കൊച്ചി:തെറ്റുകാരനല്ലെന്ന് ആവർത്തിച്ചിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന്റെ രാജിക്കത്ത് വത്തിക്കാൻ ചോദിച്ചു വാങ്ങിയത് ജലന്ധർ രൂപതയെ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാനാണെന്ന് വ്യക്തമായി. ബിഷപ്പ് സ്ഥാനത്തു നിന്ന് നീക്കിയതിനോട് കത്തോലിക്കാസഭയിൽ സമ്മിശ്രപ്രതികരണമാണ്.
ബിഷപ്പ് ഫ്രാങ്കോ 2014 - 2016 കാലത്ത് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീ പരാതി നൽകിയത്. സിറോമലബാർ സഭാ തലവൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെ ഉൾപ്പെടെ കന്യാസ്ത്രീ പരാതി അറിയിച്ചിരുന്നു.
വിചാരണക്കോടതി കുറ്റമുക്തനാക്കിയത് ഫ്രാങ്കോയുടെ വിജയമായി അനുകൂലികൾ പ്രചരിപ്പിച്ചെങ്കിലും ജലന്ധർ രൂപതയിൽ കടുത്ത എതിർപ്പ് ഉയർന്നിരുന്നു. ബിഷപ്പിനെതിരായ പരാതിക്ക് രൂപതയും ഇരയായെന്ന് വൈദികർ ഉൾപ്പെടെ സഭാനേതൃത്വത്തെ അറിയിച്ചിരുന്നു. പ്രതിസന്ധി പരിഹരിക്കുന്നതാണ് രാജിയെന്ന അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആഗ്നലോ ഗ്രേഷ്യസിന്റെ പ്രതികരണം ഇക്കാര്യം വ്യക്തമാക്കുന്നു.
ഒരു ബിഷപ്പിനെ ഒഴിവാക്കിയാൽ അദ്ദേഹം നിയോഗിച്ച രൂപതയുടെ വികാരി ജനറൽ, എപ്പിസ്കോപ്പൽ വികാരിമാർ, ഭരണ ചുമതലുള്ളവർ എന്നിവരെയും നീക്കുകയാണ് കീഴ്‌വഴക്കം. ഫ്രാങ്കോയ നീക്കിയെങ്കിലും വികാരി ജനറൽ ഉൾപ്പെടെ മുഴുവൻ പേരെയും നിലനിറുത്തി. അതിരൂപതയെ പ്രതിസന്ധിയിലാക്കിയത് ഫ്രാങ്കോ മാത്രമാണെന്ന സഭയുടെ നിഗമനം വ്യക്തമാക്കുന്നതാണ് നടപടിയെന്ന് സഭാവൃത്തങ്ങൾ പറഞ്ഞു.
വിടില്ലെന്ന് എസ്.ഒ.എസ്
ഫ്രാങ്കോയുടെ രാജി ഭൂരിപക്ഷം സഭാംഗങ്ങളും സ്വീകരിക്കുമ്പോഴും അദ്ദേഹം സ്വയം രാജി വച്ചതാണെന്നും നിരപരാധിത്വം തെളിയിക്കുമെന്നുമാണ് അനുകൂലികൾ പ്രചരിപ്പിക്കുന്നത്. അതേസമയം, രാജി ചോദിച്ചുവാങ്ങിയത് ഫ്രാങ്കോയ്ക്കെതിരായ നടപടിയായി എതിരാളികൾ പറയുന്നു. ഹൈക്കോടതിയിലുള്ള അപ്പീലുമായി മുന്നോട്ടുപോകുമെന്ന് സേവ് ഒൗവർ സിസ്റ്റേഴ്സ് ഭാരവാഹികൾ അറിയിച്ചു.
ഫ്രാങ്കോ വിശ്രമത്തിലേക്ക് ?
വിരമിച്ച ബിഷപ്പ് എന്ന പദവിയാണ് ഫ്രാങ്കോയ്ക്ക് വത്തിക്കാൻ നൽകിയത്. അദ്ദേഹത്തിന്റെ ഭാവിയും വത്തിക്കാൻ തീരുമാനിക്കും. ചുമതലകൾ നൽകാതെ വിശ്രമജീവിതത്തിന് നിർദ്ദേശിക്കാനാണ് സാദ്ധ്യതയെന്നാണ് സൂചനകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |