വർക്കല: സോളാർ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മിഷന് അഞ്ച് കോടി നൽകിയത് ആരാണെന്ന് ജനങ്ങൾക്കറിയണമെന്നും അതേക്കുറിച്ച് ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്നും കെ.മുരളീധരൻ എം.പി. വർക്കലയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ നയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഞ്ച് കോടി കൊടുത്തെന്ന് പുറത്തുവിട്ടത് സെക്രട്ടേറിയറ്റ് വളയൽ സമരത്തിനിരുന്ന സി.പി.ഐ നേതാവ് സി.ദിവാകരനാണ്. അന്നതിന് കൂട്ടുനിന്നത് പിണറായി വിജയനാണ്. അതുകൊണ്ടുതന്നെ സോളാർ അന്വേഷണത്തിലെ വൃത്തികെട്ട നാടകം പുറത്തുകൊണ്ടുവരണം.
കോൺഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന് പ്രചരിപ്പിക്കുന്നവർക്ക് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയം കൊണ്ട് മറുപടി പറയും. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽതന്നെ കോൺഗ്രസ് തിരിച്ചുവരും. അദ്ദേഹത്തെ അധികകാലം പുറത്തു നിറുത്താനൊന്നും ബി.ജെ.പിക്കാവില്ല.
കോൺഗ്രസ് വർക്കല മണ്ഡലം കമ്മിറ്റി ഓഫീസും മുരളീധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സജി വേളിക്കാട് അദ്ധ്യക്ഷനായി. അടൂർ പ്രകാശ് എം.പി, വർക്കല കഹാർ, അഡ്വ.ബി.ആർ.എം ഷെഫീർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |