കോട്ടയം: വാഹനാപകടത്തിൽ മരിച്ച നടനും ഹാസ്യ താരവുമായ കൊല്ലം സുധിക്ക് വിട നൽകി കലാകേരളം. കോട്ടയം തോട്ടയ്‌ക്കാട് റിഫോംഡ് ആംഗ്ളിക്കൽ ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിൽ സംസ്‌കാരം നടന്നു. കോട്ടയം വാകത്താനത്തുള്ള പൊങ്ങന്താനം എം ഡി യു പി സ്‌കൂളിലും വാകത്താനം സെൻ്റ് മാത്യൂസ് പാരിഷ് ഓഡിറ്റോറിയത്തിലും നടന്ന പൊതുദർശനത്തിൽ ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.
തിങ്കളാഴ്‌ച പുലർച്ചെ തൃശൂർ കയ്‌പമംഗലത്തുണ്ടായ വാഹനാപകടത്തിലാണ് സുധി മരിച്ചത്. വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന്റെ കാർ എതിരെവന്ന പിക്കപ്പ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ ഉടൻ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സുധിയ്‌ക്കൊപ്പം കാറിലുണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കേറ്റു.
സിനിമ, ടെലിവിഷൻ കോമഡി ഷോകളിലൂടെയാണ് കൊല്ലം സുധി മലയാളികൾക്ക് പരിചിതനാകുന്നത്. 2015ൽ കാന്താരി എന്ന ചിത്രത്തിലൂടെ ചലച്ചിത്ര മേഖലയിലെത്തിയ സുധി കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപ്പാപ്പ, ആൻ ഇന്റർനാഷണൽ ലോക്കൽ സ്‌റ്റോറി,കേശു ഈ വീടിന്റെ നാഥൻ എന്നിവയടക്കം നിരവധി ചിത്രങ്ങളിൽ വേഷമിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |