കൊച്ചി: അങ്കമാലിയിലും തൈക്കൂടത്തും എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ മിന്നൽപരിശോധനകളിൽ യുവതിയുൾപ്പെടെ നാല് മയക്കുമരുന്ന് വിതരണക്കാർ അറസ്റ്റിലായി. ഇവരിൽ നിന്ന് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന 114 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ബംഗളൂരുവിൽ നിന്നാണ് രണ്ടിടത്തേക്കും എം.ഡി.എം.എ കൊണ്ടുവന്നത്.
ബംഗളൂരുവിൽ എൻജിനിയറിംഗ് വിദ്യാർത്ഥിയായിരുന്ന അങ്കമാലി വടക്കൻ കിടങ്ങൂർ മാളിയേക്കൽ മാളക്കാരൻ വീട്ടിൽ എഡ്‌വിൻ ഡേവിഡാണ് (33) വീട്ടിൽ നിന്ന് 91 ഗ്രാം എം.ഡി.എം.എയുമായി ഇന്നലെ രാവിലെ പിടിയിലായത്. സിനിമാമേഖലയുമായി അടുത്തബന്ധം പുലർത്തുന്നയാളാണ് എഡ്‌വിനെന്ന് എക്സൈസ് സ്ഥിരീകരിച്ചു.
ബംഗളൂരുവിൽ ബി.ടെക്കിന് പഠിക്കുമ്പോഴാണ് ഇയാൾ മയക്കുമരുന്ന് വിതരണക്കാരുമായി അടുപ്പത്തിലാകുന്നത്. ഇടക്കാലത്ത് വിദേശത്ത് പോയെങ്കിലും മടങ്ങിയെത്തി എം.ഡി.എം.എ വിതരണം തുടങ്ങി.
വെള്ളിയാഴ്ചയാണ് ഇയാൾ മയക്കുമരുന്നുമായി കിടങ്ങൂരിലെ വീട്ടിലെത്തിയത്. സംശയത്തെതുടർന്ന് നേരത്തെയും ഇയാളുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.
സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.പി. പ്രമോദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്
കപ്പൽ ജീവനക്കാരൻ മരട് വിളക്കേടത്ത് സജിത്ത് ഷാജൻ (29), ഹോട്ടൽ ജീവനക്കാരൻ മരട് നരത്തുരിത്തി വിഷ്ണു പ്രഹ്ളാദൻ (26), ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിക്കുന്ന പള്ളുരുത്തി ചിറപ്പറമ്പിൽ ലിജിയ മേരി ജോയി (34) എന്നിവരെ തൈക്കൂടം കനാൽറോഡിലെ റിസോർട്ടിൽ നിന്ന് ശനിയാഴ്ച രാത്രി പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. 23.8499 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്ന് കണ്ടെത്തി. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ സുരേഷ്‌കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജിത്ത്, സുബീഷ്, ശ്യാംകുമാർ, വിജി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |