കൊച്ചി: നീറ്റ് പരീക്ഷയിൽ 16 മാർക്ക് മാത്രമുള്ള വിദ്യാർത്ഥി 468 മാർക്ക് കിട്ടിയെന്ന മാർക്ക് ലിസ്റ്റ് ഹാജരാക്കിയതിനെക്കുറിച്ച് പൊലീസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.
ഉയർന്ന മാർക്ക് നേടിയ തന്നെ കൗൺസലിംഗിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നും, 16 മാർക്ക് ലഭിച്ചതായ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ വിദ്യാർത്ഥിയാണ് കോടതിയെ സമീപിച്ചത്. എന്നാൽ ഹർജിക്കാരന് 720ൽ 16 മാർക്കാണ് കിട്ടിയതെന്നും, കൂടുതൽ മാർക്ക് ലഭിച്ചതായുള്ള ലിസ്റ്റ് വ്യാജമായിരിക്കാമെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി വ്യക്തമാക്കിയതോടെയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. കൊല്ലം ജില്ലാ പൊലീസ് മേധാവിയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അന്വേഷണം നടത്തി നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.
കോടതിയിൽ ഹാജരായ ഹർജിക്കാരൻ രണ്ട് മാർക്ക് ലിസ്റ്റും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തതാണെന്ന് അവകാശപ്പെട്ടു. അക്ഷയ കേന്ദ്രത്തിൽ നിന്ന് ഡൗൺലോഡ് ചെയ്ത ആദ്യ ഷീറ്റിൽ 468 മാർക്കും രണ്ടാമത്തെ ഷീറ്റിൽ 16 മാർക്കും ആയിരുന്നു. ഇത്തരം തട്ടിപ്പുകൾ ഗൗരവത്തോടെ കാണണമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും ബോധിപ്പിച്ചു. കേസ് 30ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |