കൊച്ചി: സ്‌നേഹത്തിലും സേവനത്തിലും സാന്ത്വനത്തിലും അധിഷ്ഠിതമായ ഭാരതീയമൂല്യങ്ങളുടെ മഹത്വം മാതാ അമൃതാനന്ദമയീ ദേവിയിലൂടെ ലോകം തിരിച്ചറിയുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു. അമൃത ആശുപത്രി രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും കൊച്ചിയിലും അമൃതപുരിയിലും രണ്ട് റിസർച്ച് സെന്ററുകളുടെ പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യശാസ്ത്രരംഗത്ത് പുതിയ പന്ഥാവ് വെട്ടിത്തുറന്ന അമ്മ, സന്തോഷമാണ് ഏറ്റവും വലിയ സമ്പത്തെന്ന് പഠിപ്പിക്കുന്നു. ശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുദേവനും അയ്യങ്കാളിക്കും ജന്മം നല്കിയ ഈ നാട് ആത്മീയ-നവോത്ഥാന മൂല്യങ്ങൾ എക്കാലത്തും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. നാട്ടിലും വിദേശത്തുമെല്ലാം ഓരോ സങ്കീർണഘട്ടങ്ങളിലും സാന്ത്വനവും സഹായവുമായി ഓടിയെത്തുന്ന അമ്മയും ഈ മാർഗമാണ് പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അമിത്ഷായ്ക്ക് മാതാ അമൃതാനന്ദമയീ മഠം വൈസ് ചെയർമാനും അമൃത വിശ്വവിദ്യാപീഠം പ്രസിഡന്റുമായ സ്വാമി അമൃതസ്വരൂപാനന്ദപുരി ഉപഹാരം നല്കി. രജതജൂബിലിയോടനുബന്ധിച്ചു പുറത്തിറക്കിയ സുവനീറിന്റെ പ്രകാശനം ഹൈബി ഈഡൻ എം.പിക്ക് നല്കി മന്ത്രി വീണ ജോർജ് നിർവഹിച്ചു. മാതാ അമൃതാനന്ദമയീദേവി വീഡിയോ സന്ദേശം നല്കി.
മന്ത്രി പി.പ്രസാദ്, ടി.ജെ. വിനോദ് എം.എൽഎ, മേയർ എം.അനിൽകുമാർ, ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ.പ്രേം നായർ എന്നിവർ പ്രസംഗിച്ചു. മുൻ കേന്ദ്രമന്ത്രി ഒ.രാജഗോപാൽ, പ്രൊഫ. എം.കെ.സാനു തുടങ്ങിയവരടക്കം പങ്കെടുത്തു.
'ആരോഗ്യരംഗത്ത് മോദി സർക്കാർ മാതൃക'
ആരോഗ്യമേഖലയിൽ വൻമുന്നേറ്റം നടത്താൻ നരേന്ദ്ര മോദി സർക്കാരിനു കഴിഞ്ഞതായി അമിത്ഷാ പറഞ്ഞു. മികച്ച ചികിത്സ, മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം, അടിസ്ഥാനസൗകര്യ വികസനം എന്നിവയിൽ രാജ്യം ബഹുദൂരം മുന്നേറി. കൊവിഡ്കാലത്തടക്കം ഈ മേഖലയിലെ മികവുകൾ ബോദ്ധ്യമായ ലോകരാജ്യങ്ങൾ ഇന്ന് ഇന്ത്യൻ സാങ്കേതികവിദ്യയിൽ പൂർണവിശ്വാസം അർപ്പിക്കുന്നു. മിഷൻ ഇന്ദ്രധനുസ്, ആയുഷ്മാൻ ഭാരത്, ജൽജീവൻ മിഷൻ, സ്വച്ഛ്ഭാരത് പദ്ധതികളിലൂടെ ലോകത്തിനു മാതൃകയാകാൻ ഇന്ത്യക്കു കഴിഞ്ഞു.
65 കോടിയുടെ
സൗജന്യ ചികിത്സ
അമൃത ആശുപത്രി രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 65 കോടിയുടെ സൗജന്യ ചികിത്സാപദ്ധതി നടപ്പാക്കും. വൃക്ക, കരൾ, മജ്ജ, മുട്ട് മാറ്റിവയ്ക്കൽ, ഗൈനക്കോളജി ചികിത്സകൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഘോഷത്തിന്റെ ഭാഗമായി 20-25 വർഷമായി സേവനം അനുഷ്ഠിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ, വിരമിച്ചവർ എന്നിവരെ ആദരിച്ചു.
1998 മേയ് 17ന് അന്നത്തെ പ്രധാനമന്ത്രി അടൽബിഹാരി വാജ്‌പേയിയാണ് അമൃത ആശുപത്രി ഉദ്ഘാടനം ചെയ്തത്. 800 കിടക്കകൾ ഉണ്ടായിരുന്ന ആശുപത്രിയിൽ ഇപ്പോൾ 1,300ലേറെ കിടക്കകളും അത്യാധുനിക സംവിധാനങ്ങളുമുണ്ട്. ഇതുവരെ രണ്ടുകോടിയോളം പേർ ചികിത്സ തേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |