SignIn
Kerala Kaumudi Online
Thursday, 19 February 2026 1.34 AM IST

നിരന്തര വിവാദങ്ങൾ: കളങ്കമേറ്റ് എ​സ്.​എ​ഫ്.​ഐ​​; പ്ര​തി​രോ​ധ​ത്തി​ൽ ​ ​സി.​പി.​എം

Increase Font Size Decrease Font Size Print Page
sfi-and-cpm

തിരുവനന്തപുരം: ഒന്നിന് പിറകേ ഒന്നായി വിവാദങ്ങൾ വേട്ടയാടുന്നത് സി.പി.എം വിദ്യാർത്ഥി സംഘടനയായ എസ്.എഫ്.ഐയെ മാത്രമല്ല, പാർട്ടിയെയും പ്രതിരോധത്തിലാക്കുന്നു. ദേശീയാടിസ്ഥാനത്തിൽ വിദ്യാഭ്യാസ പ്രശ്നങ്ങൾ ഏറ്റെടുത്ത് പ്രക്ഷോഭ മുൻനിരയിൽ നിൽക്കുന്ന എസ്.എഫ്.ഐക്ക് കേരളത്തിലെ വിവാദങ്ങൾ വിശ്വാസ്യതാ ഭംഗം വരുത്തുമെന്നാണ് ആശങ്ക.

തിരുവനന്തപുരം ജില്ലയിൽ അടുത്തിടെയുണ്ടായ നിരവധി മാനക്കേടുകളുടെ ചൂടാറും മുമ്പാണ് എറണാകുളം മഹാരാജാസ് കോളേജിനെ ചുറ്റിപ്പറ്റിയും വിവാദമുയർന്നത്. വിദ്യാർത്ഥി സംഘടന അടിക്കടി വിവാദങ്ങളിൽ കുരുങ്ങുന്നത് കേരളത്തിലെ തുടർ ഭരണത്തിൽ സി.പി.എമ്മിന് പ്രതിസന്ധിയാവുന്നു. പരീക്ഷ എഴുതാതെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയെ പാസാക്കിയെന്ന ആക്ഷേപമാണുയർന്നത്. എന്നാൽ, പരീക്ഷാ ഫീസ് അടയ്ക്കുകയോ, എഴുതുകയോ ചെയ്യാത്ത താൻ പോലുമറിയാതെ നടന്ന തിരിമറിയാണ് ആരോപണത്തിന് പിന്നിലെന്നും, വകുപ്പ് മേധാവിയുടെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയാണെന്നുമാണ് ആർഷോയുടെ വാദം. ഇതിനെ മുഖവിലയ്ക്കെടുക്കാനാണ് സി.പി.എം നേതൃത്വവും തത്കാലം തീരുമാനിച്ചിരിക്കുന്നത്.

ആർഷോ മൂന്നാം സെമസ്റ്ററിൽ പുനഃപ്രവേശനം നേടി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തെന്ന് രാവിലെ പറഞ്ഞ കോളേജ് പ്രിൻസിപ്പൽ, ഉച്ച കഴിഞ്ഞ് നിലപാട് തിരുത്തിയത് എസ്.എഫ്.ഐക്ക് ആശ്വാസമായി. ആർഷോ ഫീസടയ്ക്കുകയോ രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി. നാഷണൽ ഇൻഫർമാറ്റിക് സെന്ററിന്റെ വെബ്സൈറ്റിന് സംഭവിച്ച പിഴവെന്നാണ് വാദം. ജയിലിലായി കോളേജിൽ പോകാനാവാതിരുന്ന താനെങ്ങനെ പരീക്ഷയെഴുതുമെന്ന ആർഷോയുടെ ചോദ്യം മുഖവിലയ്ക്കെടുത്താലും, ഇതേ കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകയായിരുന്ന പൂർവ്വ വിദ്യാർത്ഥി ഗസ്റ്റ് അദ്ധ്യാപികയാവാൻ വ്യാജരേഖ ചമച്ചെന്ന ആരോപണം എസ്.എഫ്.ഐയെ വെട്ടിലാക്കുന്നതാണ്.

 നാണക്കേടായ തലസ്ഥാനത്തെ ആൾമാറാട്ടം

തലസ്ഥാന ജില്ലയിൽ കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത എസ്.എഫ്.ഐ നേതാവ് ആൾമാറാട്ടം നടത്തി യൂണിയൻ കൗൺസിലർ സ്ഥാനത്തേക്ക് വിജയിച്ചതായി രേഖ ചമച്ചുള്ള ആൾമാറാട്ടം വരുത്തി വച്ച നാണക്കേട് ചെറുതല്ല. അതിന് മുമ്പാണ് എസ്.എഫ്.ഐ ജില്ലാ നേതൃത്വത്തിന്റെ വഴിവിട്ട പോക്കിൽ തിരുത്തൽ നടപടിക്ക് സംഘടനാ നേതൃത്വം നിർബന്ധിതമായത്. പാർട്ടി സംസ്ഥാന നേതൃത്വം ഇടപെട്ട് ,എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് പുതിയ അഡ്ഹോക് കമ്മിറ്റിയുണ്ടാക്കി. നേരത്തേ പി.എസ്.സി പരീക്ഷാ തട്ടിപ്പിന്റെ പേരിലും ജില്ലയിലെ എസ്.എഫ്.ഐ നേതാക്കൾ പ്രതിക്കൂട്ടിലായതാണ്.സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ കർശന തിരുത്തൽ നടപടികൾ സംഘടനയിൽ വന്നേക്കും.

TAGS: SFI AND CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY