ഇംഫാൽ: മണിപ്പൂർ കലാപത്തിനിടെ ജനക്കൂട്ടം കൊള്ളയടിച്ച 57 ആയുധങ്ങളും 318 വെടിക്കോപ്പുകളും അഞ്ച് ബോംബുകളും സുരക്ഷാ സേന കണ്ടെടുത്തു. ഇതോടെ കണ്ടെടുത്ത ആയുധങ്ങളുടെ എണ്ണം 868 ആയി. 11518 വെടിക്കോപ്പുകളും കണ്ടെടുത്തതായി സർക്കാർ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിംഗ് അറിയിച്ചു. അക്രമാസക്തരായ ജനക്കൂട്ടം സേനയുടെ 4000ത്തിലധികം ആയുധങ്ങൾ കൊള്ളയടിക്കുകയും അക്രമങ്ങൾക്കുപയോഗിക്കുകയും ചെയ്തു. രണ്ട് ഘട്ടങ്ങളിലായാണ് ആയുധങ്ങൾ കൊള്ളയടിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
മേയ് അവസാനത്തോടെ രണ്ടാം ഘട്ടത്തിൽ 2500ലധികം ആയുധങ്ങൾ പൊലീസ് ക്യാമ്പുകളിൽ നിന്നും ആയുധശാലകളിൽ നിന്നും കൊള്ളയടിക്കപ്പെട്ടു. എ.കെ 47 തോക്കും മോർട്ടാർ ബോംബുകളും ഇതിൽ ഉൾപ്പെടുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂർ സന്ദർശന വേളയിൽ ഈ ആയുധങ്ങൾ തിരികെയെത്തിക്കാൻ അഭ്യർത്ഥിച്ചിരുന്നു. തൊട്ടടുത്ത ദിവസങ്ങളിലായി 150ഓളം ആയുധങ്ങൾ തിരികെയെത്തിയിരുന്നു.
കർഫ്യൂവിന് ഇളവ്, ഇന്റർനെറ്റിന് നിരോധനം
അതേസമയം, ഇംഫാൽ ഉൾപ്പെടെ അഞ്ച് ജില്ലകളിൽ 12 മണിക്കൂർ കർഫ്യൂ ഇളവ് നല്കിയിട്ടുണ്ട്. ആറ് മലയോര ജില്ലകളിൽ നിലവിൽ കർഫ്യു ഇല്ല. ഇന്റർനെറ്റിനുള്ള നിരോധനം ഈ മാസം 12 വരെ നീട്ടി. എന്നാൽ, ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കുന്നത് പരിഗണിക്കണമെന്ന് മണിപ്പൂർ മനുഷ്യാവകാശ കമ്മിഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
'നീറ്റ്" സമാധനത്തോടെ
എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്‌സുകളിലേക്കുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) സമാധാനപരമായി നടന്നത് ശ്രദ്ധേയമായി. അമിത് ഷായുടെ സന്ദർശന വേളയിൽ നടന്ന യോഗത്തിലെ തീരുമാനമനുസരിച്ച് മന്ത്രിമാരും എം.എൽ.എമാരും പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും സമാധാനത്തിനും സാധാരണ നിലയിലെത്താൻ വേണ്ടി അഭ്യർത്ഥിക്കുകയും ചെയ്തുവരുന്നു. ഇന്ത്യൻ ആർമി, അസാം റൈഫിൾസ്, പൊലീസ് ഉൾപ്പെടെയുള്ള സുരക്ഷാ സേനകൾ വിവിധ സംഘടനകളും നേതാക്കളുമായി യോഗം നടത്തിവരുന്നു. പ്രദേശത്ത് പട്രോളിംഗ് ഉൾപ്പെടെയുള്ള സുരക്ഷാ നീക്കങ്ങൾ നടത്തുന്നുണ്ടെന്ന് സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിംഗ് അറിയിച്ചു. പ്രദേശവാസികളെ ഉപദ്രവിക്കാതെ ഓപ്പറേഷൻ നടത്തുന്നതിന് ശ്രദ്ധിക്കുന്നതായി സേന അറിയിച്ചു. തട്ടിയെടുത്ത ആയുധങ്ങൾ തിരികെ നൽകാൻ സേന നാട്ടുകാരോട് അഭ്യർത്ഥിച്ചു. മെയ്തി വിഭാഗത്തെ പട്ടിക വർഗ വിഭാഗത്തിൽപ്പെടുത്താനുള്ള നിർദ്ദേശത്തിനെതിരെ മേയ് മൂന്ന് മുതൽ മണിപ്പൂരിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |