പുൽപ്പള്ളി: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ 2016ലെ ഭരണസമിതിയുടെ കാലത്ത് നടന്ന 8.5 കോടി രൂപയുടെ വായ്പാത്തട്ടിപ്പ് കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. തലശ്ശേരി വിജിലൻസ് കോടതിയിലാണ് വയനാട് വിജിലൻസ് ഡിവൈ.എസ്.പി സിബി തോമസ് ഇന്നലെ കുറ്റപത്രം സമർപ്പിച്ചത്. തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ 2019ലാണ് വിജിലൻസ് അന്വേഷണം പൂർത്തിയായത്. നാല് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാതിരുന്നത് പ്രതികളെ സംരക്ഷിക്കാനാണെന്ന ആരോപണം ഉയർന്നിരുന്നു.
ബാങ്കിലെ അംഗങ്ങളായ കർഷകർ ഉൾപ്പെടെയുള്ളവരുടെ രേഖകൾ ഉപയോഗിച്ച് പ്രസിഡന്റായിരുന്ന കെ.കെ. എബ്രഹാമിന്റെ നേതൃത്വത്തിൽ 8.5 കോടിയുടെ വായ്പാതട്ടിപ്പ് നടത്തിയെന്നാണ് കേസ്. കെ.കെ. എബ്രഹാം ഉൾപ്പെടെ 10 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. സജീവൻ കൊല്ലപ്പള്ളിയാണ് ക്രമക്കേടിന്റെ മുഖ്യ സൂത്രധാരനെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ഇയാൾ കർണ്ണാടകയിലേക്ക് കടന്നതായാണ് സൂചന. ലോൺ സെക്ഷൻ മേധാവി പി. യു. തോമസ്, മുൻ സെക്രട്ടറി കെ.ടി. രമാദേവി, ഭരണസമിതി അംഗങ്ങളായിരുന്ന ടി.എസ്. കുര്യൻ, ജനാർദ്ദനൻ, ബിന്ദു കെ. തങ്കപ്പൻ, സി. വി. വേലായുധൻ, സുജാത ദിലീപ്, വി.എം. പൗലോസ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവർ.
ചെറിയ തുക വായ്പയെടുക്കാൻ ബാങ്കിലെത്തിയ കർഷകർ ഉൾപ്പെടെയുള്ളവരുടെ പേരിലായിരുന്നു തട്ടിപ്പ്. വായ്പാ തിരിച്ചടവ് മുടങ്ങിയെന്ന നോട്ടീസ് ലഭിച്ചുതുടങ്ങിയതോടെയാണ് പലരും തട്ടിപ്പ് വിവരം അറിയുന്നത്. 30തോളം പരാതികളാണ് ഇത്തരത്തിൽ ലഭിച്ചത്. 2022 ഒാഗസ്റ്റിൽ സഹകരണ വകുപ്പ് ക്രമക്കേട് കണ്ടെത്തുകയും 8 കോടി 30 ലക്ഷം രൂപ ഡയറക്ടർബോർഡ് അംഗങ്ങളിൽ നിന്ന് ഈടാക്കാനും ഉത്തരവായിരുന്നു. ഇത് ചോദ്യം ചെയ്ത് ബാങ്ക് ഭരണസമിതിയിലെ ചില അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഒന്നാം പ്രതി കെ.കെ. എബ്രഹാമും സെക്രട്ടറിയായിരുന്ന കെ.ടി. രമാദേവിയും കേസിൽ റിമാൻഡിലാണ്. വഞ്ചന, ആത്മഹത്യാപ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് എബ്രഹാമിനെതിരെ ചുമത്തിയിരിക്കുന്നത്.
കെ.കെ. എബ്രഹാം കെ.പി.സി.സി ജന. സെക്രട്ടറി പദവി രാജിവച്ചു
കൽപ്പറ്റ: പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ മുഖ്യപ്രതി കെ.കെ. എബ്രഹാം കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് റിമാൻഡിലായതിനെത്തുടർന്നാണ് രാജി. ജയിലിൽ നിന്നാണ് അദ്ദേഹം കെ.പി.സി.സി പ്രസിഡന്റിന് രാജിക്കത്ത് അയച്ചത്. നിരപരാധിത്വം തെളിയിക്കുന്നത് വരെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കുകയാണെന്ന് രാജിക്കത്തിൽ വ്യക്തമാക്കി.
പുൽപ്പള്ളി സഹകരണബാങ്ക് വായ്പാ തട്ടിപ്പിൽ കെ.പി.സി.സി ജനറൽസെക്രട്ടറി തന്നെ മുഖ്യപ്രതിയായത് കോൺഗ്രസ് നേതൃത്വത്തിന് ക്ഷീണമായിരിക്കെയാണ് എബ്രഹാമിന്റെ രാജി. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള കരുവന്നൂർ ബാങ്ക് തട്ടിപ്പിനെതിരെ യു.ഡി.എഫ് ശക്തമായി രംഗത്ത് വന്നിരുന്നു. പുൽപ്പള്ളി കേസ് വന്നതോടെ കോൺഗ്രസിന് അത് തിരിച്ചടിയായി. വിഷയത്തെക്കുറിച്ച് പാർട്ടി അന്വേഷിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് പ്രതികരിച്ചിരുന്നു. വിഷയത്തിൽ കെ.കെ. എബ്രഹാമിനെതിരെ നടപടി കെ.പി.സി.സി നേതൃത്വം ആലോചിക്കുന്നതിനിടെയാണ് രാജി.
പുൽപ്പളളി സർവീസ് സഹകരണ ബാങ്കിലെ വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ച പുൽപ്പളളി കേളക്കവല ചെമ്പകമൂല കിഴക്കെ ഇടയിലാത്ത് രാജേന്ദ്രൻ നായർ (60) ആത്മഹത്യ ചെയ്തിരുന്നു. കെ.കെ. എബ്രഹാം പ്രസിഡന്റായിരുന്ന കാലഘട്ടത്തിലാണ് 2017 ഓഗസ്റ്റ് 31ന് രാജേന്ദ്രൻ നായർ 70 സെന്റ് ഭൂമിയുടെ ഈടിൽ 70,000 രൂപ വായ്പയെടുക്കുന്നത്. പിന്നീട് അദ്ദേഹത്തിന്റെ ബാദ്ധ്യത കാർഷിക വായ്പ 1.07 ലക്ഷവും കാർഷികേതര വായ്പ 45.51 ലക്ഷവുമാണെന്ന് ബാങ്കിൽ നിന്ന് അറിയിപ്പ് ലഭിച്ചു. ഇതേ തുടർന്നാണ് രാജേന്ദ്രൻ നായർ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. സമാനരീതിയിൽ വായ്പാത്തട്ടിപ്പിന് ഇരയായ പുൽപ്പള്ളി കേളക്കവല സ്വദേശികളായ പറമ്പക്കാട്ട് ദാനിയേലും ഭാര്യ സാറയും മുമ്പ് നൽകിയിരുന്ന പരാതിയിലാണ് കെ.കെ. എബ്രഹാമിനെയും ബാങ്ക് മുൻ സെക്രട്ടറി കെ.ടി. രമാദേവിയെയും പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രത്യേക സംഘം അന്വേഷിക്കും: മന്ത്രി വി.എൻ. വാസവൻ
തിരുവനന്തപുരം: പുൽപ്പള്ളി സഹകരണബാങ്കിൽ നടന്ന വായ്പാത്തട്ടിപ്പിനിരയായി കർഷകൻ ആത്മഹത്യ ചെയ്ത സംഭവം പ്രത്യേക സംഘം അന്വേഷിക്കും. സഹകരണസംഘം ഡെപ്യൂട്ടി രജിസ്ട്രാർ ടി. അയ്യപ്പൻ നായരുടെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ നിയോഗിച്ചതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.
അസിസ്റ്റന്റ് രജിസ്ട്രാർ അരുൺ വി. സജികുമാർ, ആർ. രാജാറാം, പി. ജ്യോതിഷ് കുമാർ, എം. ബബീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. ബാങ്കിലെ വായ്പാ ക്രമക്കേടുകൾ, ബാങ്കിന്റെ ആസ്തിബാദ്ധ്യതകൾ, സഹകരണ നിയമം, ചട്ടം, നിയമാവലി വ്യവസ്ഥകൾക്കും രജിസ്ട്രാറുടെ നിർദ്ദേശങ്ങൾക്കും വിരുദ്ധമായി ബാങ്കിന്റെ പൊതുഫണ്ട് ചെലവഴിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങൾ അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനാണ് സഹകരണസംഘം രജിസ്ട്രാർ പുറത്തിറക്കിയ ഉത്തരവിലുളളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |