ 30 പവൻ സ്വർണവും ഒരു ലക്ഷവും നഷ്ടപ്പെട്ടതായി പരാതി. സിംഗപൂരിൽ ബിസിനസുകാരനായ അഴൂർ മുട്ടപ്പലം തെക്കെവിളാകത്ത് സാബുവിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. വീട്ടിനുള്ളിൽ ബാഗിലും അലമാരയിലുമായി സൂക്ഷിച്ചിരുന്ന 30 പവനോളം സ്വർണാഭരണങ്ങളും, എൺപത്തി അയ്യായിരും രൂപയും വില കൂടിയ ഫോണുമാണ് നഷ്ടപ്പെട്ടത്.
സാബുവും ഭാര്യയും കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ബന്ധുവിന്റെ വിവാഹത്തിനായി നാട്ടിലെത്തിയത്. ചൊവ്വാഴ്ച്ച കല്ല്യാണത്തിൽ പങ്കെടുത്ത ശേഷം രാത്രി വൈകിയാണ് വീട്ടിലെത്തിയത്. ബുധനാഴ്ച രാവിലെ വീടിന്റെ പിൻവാതിൽ തുറന്ന് കിടക്കുന്നത് കണ്ട് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് ചിറയിൻകീഴ് പൊലീസിൽ വിവരമറിയിച്ചു.
അടുക്കള ഭാഗത്തെ കതക് പൊളിച്ചാണ് മോഷ്ടാക്കൾ വീടിനുളളിൽ പ്രവേശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീടിനുള്ളിലെത്തിയ മോഷ്ടാക്കൾ മേശപ്പുറത്തിരുന്ന ഹാൻബാഗിൽ നിന്നും ഡയമണ്ട് ആഭരണങ്ങൾ, സ്വർണ്ണമാല, വള എന്നിവ കൈയ്ക്കലാക്കി. ബാഗിൽ ഉണ്ടായിരുന്ന സിംഗപൂർ ഐ.ഡി കാർഡ്, എ.ടി.എം എന്നിവ അവിടെ തന്നെ ഉപേക്ഷിച്ചിരുന്നു. മുറിയിൽ കടന്ന് അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന മാലയും വളയും കവർന്നു. ഡോഗ് സ്‌ക്വാഡ്, ഫിംഗർ പ്രിന്റ് വിഭാഗം എന്നിവരെത്തി തെളിവെടുപ്പ് നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |