SignIn
Kerala Kaumudi Online
Monday, 29 December 2025 6.49 PM IST

യൂട്യൂബ് നോക്കി ക്രോഷേ പഠനം; ഇന്ന് മാസംതോറും ലഭിക്കുന്നത് നിരവധി ഓർഡറുകൾ, വീട്ടമ്മ സംരംഭകയായ കഥ

Increase Font Size Decrease Font Size Print Page
saifunnisa-

ഒരു മനുഷ്യന് സ്വന്തം അഭിപ്രായങ്ങൾ ധൈര്യത്തോടെ തുറന്നുപറയാനും ആത്മവിശ്വാസത്തോടെ ജീവിക്കാനും സ്വന്തമായി വരുമാനം ഉണ്ടാകണമെന്ന് പറയാറുണ്ട്. ഇത് ശരിയാണ്. പ്രത്യേകിച്ച് സ്‌ത്രീകളുടെ കാര്യത്തിൽ. കുടുംബത്തിന്റെ ചെലവ് മുഴുവൻ നോക്കുന്ന ഭർത്താവിനോട് സ്വന്തം ചെലവിനുള്ള പണം ചോദിക്കാൻ പല സ്‌ത്രീകൾക്കും മടിയാണ്. അത്തരത്തിലൊരാളായിരുന്നു മലപ്പുറം മേൽമുറി സ്വദേശിയായ സൈഫുന്നിസ.

തന്റെ എല്ലാ ആഗ്രഹങ്ങൾക്കും പിന്തുണ നൽകുന്ന ഭർത്താവിനെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാതിരിക്കാൻ എന്ത് ചെയ്യാമെന്ന ചിന്ത സൈഫുന്നിസയെ കൊണ്ടെത്തിച്ചത് സ്വന്തം ബിസിനസിലേക്കാണ്. ഇന്നത്തെ കാലത്ത് വീട്ടിൽത്തന്നെ ഒതുങ്ങിക്കൂടുന്ന പല സ്‌ത്രീകൾക്കും പ്രചോദനമാകുന്ന സൈഫുന്നിസയുടെ ജീവിതത്തെപ്പറ്റി വിശദമായറിയാം.

2

പഠനകാലം

മദ്രസ അദ്ധ്യാപകനായ സദക്കത്തുള്ളയുടെയും ഫാത്തിമയുടെയും മൂന്ന് മക്കളിൽ ഏറ്റവും ഇളയ കുട്ടിയായിരുന്നു സൈഫുന്നിസ. പഠിക്കാൻ ഏറെ ഇഷ്‌ടമുണ്ടായിരുന്നെങ്കിലും സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബമായിരുന്നു സൈഫുന്നിസയുടേത്. പത്താം ക്ലാസിൽ ട്യൂഷന് പോകാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും സാധിച്ചിരുന്നില്ല. എന്നിരുന്നാലും ഉയർന്ന മാർക്ക് നേടിയ സൈഫുന്നിസ സർക്കാർ സ്‌കൂളിൽ തന്നെ അഡ്‌മിഷൻ നേടി. വൊക്കേഷണൽ ഹയർ സെക്കൻഡറിയായിരുന്നു. ഇസിജി ആന്റ് ഓഡിയോമെട്രി കോഴ്‌സാണെടുത്തത്.

പഠിച്ചയുടൻ ജോലി വാങ്ങി കുടുംബത്തെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈഫുന്നിസ ഈ കോഴ്‌സ് പഠിച്ചത്. പ്ലസ് ടു കഴിഞ്ഞ് മഞ്ചേരി യൂണിറ്റി കോളേജിൽ ബോട്ടണി വിഷയത്തിൽ ഡിഗ്രിക്ക് അഡ്‌മിഷൻ ലഭിച്ചെങ്കിലും സാമ്പത്തിക പ്രശ്‌നം കാരണം പഠിക്കാനായില്ല. പിന്നീട് പല്ലുവേദനയായി പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജിൽ പോയപ്പോൾ ഇസിജി ആന്റ് ഓഡിയോമെട്രി കോഴ്‌സ് പഠിച്ചവർക്ക് അവസരമുണ്ടോയെന്ന് അന്വേഷിച്ചു. അങ്ങനെ വളരെ യാദൃശ്ചികമായി സൈഫുന്നിസയ്‌ക്ക് അവിടെ ജോലി ലഭിച്ചു. ജോലിയിൽ ഒരു വർഷം പൂർത്തിയാകുന്നതിന് മുമ്പായിരുന്നു പ്രവാസിയായ സിദ്ദിഖുമായുള്ള വിവാഹം. ഇതോടെ ജോലി നിർത്തി. മൂത്ത മകൻ മുഹമ്മദ് തൊയ്യിബിനെ ഗർഭിണിയായതോടെ നിരവധി ആരോഗ്യപ്രശ്‌നങ്ങളും സൈഫുന്നിസയെ അലട്ടിയിരുന്നു.

3

അപ്രതീക്ഷിതമായി ബിസിനസിലേക്ക്

വർഷങ്ങൾക്ക് ശേഷം രണ്ടാമത്തെ കുഞ്ഞ് ഫാത്തിമ അമ്‌ന ജനിച്ചു. ഈ സമയത്താണ് സ്വന്തമായി ഒരു വരുമാനം വേണമെന്ന തീവ്രമായ ആഗ്രഹം സൈഫുന്നിസയുടെ മനസിലേക്ക് വരാൻ തുടങ്ങിയത്. കൊവിഡ് കാലമായതും കുഞ്ഞുള്ളതിനാലും പുറത്തുപോയി ജോലി ചെയ്യുന്നത് സാധിക്കുമായിരുന്നില്ല. അങ്ങനെയിരിക്കെയാണ് ഫ്രീയായി ഓൺലൈൻ എംബ്രോയിഡറി ക്ലാസ് ഉണ്ടെന്നറിഞ്ഞത്. അതിൽ ചേർന്ന് പഠിച്ചു.

പിന്നീട് ആറ് മാസത്തെ ഓൺലൈൻ ഫാഷൻ ഡിസൈനിംഗ് കോഴ്‌‌സിലും പഠിക്കാനായി. ഭർത്താവ് സിദ്ദിഖ് ആണ് ആ സമയത്തും സൈഫുന്നിസയ്‌ക്ക് പൂ‌ർണ പിന്തുണയായി ഒപ്പം നിന്നത്. ഈ കോഴ്‌സിന്റെ ഭാഗമായിരുന്നു ക്രോഷേ നിർമാണവും. കൗതുകം തോന്നി ഇതിനെക്കുറിച്ച് യൂട്യൂബ് നോക്കി വിശദമായി പഠിച്ചു. അവസാന പ്രോജക്‌ടിന് ക്രോഷേ ഫ്രോക്ക് ഉണ്ടാക്കി. അത് സ്റ്റാറ്റസിട്ടതോടെയാണ് ആദ്യ ഓർഡർ സൈഫുന്നിസയെ തേടിയെത്തിയത്. പിന്നീട് തുടരെത്തുടരെ ഓർഡറുകൾ ലഭിക്കാൻ തുടങ്ങി. മറ്റ് ജില്ലകളിലുള്ളവരും ഓർഡർ ചെയ്യാൻ തുടങ്ങിയതോടെ ബിസിനസ് വിപുലമായി.

4

ക്രോഷേ വസ്‌ത്രങ്ങളുടെ വില

മൂന്നാമത്തെ മകൻ മുഹമ്മദ് അമൻ ജനിച്ചതോടെ എടുക്കുന്ന ഓർ‌ഡറുകളുടെ എണ്ണം താൽക്കാലികമായി കുറച്ചിട്ടുണ്ട്. പല വിലയ്‌ക്കും ക്രോഷേ വസ്‌ത്രങ്ങൾ ലഭ്യമാണ്. പ്രീമിയം ക്വാളിറ്റിയിലുള്ള നൂലുകളാണ് സൈഫുന്നിസ ഉപയോഗിക്കുന്നത്. ഏറെ സമയമെടുത്ത് കൈകൊണ്ടാണ് ഇവയുടെ നിർമാണം. ഈ വസ്‌ത്രങ്ങളുടെ നിറം മങ്ങുന്നതല്ല. പക്ഷേ, വാഷിംഗ് മെഷീനിൽ കഴുകാൻ പാടില്ല. വർഷങ്ങളോളം നിങ്ങൾക്ക് ഇത് ഉപയോഗിക്കാനാകും. കൂടുതലും കുട്ടികൾക്കുള്ള വസ്‌ത്രങ്ങളാണ് സൈഫുന്നിസ തുന്നുന്നത്.

തയ്യൽ പഠിച്ചിട്ടില്ലാത്ത, ഈ മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയായിരുന്നു സൈഫുന്നിസ. വളരെ അപ്രതീക്ഷിതമായാണ് ഈ മേഖലയിലേക്കെത്തിയത്. യൂട്യൂബ് നോക്കിയുള്ള പഠനത്തിലൂടെ ഇന്ന് സ്വന്തമായി വരുമാനം നേടാൻ സൈഫുന്നിസയ്‌ക്ക് സാധിക്കുന്നുണ്ട്. മാത്രമല്ല, ഓൺലൈനായും അല്ലാതെയും വർക്ക്‌ഷോപ്പുകളും നടത്തുന്നുണ്ട്. പണ്ട് പഠിക്കാനാഗ്രഹിച്ച മഞ്ചേരി യൂണിറ്റി കോളേജിലും ക്രോഷേ നിർമാണത്തെക്കുറിച്ച് കുട്ടികൾക്കുള്ള വർക്ക്‌ഷോപ്പ് ചെയ്യാൻ സൈഫുന്നിസയ്‌ക്ക് സാധിച്ചു. chrochemagic എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഓർഡറുകൾ സ്വീകരിക്കുന്നത്. നിലവിൽ ഇന്ത്യയിലെ തന്നെ വിവിധ സംസ്ഥാനങ്ങളിലുള്ളവർ ക്രോഷേ മാജിക്കിൽ നിന്നും വസ്‌ത്രങ്ങൾ വാങ്ങുന്നുണ്ട്.

1

TAGS: CHROCHEMAGIC, YOUTUBE, BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.