തിരുവനന്തപുരം: സംസ്ഥാനത്ത് എ.ഐ ക്യാമറകൾ മിഴി തുറന്നപ്പോൾ ഇന്നലെ വൈകിട്ട് 5 വരെയുള്ള കണക്ക് പ്രകാരം പിഴയായി ഉറപ്പാക്കിയത് 5.66 കോടി രൂപ. തിങ്കളാഴ്ച രാവിലെ 8 മുതൽ ഇന്നലെ വൈകിട്ട് 5 വരെ കണ്ടെത്തിയത് 1,13,268 നിയമ ലംഘനങ്ങളാണ് . കൂടുതലും ഹെൽമെറ്റ്, സീറ്റ്ബെൽറ്റ് ധരിക്കാത്തത്. രണ്ട് കുറ്റത്തിനും 500 രൂപയാണ് പിഴ.
അതേസമയം പിഴ ചുമത്തലിന്റെ രണ്ടാം ദിനം ആദ്യ ദിനത്തെ അപേക്ഷിച്ച് ഗതാഗത നിയമ ലംഘനങ്ങൾ കുറഞ്ഞിട്ടുണ്ട്. രണ്ടാം ദിനം ഏറ്റവും കൂടുതൽ പിഴ തിരുവനന്തപുരം ജില്ലയിലും ഏറ്റവും കുറവ് ആലപ്പുഴജില്ലയിലുമാണ്.
തിങ്കളാഴ്ച രാവിലെ എട്ടു മുതൽ രാത്രി 12 വരെയുള്ള നിയമ ലംഘനം 63,851ആണ്. തിങ്കളാഴ്ച രാത്രി 12 മുതൽ ഇന്നലെ വൈകിട്ട് 5 വരെയുള്ള കണക്ക് 49,317ഉം. ആദ്യ ദിനം ഒരു മണിക്കൂറിലെ ശരാശരി നിയമ ലംഘനം 3990.68 ആണെങ്കിൽ ഇന്നലെ അത് 2901 ആയി കുറഞ്ഞു.രണ്ടു ദിവസങ്ങളിലായി 46,000 ചെലാൻ അയച്ചു.ഓൺലൈനായോ നേരിട്ടോ പിഴ ഒടുക്കാം. പരാതിയുള്ളവർക്ക് ജില്ലാ എൻഫോഴ്സ്മെന്റ് ആർ.ടി.ഒയെ സമീപിക്കാം. മൂന്നു മാസത്തിനുള്ള പിഴ അടച്ചില്ലെങ്കിൽ കോടതി നടപടികൾ നേരിടേണ്ടി വരും.
. നിയമം പാലിക്കുകയല്ലാതെ പിഴ ഒഴിവാക്കാൻ മാർഗ്ഗമില്ലെന്ന സന്ദേശവും ഫലപ്രദമായി. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ട്. ഒരേ നിയമ ലംഘനം ഒന്നിലധികം ക്യാമറകൾ കണ്ടെത്തിയാൽ വെവ്വേറെ പിഴ ഈടാക്കുമെന്നതും നിയമം പാലിക്കാൻ പ്രേരണയായി.തിങ്കളാഴ്ച കൂടുതൽ
നിയമ ലംഘനം കണ്ടെത്തിയത് വൈകിട്ട് 5 മുതൽ 8 മണി വരെയാണ്.
ഇന്നലെ പതിവ് പരിശോധനയ്ക്ക് ഇറങ്ങിയ സ്‌ക്വാഡുകൾക്ക് ഹെൽമെറ്റ് ,സീറ്റ് ബെൽറ്റ് നിയമ ലംഘനങ്ങൾ കാര്യമായി കണ്ടെത്താൻ കഴിഞ്ഞില്ല. ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാരിലും ഹെൽമെറ്റ് ഉപയോഗം കൂടിയിട്ടുണ്ട്.
അമിത വേഗം, അലക്ഷ്യമായ ഡ്രൈവിംഗ്, ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ് എന്നിവ കൂടി തടഞ്ഞാൽ സംസ്ഥാനത്തെ റോഡ് അപകടങ്ങൾ ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നാണ് നിഗമനം. ക്യാമറകൾ വഴി പിഴ ചുമത്താൻ തുടങ്ങിയതോടെ സേഫ് കേരള എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളെ ഇക്കാര്യങ്ങൾക്ക് വിന്യസിക്കാനാവുംങ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |