ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിന് പിന്നിലെ കാരണം ഉടൻ വ്യക്തമാകുമെന്ന് സൂചന. അപകടത്തിന് തൊട്ടുമുമ്പ് ലോക്കോ പൈലറ്റ് പറഞ്ഞ വാക്കുകളാണ് വലിയ ക്ളൂവായി മാറുന്നത്. ''സിഗ്നൽ പച്ചയായിരുന്നു'' എന്നതാണ് ലോക്കോ പൈലറ്റായ ഗുണനിധി മൊഹന്തി പറഞ്ഞത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗുണനിധി അപകടനില തരണം ചെയ‌്തു. ലോക്കോ പൈലറ്റിന്റെ വാക്കുകൾ അന്വേഷണത്തിന് വലിയ സഹായമായി മാറിയിരിക്കുകയാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു.
അതേസമയം, ട്രെയിൻ ദുരന്തത്തിന് പിന്നിൽ അട്ടിമറിയാണെന്ന സംശയം ശക്തമായതോടെ സിബിഐ അന്വേഷണത്തിന് റെയിൽവേ ബോർഡ് ശുപാർശ ചെയ്‌തിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ അനുമതി കിട്ടിയാലുടൻ സി.ബി.ഐ സംഘം ബാലസോറിലെത്തും. ട്രെയിനുകൾ നിശ്ചിത ട്രാക്കുകളിലൂടെ സുരക്ഷിതമായി കടന്നുപോകുന്നു എന്ന് ഉറപ്പാക്കുന്ന ഇലക്ട്രോണിക് ഇന്റർലോക്കിംഗ് സംവിധാനത്തിലോ ട്രെയിനിന്റെ ഗതി തിരിച്ചുവിടാൻ പാളങ്ങളെ ആവശ്യാനുസരണം ബന്ധിപ്പിക്കുന്ന പോയിന്റ് മെഷീനിലോ തിരിമറി നടന്നു എന്നാണ് സംശയം. ലോക്കോ പൈലറ്റിന്റെ പിഴവോ, സിഗ്നലിംഗ് സംവിധാനത്തിലെ സാങ്കേതിക തകരാറോ അല്ല അപകടകാരണമെന്ന് റെയിൽവേ വ്യക്തമാക്കിയിരുന്നു.
കോറമണ്ഡൽ എക്‌സ്‌പ്രസിന് മെയിൻ ലൈനിലൂടെ പോകാൻ ആദ്യം നൽകിയ ഗ്രീൻ സിഗ്നൽ പിന്നീട് പിൻവലിച്ചതായും തുടർന്നാണ് 128 കിലോമീറ്റർ വേഗതയിൽ വന്ന ട്രെയിൻ പൊടുന്നനെ ലൂപ്പ് ലൈനിലേക്ക് തിരിഞ്ഞ് ഗുഡ്സിൽ ഇടിച്ചതെന്നും റെയിൽവേ സേഫ്റ്റി കമ്മിഷണറുടെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
അപകടത്തിന്റെ മൂലകാരണം കണ്ടെത്തിയെന്നും കുറ്റവാളികളെ തിരിച്ചറിഞ്ഞെന്നും അശ്വിനി വൈഷ്ണവ് ഇന്നലെ പറഞ്ഞിരുന്നു. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ അട്ടിമറിക്ക് സാദ്ധ്യതയുള്ളതിനാലാണ് റെയിൽവേ ബോർഡ് സി. ബി. അന്വേഷണം ശുപാർശ ചെയ്‌തതെന്ന് കരുതുന്നു.
പച്ച സിഗ്നൽ നൽകിയ ശേഷം പിൻവലിച്ചതെന്തിനാണെന്നോ, ട്രെയിൻ സിഗ്നൽ കടക്കുമ്പോൾ പച്ചയായിരുന്നോ ചുവപ്പായിരുന്നോ എന്നോ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നില്ല. അതിന് വിശദമായ അന്വേഷണം വേണ്ടിവരും. ലോക്കോ പൈലറ്റിന്റെ മൊഴി നിർണായകമാകുമെന്നാണ് റെയിൽ ബോർഡിന്റെ പ്രതീക്ഷ. അപകടത്തിൽ 275 പേർക്കാണ് ജീവൻ നഷ്‌ടമായത്. 1170 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |