തിരുവനന്തപുരം: എം.ജി സർവകലാശാലയിൽ മുൻ പി.വി.സിയായ പ്രൊഫ. സി.ടി.അരവിന്ദകുമാറിനെയും മലയാളം സർവകലാശാലയിൽ സംസ്കൃത സർവകലാശാലയിലെ മലയാളം പ്രൊഫസർ ഡോ.എൽ.സുഷമയെയും താത്കാലിക വി.സിമാരായി ഗവർണർ നിയമിച്ചു. എം.ജി വി.സിയായിരുന്ന പ്രൊഫ. സാബു തോമസ് വിരമിച്ച ഒഴിവിലാണ് നിയമനം. മലയാളം വാഴ്സിറ്റിയുടെ ചുമതലയും അദ്ദേഹത്തിനായിരുന്നു. എം.ജി വാഴ്സിറ്റിയിലെ എൻവയോൺമെന്റൽ സയൻസിലെ പ്രൊഫസറാണ് സി.ടി. അരവിന്ദകുമാർ.
സാബു തോമസിന് പുനർനിയമനം നൽകാനുള്ള സർക്കാർ ശുപാർശ ഗവർണർ തള്ളിയിരുന്നു. തുടർന്ന് ഡോ. സാബു തോമസ്, ഡോ. അരവിന്ദ കുമാർ, ഡോ. ജയചന്ദ്രൻ എന്നിവരെ ഉൾപ്പെടുത്തി സർക്കാർ നൽകിയ പാനലും തള്ളി. സാബു തോമസിന് പകരം എം.ജി യൂണിവേഴ്സിറ്റിയിലെ ഫിസിക്സ് പ്രൊഫസർ ഡോ. സുദർശന കുമാറിനെ ഉൾപ്പെടുത്തിയ പാനലിൽ നിന്നാണ് അരവിന്ദകുമാറിനെ നിയമിച്ചത്.
മലയാളം വാഴ്സിറ്റിയിൽ സ്കൂൾ ഒഫ് ലെറ്റേഴ്സിലെ പ്രൊഫസർ ഡോ.പി.എസ്. രാധാകൃഷ്ണന്റെ പേരാണ് സർക്കാർ നൽകിയത്. രാധാകൃഷ്ണൻ താരതമ്യേന ജൂനിയറാണെന്ന് ഗവർണർ വിലയിരുത്തി. ഇതേത്തുടർന്ന് പ്രൊഫസർമാരായ ഡോ. കൃഷ്ണൻ നമ്പൂതിരി, ഡോ.സുഷമ എന്നിവരെ പാനലിൽ ഉൾപ്പെടുത്തി. ഇതിൽ നിന്നാണ് ഡോ.സുഷമയെ നിയമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |