ബുഡാപെസ്റ്റ്: യൂറോപ്യൻ വൻകരയിലെ രണ്ടാം ഡിവിഷൻ ലീഗായ യൂറോപ്പ ലീഗ് ഫുട്ബാൾ കിരീടത്തിൽ സ്പാനിഷ് ക്ളബ് സെവിയ്യയുടെ മുത്തം. ആവേശകരമായ ഫൈനലിൽ എ.എസ്.റോമയെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് സെവിയ്യ കീഴടക്കിയത്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1 ന് സമനില വഴങ്ങിയതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിൽ സെവിയ്യ 4-1 നാണ് വിജയം നേടിയത്.
ഷൂട്ടൗട്ടിൽ മിന്നും പ്രകടനം കാഴ്ചവെച്ച സെവിയ്യയുടെ മൊറോക്കൻ ഗോൾകീപ്പർ യാസിൻ ബോനോയാണ് റോമാ സാമ്രാജ്യം തകർത്തുകളഞ്ഞത്. ലോകകപ്പിലെ മൊറോക്കോയുടെ കുതിപ്പിൽ നിർണായക പങ്കുവഹിച്ച ബോനോ യൂറോപ്പ ലീഗ് ഷൂട്ടൗട്ടിൽ രണ്ട് ഉഗ്രൻ സേവുകളാണ് നടത്തിയത്. അഞ്ചുതവണ യൂറോപ്പ ലീഗ് കിരീടം നേടിയ റോമയുടെ പരിശീലകൻ ഹോസെ മൗറീന്യോയുടെ കരിയറിലെ ആദ്യ യൂറോപ്പ ഫൈനൽ തോൽവിയാണിത്.
മത്സരം തുടങ്ങി 35-ാം മിനിട്ടിൽ അർജന്റീന സൂപ്പർ താരം പൗലോ ഡിബാലയിലൂടെ റോമ മുന്നിലെത്തി. എന്നാൽ രണ്ടാം പകുതിയിൽ 55-ാം മിനിട്ടിൽ റോമതാരം ജിയാൻ ലൂക്ക മാൻസീനിയുടെ സെൽഫ് ഗോളിൽ സെവിയ്യ സമനില നേടി. തുടർന്ന് ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.
ഷൂട്ടൗട്ടിൽ റോമയ്ക്കായി ആദ്യ കിക്കെടുത്ത ബ്രയാൻ ക്രിസ്റ്റാന് മാത്രമാണ് ലക്ഷ്യം കണ്ടെത്താനായത്. പിന്നാലെ വന്ന മാൻസീനിയ്ക്കും റോജറിനും ലക്ഷ്യം തെറ്റി. സെവിയ്യയ്ക്ക് വേണ്ടി ലൂക്കാസ് ഒക്കാംപോസ്, എറിക് ലമേല, ഇവാൻ റാക്കിറ്റിച്ച്, ഗോൺസാലോ മോണ്ടിയേൽ എന്നിവർ വലകുലുക്കി. റോമയുടെ പോർച്ചുഗീസ് ഗോൾകീപ്പർ റൂയി പാട്രീഷ്യോയ്ക്ക് ഒരു കിക്കുപോലും തടുക്കാനായില്ല.
കഴിഞ്ഞ മാർച്ചിൽ സെവിയ്യയുടെ പരിശീലകനായി സ്ഥാനമേറ്റ് വൈകാതെ തന്നെ യൂറോപ്പ ലീഗ് കിരീടം ടീമിന് നേടിക്കൊടുക്കാന്‍ പരിശീലകൻ ഹോസെ ലൂയിസ് മെൻഡിലിബാറിന് സാധിച്ചിരിക്കുകയാണ്. ഇതോടെ യൂറോപ്പ ലീഗിലെ ആധിപത്യം സെവിയ്യ ഊട്ടിയുറപ്പിച്ചു. ടീം നേടുന്ന ഏഴാം യൂറോപ്പ ലീഗ് കിരീടമാണിത്. ഇതുവരെ ഫൈനലിലെത്തിയപ്പോഴെല്ലാം ടീം കിരീടം നേടിയിട്ടുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |