
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇന്ത്യ കുറച്ചിരുന്നു. രാജ്യത്തെ എണ്ണക്കമ്പനികളുടെ ഈ തീരുമാനം ഗുണകരമായി മാറിയതാകട്ടെ ചൈനയ്ക്കും. അമേരിക്കയുടെ വിയോജിപ്പ് മുന്നില്‍ക്കണ്ട് റിലയന്‍സ് 2025 ഡിസംബറില്‍ എണ്ണ ഇറക്കുമതി അവസാനിപ്പിച്ചിരുന്നു. റിലയന്‍സിന്റെ തീരുമാനം ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണയുടെ വരവ് കുറച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കുറഞ്ഞ വിലയ്ക്ക് ചൈന റഷ്യയില്‍ നിന്ന് എണ്ണ സംഭരിക്കാന്‍ തുടങ്ങിയത്.
യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയനും അമേരിക്കയും ഏര്‍പ്പെടുത്തിയ ഉപരോധം തുടരുകയാണ്. ഈ സാഹചര്യത്തില്‍ തങ്ങളില്‍ നിന്ന് എണ്ണ വാങ്ങുന്നവര്‍ക്ക് വലിയ ഇളവുകളാണ് റഷ്യ നല്‍കുന്നത്. റഷ്യ ഏറ്റവും കൂടുതല്‍ ഇളവ് നല്‍കിയിരുന്നത് ഇന്ത്യയ്ക്കാണ്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള ഡിമാന്‍ഡ് കുറഞ്ഞത് അവരുടെ വരുമാനത്തെ ബാധിക്കുന്നുണ്ട്. നിലവില്‍ റഷ്യയുടെ പ്രധാന വരുമാന സ്രോതസ് എണ്ണയാണ്. ഈ സാഹചര്യത്തിലാണ് ചൈന കൂടുതല്‍ എണ്ണ ഇറക്കുമതിക്ക് തീരുമാനിച്ചത്.
ചൈനയുടെ റഷ്യന്‍ എണ്ണ വാങ്ങല്‍ ഏകദേശം മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണ്. ഇറാനിയന്‍ എണ്ണയേക്കാള്‍ കുറഞ്ഞ വിലയിലാണ് ചൈനയിലേക്കുള്ള ഈ അസംസ്‌കൃത എണ്ണ ഒഴുക്ക്. ഇത് ചൈനയ്ക്ക് വലിയ നേട്ടം നല്‍കുന്നുവെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ എണ്ണവാങ്ങല്‍ കുറഞ്ഞതാണ് ചൈനയ്ക്ക് ഇളവുകളുടെ വാതില്‍ തുറന്നത്. ഇന്ത്യയുടെ യുറല്‍സ് ക്രൂഡ് ഓയില്‍ ഇറക്കുമതി മാസംതോറും കുറഞ്ഞുവരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഇറക്കുമതി പ്രതിദിനം 9,29,000 ബാരലായിരുന്നു. ഇത് 2022 ഡിസംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |