മലയാളി താരം കിരൺ ജോർജ് തായ്‌ലാൻഡ് ഓപ്പൺ ബാഡ്മിന്റൺ ക്വാർട്ടറിൽ
ബാങ്കോക്ക്: തായ്‌ലാൻഡ് ഓപ്പൺ ബാഡ്മിന്റണിൽ അട്ടിമറി തുടർന്ന് മലയാളി താരം കിരൺ ജോർജ്.
പ്രീ ക്വാർട്ടറിൽ ലോക 26-ാം റാങ്കുകാരനായ ചൈനയുടെ വെംഗ് ഹോംഗ് യാംഗിനെ അട്ടിമറിച്ചാണ് കിരൺ ചരിത്രം കുറിച്ചത്. 21-11, 21-19 എന്ന സ്കോറിന് നേരിട്ടുള്ള ഗെയിമുകൾക്കാണ് കിരണിന്റെ വിജയം.
വെറും 39 മിനിട്ടുകൊണ്ടാണ് ലോകറാങ്കിംഗിൽ 59-ാം റാങ്കിലുള്ള കിരൺ വിജയം നേടിയത്. ആദ്യ ഗെയിം അനായാസം നേടിയ കിരൺ രണ്ടാം ഗെയിമിൽ വാശിയേറിയ പോരാട്ടം കാഴ്ചവെച്ച് വിജയം നേടി. ക്വാർട്ടറിൽ ഫ്രാൻസിന്റെ ടോമ ജൂനിയറാണ് കിരണിന്റെ എതിരാളി.
ആദ്യ റൗണ്ടിൽ ലോക ഒൻപതാം നമ്പർ താരവും നിലവിലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വെള്ളിമെഡൽ ജേതാവുമായ ചൈനയുടെ ഷി യുക്വിയെ കിരൺ അട്ടിമറിച്ചിരുന്നു.
കിരണിന് പിന്നാലെ യുവതാരം ലക്ഷ്യ സെന്നും തായ്‌ലൻഡ് ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. പുരുഷ സിംഗിൾസിൽ ടൂർണമെന്റിലെ നാലാം സീഡായ ലി ഷി ഫെംഗിനെ അട്ടിമറിച്ചാണ് സെൻ അവസാന എട്ടിലെത്തിയത്.
നേരിട്ടുള്ള ഗെയിമുകൾക്കാണ് സെൻ ഫെംഗിനെ വീഴ്ത്തിയത്. സ്‌കോർ: 21-17, 21-15. രണ്ട് ഗെയിമിലും സെൻ വ്യക്തമായ ആധിപത്യം പുലർത്തി. ഈയിടെ അവസാനിച്ച ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ കിരീടം നേടിയ ഫെംഗിന് ആ മികവ് ലക്ഷ്യയ്ക്ക് എതിരേ പുറത്തെടുക്കാനായില്ല.
ക്വാർട്ടറിൽ മലേഷ്യയുടെ ലിയോംഗ് ജുൻ ഹാവോയാണ് സെന്നിന്റെ എതിരാളി. ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും നേടിയ ലക്ഷ്യ സെൻ മികച്ച ഫോമിലാണ് കളിക്കുന്നത്. നിലവിൽ ലോകറാങ്കിംഗിൽ 23-ാം സ്ഥാനത്താണ് താരം.
എന്നാൽ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ അഷ്മിത ചാലിയയും ഒളിമ്പിക് മെഡൽ ജേതാവായ സൈന നെഹ്‌വാളും പരാജയപ്പെട്ടു. സൈനയെ ലോക മൂന്നാം നമ്പർ താരമായ ചൈനയുടെ ഹി ബിംഗ് ജിയാവോയാണ് കീഴടക്കിയത്. സ്‌കോർ: 21-11, 21-14. അഷ്മിതയെ ഒളിമ്പിക് സ്വർണമെഡൽ ജേതാവായ കരോളിന മാരിനാണ് തോൽപ്പിച്ചത്. സ്‌കോർ: 21-17, 21-13. ഇതോടെ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പ്രതീക്ഷകൾ അസ്തമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |