ഭുവനേശ്വർ: ഒഡീഷ ദുരന്തത്തിൽ രക്ഷാപ്രവർത്തനം അവസാനിച്ചെങ്കിലും മൃതദേഹം തിരിച്ചറിയുന്നതുൾപ്പെടെ നിരവധി വെല്ലുവിളികൾ മുന്നിലുണ്ട്. മരണ സംഖ്യ ഉയരുന്നതിനനുസരിച്ച് മൃതദേഹങ്ങൾ സൂക്ഷിക്കുന്നതും സംസ്കരിക്കുന്നതും വലിയ പ്രതിസന്ധിയാണ്. സ്ഥലപരിമിതി നേരിടുന്നതിനാൽ ബാലസോറിലെ സ്കൂളുകളുൾപ്പെടെയുള്ളവ മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിനായി ഉപയോഗിച്ചുവരുന്നു. അപകടം നടന്ന സ്ഥലത്തിന് സമീപമായതിനാലും ക്ലാസ് മുറികളുൾപ്പെടെ നിരവധി സ്ഥലമുള്ളതിനാലുമാണ് മൃതദേഹങ്ങൾ സൂക്ഷിക്കാൻ സ്കൂളുകൾ തെരഞ്ഞെടുത്തതെന്നാണ് അധികൃതർ നല്കുന്ന വിശദീകരണം. ഒരു സ്കൂളിലുള്ള 160ലധികം മൃതദേഹങ്ങളിൽ 30 എണ്ണം മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളതെന്ന് വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടർ അരവിന്ദ് അഗർവാൾ പറഞ്ഞു. ബന്ധുക്കൾ ഓരോ മൃതദേഹവും നോക്കി തിരിച്ചറിയാൻ ശ്രമിക്കുന്നു.പലരേയുംതിരിച്ചറിയാൻ ലഗേജും ഫോണുമുൾപ്പെടെയുള്ളവ പരിശോധിച്ചുവരുന്നു. അപകട സ്ഥലത്തു നിന്ന് അവയും ശേഖരിച്ചു തുടങ്ങി.
മൃതദേഹങ്ങൾ അഴുകിത്തുടങ്ങി
മരണം ഉയരുന്നതിനിടെ മൃതദേഹങ്ങളിൽ പലതും അഴുകിത്തുടങ്ങിയതായി റിപ്പോർട്ട്. തിരിച്ചറിയാത്ത മൃതദേഹങ്ങളും ഉറ്റവരെ അന്വേഷിച്ചെത്തുന്ന ബന്ധുക്കളും ബാലസോറിൽ നിറയുകയാണ്. നിലവിൽ പരിമിതമായ സൗകര്യങ്ങളിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. മുനിസിപ്പൽ തൊഴിലാളികളുൾപ്പെടെ ഇവിടെയുണ്ട്. വിവിധയിടങ്ങളിലായുള്ള മൃതദേഹങ്ങളിൽ പലതും അഴുകിത്തുടങ്ങിയെന്ന് അധികൃതർ പറയുന്നു.
അവ എടുക്കുന്നതും പരിശോധന നടത്തുന്നതും വെല്ലുവിളിയാണ്. വരാന്തകളിലുൾപ്പെടെയാണ് മൃതദേഹങ്ങളുള്ളത്. ഇതുമൂലം സ്ഥലത്ത് ദുർഗന്ധവുമുണ്ട്.എന്നാൽ ബന്ധുക്കളുടെ അവസ്ഥ കാണുന്നതാണ് അതിലും വിഷമമെന്ന് തൊഴിലാളികൾ പറയുന്നു. ശരീരങ്ങൾ ഛിന്നഭിന്നമാണ്. ചിലത് കത്തിക്കരിഞ്ഞിട്ടുണ്ട്. അവരെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്നും അവർ പറഞ്ഞു.
അജ്ഞാത മൃതദേഹങ്ങൾ തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് നിലവിൽ നടത്തിവരുന്നത്. മൃതദേഹങ്ങളുടെ ഫോറൻസിക് പരിശോധന സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നടത്താനും തീരുമാനമായി.
കാണാതായവർക്കു വേണ്ടി ഇപ്പോഴും ബന്ധുക്കളും സന്നദ്ധ സംഘടനകളും ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നു. പശ്ചിമ ബംഗാളിൽ നിന്നുള്ള ആളുകളാണ് കൂടുതലും എത്തുന്നത്. പരിക്കേറ്റു കഴിയുന്നവർക്ക് പ്രത്യേക ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
തിരിച്ചറിഞ്ഞാൽ
ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞാൽ അവരുടെ താമസരേഖയും ടിക്കറ്റിന്റെ തെളിവും നൽകിയാൽ മാത്രമേ മൃതദേഹം വിട്ടുകൊടുക്കുകയും നഷ്ടപരിഹാരത്തിനുള്ള നടപടികൾ ആരംഭിക്കുകയുമുള്ളു. അധികൃതർക്കും ബന്ധുക്കൾക്കും ഒരുപോലെ ബുദ്ധിമുട്ടാണ് ഈ നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |