കൊച്ചി: രാജ്യം പദ്മശ്രീ നൽകി ആദരിച്ച ഭാഷാപണ്ഡിതൻ ഡോ. വെള്ളായണി അർജുനൻ ഓർമ്മയായെങ്കിലും തന്റെ പെൻഷൻ 10.23 ശതമാനമാക്കി വെട്ടിക്കുറച്ച സർക്കാർ ഉത്തരവിനെതിരെ അവസാനകാലത്ത് അദ്ദേഹം നൽകിയ ഹർജി ഹൈക്കോടതിയിൽ ബാക്കിയാണ്. സർക്കാരിന്റെ വിവാദ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനാൽ അദ്ദേഹത്തിന് പെൻഷൻ തുക നഷ്ടമായില്ല. മരണത്തോടെ ഹർജി അപ്രസക്തവുമായി.
സംസ്ഥാന സർവവിജ്ഞാനകോശം, കേരള ഭാഷാ ഇൻസ്റ്റിറ്റ‌്യൂട്ട്, സാക്ഷരതാമിഷൻ എന്നിവയുടെ ഡയറക്ടറായിരുന്ന ഡോ. വെള്ളായണി അർജുനന് 24,700 രൂപയായിരുന്നു പെൻഷൻ ലഭിച്ചിരുന്നത്. കഴിഞ്ഞ ഫെബ്രുവരി ആറിന് കേരള ഭാഷാ ഇൻസ്റ്റിറ്റ‌്യൂട്ട് ഡയറക്ടർ ഈ തുക 2,527 രൂപയാക്കി
ഉത്തരവിറക്കി. കാരണമൊന്നും വ്യക്തമാക്കാതെയായിരുന്നു നടപടി. ഇതിനെതിരെ ഡോ. വെള്ളായണി അർജുനൻ നൽകിയ ഹർജിയിൽ ഈ ഉത്തരവ് നടപ്പാക്കുന്നത് ജസ്റ്റിസ് എൻ. നഗരേഷ് ഒരു മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഹർജി വീണ്ടും പരിഗണനയ്ക്കു വന്ന കഴിഞ്ഞ മാർച്ചിൽ പത്ത് ആഴ്‌ചത്തേക്ക് സ്റ്റേ നീട്ടി. സ്റ്റേയുടെ കാലാവധി ജൂൺ അഞ്ചിന് അവസാനിക്കും. അടുത്ത ദിവസം ഹർജി വീണ്ടും ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് വെള്ളായണി അർജുനന്റെ വിയോഗം.
സർവവിജ്ഞാനകോശത്തിന്റെ വാല്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ദിവസവും 18 മണിക്കൂർ വരെ ജോലി ചെയ്തിരുന്ന അദ്ദേഹം സഹപ്രവർത്തകരുടെ ജോലികൂടി ഏറ്റെടുത്തു ചെയ്യാൻ മടികാട്ടിയിരുന്നില്ല. ഇങ്ങനെ ജോലി ചെയ്ത ഒരാളുടെ പെൻഷൻ തുകയാണ് സർക്കാർ വെട്ടിക്കുറച്ചത്. 1988 ഫെബ്രുവരി 22നാണ് അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചത്. പെൻഷൻ തുക വെട്ടിക്കുറച്ചത് അനീതിയാണെന്ന് ഹർജിയിൽ ഡോ. വെള്ളായണി അർജുനൻ വ്യക്തമാക്കിയിരുന്നു.
''അദ്ദേഹം മരിച്ചതോടെ ഹർജി അപ്രസക്തമായി. എന്തായാലും സർക്കാർ ഇങ്ങനെയൊരു ഉത്തരവിറക്കിയത് കടുത്ത അനീതിയായിപ്പോയി. പദ്മശ്രീ നൽകി ആദരിച്ച ഒരു മഹത്‌വ്യക്തിയോടാണ് ഇങ്ങനെ ചെയ്തത്.
- അഡ്വ. എസ്. മുഹമ്മദ് അൽ റാഫി (ഡോ. വെള്ളായണി അർജുനന്റെ അഭിഭാഷകൻ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |