ന്യൂയോർക്ക് : നമുക്ക് ഏറെ സുപരിചിതമായ വാക്കാണ് ' ജംബോ '. ജംബോ ജെറ്റ് വിമാനം എന്നൊക്കെ കേട്ടിട്ടില്ലേ. ഭീമാകാരമായ എന്തിനെയും ജാംബോ എന്നാണ് പൊതുവേ പറയാറുള്ളത്. അടുത്തിടെയായി അരിക്കൊമ്പൻ എന്ന ആന വാർത്തകളിലെ നിറസാന്നിദ്ധ്യമാണ്. അരിക്കൊമ്പനെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് കേരളത്തിൽ.
ഇതിനിടെ ലോകത്തിന്റെ ഓമനയായി മാറിയ ഒരു കൊമ്പനാനയുടെ കഥയും ചരിത്രത്തിന്റെ താളുകളിൽ നിന്ന് വീണ്ടും ഉയർത്തെഴുന്നേൽക്കുകയാണ്. ' ജംബോ...' ! ആഫ്രിക്കയിൽ നിന്ന് പാരീസ്, ലണ്ടൻ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലെല്ലാം സഞ്ചരിച്ച് ഇപ്പോൾ സിനിമകളിലൂടെയും കഥകളിലൂടെയും ആരാധകരെ വിസ്മയിപ്പിക്കുന്ന ആന.
ആരാണ് ജംബോ ?
അമേരിക്കയിലെ പ്രശസ്തമായ ബാർനം ആൻഡ് ബെയ്‌ലീ സർക്കസിന്റെ ലോകപ്രശസ്തി ആർജ്ജിച്ച ആഫ്രിക്കൻ ആനയായിരുന്നു ജംബോ. 1860ൽ സുഡാനിൽ ഒരു ക്രിസ്‌മസ് ദിനത്തിലാണ് ജംബോ പിറന്നതെന്നാണ് കഥ. ജനിച്ചയുടൻ തന്നെ അവന്റെ അമ്മയെ വേട്ടക്കാർ കൊന്നു. വേട്ടക്കാർ കുഞ്ഞ് ജംബോയെ ലോറൻസോ കാസനോവ എന്ന ഇറ്റാലിക്കാരന് വിറ്റു.
ജംബോ ഉൾപ്പെടെ താൻ സ്വന്തമാക്കിയ മൃഗങ്ങളുമായി കാസനോവ ഈജിപ്‌റ്റിലെ സ്യൂസിലേക്കും പിന്നീട് മെഡിറ്ററേനിയൻ കടൽ കടന്ന് ഇറ്റലിയിലെ ട്രീയെസ്‌റ്റിലേക്കും പോയി. ജംബോയെ കാസനോവ ഒരു ജർമ്മൻകാരന് വിറ്റു. വൈകാതെ പാരീസിലെ ഒരു മൃഗശാലയിലേക്ക് ജംബോയെ കൈമാറി. 1865 ജൂൺ 26ന് ജംബോ ലണ്ടൻ മൃഗശാലയിലെത്തി. അവിടെ നിന്നാണ് ജംബോയ്ക്ക് തന്റെ പേര് ലഭിച്ചത്. അസാമാന്യ വലിപ്പമായിരുന്നു കാരണം.
ലണ്ടനിൽ മാത്യൂ സ്കോട്ട് എന്ന ജീവനക്കാരന്റെ മേൽനോട്ടത്തിലായിരുന്നു ജംബോയുടെ വളർച്ച. ജംബോയെ മിടുക്കനാക്കി തീർത്തത് സ്കോട്ടാണ്. ജംബോയെ അദ്ദേഹം സ്വന്തം മകനെ പോലെ കണ്ടു. വലിപ്പം മാത്രമല്ല നീണ്ട കൊമ്പുകളടക്കം എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയതായിരുന്നു ജംബോ. കരയിലെ ഏറ്റവും വലിയ ആനയെന്ന് ജംബോയെ വിശേപ്പിച്ച് തുടങ്ങി. ജംബോയുടെ ചുമലിലേറി സവാരി നടത്തുന്നത് പ്രൗഡിയുടെ പ്രതീകമായി. വിക്ടോറിയ രാജ്ഞിയുടെ മക്കളെ വരെ ജംബോയുടെ ചുമലിലേറ്റിയിട്ടുണ്ട്.
ലണ്ടനിൽ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കവെയാണ് ജംബോയെ ബാർനം ആൻഡ് ബെയ്‌ലീ സ്വന്തമാക്കിയത്. ജംബോയെ വിട്ടുകൊടുക്കാൻ മൃഗശാല അധികൃതർക്ക് താത്പര്യമില്ലാതിരുന്നിട്ടും സർക്കസ് കമ്പനിയുടെ ഉടമ പി.ടി ബാർനം ശക്തമായ സമ്മർദ്ദം ചെലുത്തുകയായിരുന്നു.
സ്കോട്ടിനെ വിട്ട് ന്യൂയോർക്കിലേക്ക് കപ്പൽ കയറാൻ ജംബോ വിസമ്മതിച്ചതോടെ സ്കോട്ടിനെയും ഒപ്പം കൂട്ടാൻ ബാർനം നിർബന്ധിതനായി. ജംബോ എത്തിയതോടെ ബാർനത്തിന്റെ വരുമാനം ഇരട്ടിയായി. വടക്കേ അമേരിക്കയിലുടനീളം ജംബോയുടെ ഷോകളിലൂടെ കമ്പനി പണംവാരിക്കൂട്ടി. ജംബോയ്ക്ക് 13 അടി ഉയരമുണ്ടെന്നായിരുന്നു ബാർനത്തിന്റെ അവകാശവാദം. എന്നാലിത് 11 അടിയോളമാണെന്നാണ് കരുതുന്നത്.
വിടവാങ്ങൽ
1885 സെപ്റ്റംബർ 15ന് കാനഡയിലെ ഒന്റേറിയോയിലെ സർക്കസ് ഷോ കഴിഞ്ഞായിരുന്നു ആ ദുരന്തം. സ്വന്തം ട്രെയിനിലായിരുന്നു സർക്കസ് കമ്പനി മൃഗങ്ങളുമായി സഞ്ചരിച്ചിരുന്നത്. രാത്രി ഷോ കഴിഞ്ഞ് മൃഗങ്ങളെ ഓരോന്നായി ഒരു പാളം മുറിച്ചു കടത്തി തൊട്ടടുത്ത പാളത്തിലുള്ള ട്രെയിനുള്ളിലേക്ക് കയറ്റുകയായിരുന്നു. ജംബോ ട്രെയിനിൽ കയറാൻ നീങ്ങവെ ആദ്യ പാളത്തിലൂടെ വന്ന ഒരു ഗുഡ്സ് ട്രെയിൻ പാഞ്ഞു വന്നിടിച്ചു.
തെറിച്ച് വീണ ജംബോയുടെ ചലനമറ്റു. പാളത്തിലുണ്ടായിരുന്ന ടോം തമ്പ് എന്ന കുട്ടിയാനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ജംബോയ്ക്ക് അപകടം സംഭവിച്ചതെന്നും കഥകളുണ്ട്. ജംബോയുടെ മൃതശരീരം ബാർനം സ്‌റ്റഫ് ചെയ്‌ത് പ്രദർശിപ്പിച്ചിരുന്നു. ഇത് പിന്നീട് ഒരു തീപിടിത്തത്തിൽ നശിച്ചു. ജംബോയുടെ അസ്ഥികൾ അമേരിക്കൻ മ്യൂസിയം ഒഫ് നാച്വറൽ ഹിസ്റ്ററിയിൽ സൂക്ഷിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |