രാഷ്ട്രീയപ്രവർത്തനവും കലാ,സാഹിത്യ പ്രവർത്തനവും ഒറ്റ വഴിയായി ചിന്തിക്കുന്ന കമ്മ്യൂണിസ്റ്റാണ് പിരപ്പൻകോട് മുരളി. നാടകവും കവിതയും ഗാനവും ഗ്രന്ഥശാലാപ്രവർത്തനവും പ്രഭാഷണവുമൊക്കെയായി സർഗസമൃദ്ധിയാൽ ധന്യമായ ജീവിതം. സ്വാതിതിരുനാളും സഖാവും പോലെ ശ്രദ്ധേയനാടകങ്ങളുടെ ശില്പി. നാടകസപര്യയുടെ ഷഷ്ടിപൂർത്തിനിറവിലെത്തി, നാളെ (ജൂൺ12) എൺപത് തികയ്ക്കുന്ന പിരപ്പൻകോട് മുരളി വാരാന്ത്യകൗമുദിയോട്:
നാടകലോകം ആരംഭിക്കുന്നതെങ്ങനെ?
പത്താം വയസ്സിൽ പിരപ്പൻകോട് യുവജനസമാജം വാർഷികാഘോഷത്തിന്റെ സമാപനത്തിന്, ചിറയിൽ സുകുമാരൻ നായരെഴുതിയ വെളിച്ചം അകലെയാണ് എന്ന നാടകത്തിൽ അന്ധനായ വൃദ്ധന്റെ ചെറുമകന്റെ വേഷത്തിൽ ആദ്യമായി അരങ്ങത്തെത്തി.
1972ൽ കോഴിക്കോട്ട് കെ.എസ്.വൈ.എഫിന്റെ രണ്ടാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന കലോത്സവത്തിൽ എ.കെ.ജിയുടെ നിർദ്ദേശപ്രകാരം തൊഴിലില്ലായ്മ വിഷയമാക്കിയും യൂത്ത് കോൺഗ്രസിനെ വിമർശിച്ചും യൗവ്വനത്തിന്റെ നൊമ്പരങ്ങൾ എന്ന നാടകമെഴുതി അവതരിപ്പിച്ചു. മുതലക്കുളം മൈതാനിയിലെ സമാപനയോഗത്തിൽ എ.കെ.ജി എന്നെ പേരെടുത്ത് പറഞ്ഞ് പ്രശംസിച്ചു. വെള്ളിക്കാശ് സമ്മാനിച്ചു. ഗൗരവത്തോടെയുള്ള ആദ്യനാടകം 1960ൽ പ്രീയൂണിവേഴ്സിറ്റിക്ക് പഠിക്കുമ്പോൾ എഴുതിയ ദാഹിക്കുന്ന മണ്ണ് ആണ്. വിമോചനസമരത്താൽ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പുറത്താക്കപ്പെട്ട ശേഷം നടന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ കമ്മ്യൂണിസ്റ്റ് പാർട്ടി പരാജയപ്പെട്ടെങ്കിലും നെടുമങ്ങാട്ട് പി.എസ്. നടരാജപിള്ളയെ പാർട്ടിയിലെ എൻ.എൻ. പണ്ടാരത്തിൽ തോല്പിച്ചു.പ്രചരണത്തിന് മുന്നിൽ നിന്ന ഞങ്ങൾ ചെറുപ്പക്കാർ പിരപ്പൻകോട്ടെ സ്റ്റാലിൻ മെമ്മോറിയൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ പണ്ടാരത്തിലിന് സ്വീകരണമൊരുക്കി.
സ്വീകരണയോഗത്തിൽ കലാപരിപാടിയായി എന്റെ നാടകമാവട്ടെയെന്ന് നിശ്ചയിച്ചു. അന്നവിടെ ഒരു കുടിയിറക്ക് നടന്നിരുന്നത് ഞങ്ങളിടപെട്ട് ഒഴിവാക്കിയ സംഭവം പ്രമേയമാക്കി നാടകമെഴുതി.
1966ൽ, ഒറ്റശേഖരമംഗലം സ്കൂളിൽ അദ്ധ്യാപകനായിരിക്കെ, നെയ്യാറ്റിൻകരയിലെ കലാതത്പരരായ കമ്മ്യൂണിസ്റ്റുകാരും ഒറ്റശേഖരമംഗലം ഹൈസ്കൂളിലെ അദ്ധ്യാപകരും ചേർന്ന് ചങ്ങമ്പുഴ തിയേറ്റേഴ്സിനായി അവതരിപ്പിച്ച സ്വപ്നശില്പികൾ ആണ് അടുത്തത്. ചൈനീസ് റവല്യുഷണറി ഓപ്പറയുടെ മാതൃകയിൽ കുട്ടനാടൻ കർഷകത്തൊഴിലാളി സമരം ചിത്രീകരിച്ചതാണ് 1969ലെ യാഗഭൂമി. എ.കെ.ജി അന്ന് തിരുവനന്തപുരത്തുണ്ട്. മിച്ചഭൂമിസമരത്തിന്റെ തുടക്കമാണ്. എ.കെ.ജിയെ ചെന്ന് കണ്ട് പറഞ്ഞപ്പോൾ അദ്ദേഹം ഗുരുഗോപിനാഥിനെ വിളിച്ച് എനിക്ക് വേണ്ട ഏർപ്പാട് ചെയ്യാൻ പറഞ്ഞു. ഗുരുഗോപിനാഥിന്റെ സംഘത്തിൽ അന്നെന്റെ നാട്ടുകാരനായിരുന്ന കലാമണ്ഡലം മുരളിയുണ്ട്. മൃണാളിനി സാരാഭായിയുടെ നൃത്തസംഘത്തിലൊക്കെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഒക്ടോബർ 13ന് വി.ജെ.ടി ഹാളിൽ നാടകമരങ്ങേറി.
കിഴക്കൻ ജർമനിയിലെ ചികിത്സ കഴിഞ്ഞ് ഇ.എം.എസ് മടങ്ങിയെത്തുന്ന ദിവസമാണ്. ഐക്യമുന്നണിക്കകത്ത് അഭിപ്രായഭിന്നതയുണ്ടായി കൂറുമുന്നണിയുണ്ടായി ഇ.എം.എസ് മന്ത്രിസഭയെ വീഴ്ത്താൻ ശ്രമിക്കുന്ന നിർണായകഘട്ടം. തിരക്കേറിയ ദിവസമായിട്ടും എ.കെ.ജിയെത്തി നാടകം ഉദ്ഘാടനം ചെയ്തു. എ.കെ.ജി എന്നെ പുകഴ്ത്തി സംസാരിച്ചത് പിറ്റേന്ന് പത്രങ്ങളിൽ വാർത്തയായി. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയിൽ പറഞ്ഞാൽ ഞാൻ ഇമ്മിണി ബല്യ ആളായി. 1970ൽ ചങ്ങമ്പുഴ കലാവേദിക്കായി എഴുതിയ നാടകമാണ് അഭയം. ഈ അഞ്ച് നാടകങ്ങളുടെയും സ്ക്രിപ്ട് ഇന്നെന്റെ കൈയിലില്ല. സുരേഷ് കുറുപ്പ് കേരളസർവകലാശാലാ യൂണിയൻ ചെയർമാനായപ്പോൾ ആക്കുളം യൂത്ത് സെന്ററിൽ നടത്തിയ നാടകക്യാമ്പിലേക്ക് വൈക്കം ചന്ദ്രശേഖരൻനായർ, നരേന്ദ്രപ്രസാദ്, പി.കെ. വേണുക്കുട്ടൻനായർ എന്നിവർക്കൊപ്പം എന്നെയും ക്ഷണിച്ചത് വഴിത്തിരിവായി.
സ്വാതി തിരുനാളിന്റെ പിറവി...
ഒ.എൻ.വി. കുറുപ്പ് സാർ വിരമിക്കുന്നതിന്റെ സ്വീകരണയോഗവുമായി ബന്ധപ്പെട്ടാണ്. തിരുവനന്തപുരം ജില്ലയിൽ വ്യക്തിപരമായി എന്നോട് അതൃപ്തിയുള്ളവരന്ന് പാർട്ടിയിലുണ്ടായിരുന്നു. ഇ.എം.എസിനോടും എ.കെ.ജിയോടും സി.എച്ച്. കണാരനോടുമൊക്കെയുള്ള എന്റെ അടുപ്പവും അവർക്കെന്നോടുള്ള വാത്സല്യവുമൊക്കെയാവാം കാരണം. ഞാനെഴുതിയ സിംഹാസനങ്ങൾ എന്ന കവിത യഥാർത്ഥത്തിൽ മണമ്പൂർ രാജൻബാബുവിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതിനെതിരെയായിരുന്നു. അത് കാട്ടായിക്കോണത്തിനെതിരാണെന്ന് ധരിച്ചു. എം.വി. രാഘവന്റെ ബദൽരേഖയും പാർട്ടി വിടലുമൊക്കെ അപ്പോഴാണ്. ഞാൻ രാഘവനൊപ്പം പോകുമെന്നാണ് ധരിച്ചത്. പക്ഷേ പോയില്ല. ജില്ലാ നേതൃത്വത്തിന് നിരാശയായി. അതാണ് കവിതയുടെ പേരിലുള്ള നടപടി. നടപടി നേരിട്ട് വീട്ടിലിരിക്കുമ്പോൾ, കലാകാരൻ രാഷ്ട്രീയക്കാരനായാൽ അനുഭവിക്കേണ്ടി വരുന്ന ആത്മസംഘർഷമെന്നെ മഥിച്ചു. അതാണ് സ്വാതിതിരുനാളിനെപ്പറ്റിയുള്ള നാടകമെഴുത്തിലെന്നെ എത്തിച്ചത്. അദ്ദേഹത്തിന് കലയും രാഷ്ട്രീയവുമുണ്ട്. നാടകമെഴുതി വേണുക്കുട്ടൻ നായരെ കാണിച്ചപ്പോൾ കമ്യൂണിസ്റ്റുകാരനായ നിങ്ങൾ രാജാവിനെപ്പറ്റി നാടകമെഴുതിയത് പുറത്ത് പറയേണ്ടെന്ന് പറഞ്ഞു. ഞാൻ ഒ.എൻ.വി സാറിനെ നാടകം കാണിച്ചു. അദ്ദേഹമപ്പോൾ ബോംബെയ്ക്ക് പോകാനൊരുങ്ങുന്നു. എൻ. കൃഷ്ണപിള്ള സാറിനെ കാണിക്കാനദ്ദേഹം പറഞ്ഞു. അങ്ങനെ കൃഷ്ണപിള്ളസാറിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് അത് അരങ്ങിലെത്തുന്നത്. അതോടെ പ്രൊഫഷണൽ നാടകരംഗത്ത് ഞാനറിയപ്പെട്ടു. ഇന്ദുലേഖ നോവലിനെ ആസ്പദമാക്കിയുള്ള നാടകവും ചങ്ങമ്പുഴയുടെ ജീവിതമായ സ്നേഹിച്ചു തീരാത്ത ഗന്ധർവ്വനുമൊക്കെ പിന്നീടെഴുതി.
സഖാവ് നാടകം
സഖാവിനെക്കുറിച്ച് നാടകമെഴുതിക്കൂടാ എന്നെന്നോട് പലരും പറഞ്ഞു. ചങ്ങമ്പുഴ ഗീതഗോവിന്ദം തർജ്ജമ ചെയ്യാൻ തുടങ്ങിയപ്പോൾ അത് ചെയ്താൽ തല പൊട്ടിത്തെറിക്കുമെന്ന് പറഞ്ഞത് പോലെ അന്ധവിശ്വാസമായിരുന്നു ഇതും. പക്ഷേ ഞാനെഴുതി. ഇ.എം.എസിനോട് പറഞ്ഞു. ധൈര്യമായി എഴുതാൻ പറഞ്ഞു. രചനയിലുടനീളം അദ്ദേഹത്തിന്റെ സഹായമുണ്ടായി. സഖാവിനെ നേരിൽ കണ്ടിട്ടുള്ളവരുമായി നേരിട്ട് സംസാരിച്ചാണ് ഒരുപാട് കാര്യങ്ങൾ ശേഖരിച്ചത്.
കണ്ണൂരിലെ എം.പി. നാരായണൻ നമ്പ്യാർ ആവശ്യപ്പെട്ട പ്രകാരമെഴുതിയ നാടകം അവതരിപ്പിച്ചത് കണ്ണൂർ സംഘചേതനയാണ്. പയ്യന്നൂർ ഉണ്ണികൃഷ്ണനാണ് സഖാവായത്. ജീവിതത്തിലെ ആദ്യത്തെ രാഷ്ട്രീയനാടകമാണ് സഖാവ്. എന്റെ ജീവചരിത്രനാടകങ്ങൾ ഒരാളുടെ ജീവചരിത്രമല്ല, ഒരു സമൂഹത്തിന്റെ ജീവചരിത്രമാണ്. ഇ.എം.എസിനെയും എ.കെ.ജിയെയും നായനാരെയും പറ്റി നാടകമെഴുതി.
ഇ.എം.എസിനെക്കുറിച്ചെഴുതാൻ ഇത്രയൊക്കെ പരത്തിപ്പറയണോയെന്ന് ഒരിക്കൽ കെ.ടി. മുഹമ്മദ് എന്നോട് ചോദിച്ചു. കെ.ടി എഴുതുമ്പോലെയല്ല ഞാൻ നാടകമെഴുതുന്നതെന്ന് മറുപടി നൽകി. എന്റെ ഓരോ നാടകത്തിന് പിന്നിലും ചരിത്രമുണ്ട്. സാമൂഹ്യലക്ഷ്യത്തോടെ മാത്രമേ എഴുതിയിട്ടുള്ളൂ. ലക്ഷ്യബോധമില്ലാതെ ആർക്കും കളിക്കാനും ചിരിക്കാനും വേണ്ടിയെഴുതിയിട്ടില്ല.
നിയമസഭാംഗമായിരിക്കെയുള്ള നാടകാനുഭവമില്ലേ...
ഉട്ടോപ്യ, വരരുചി എന്നീ രണ്ട് നാടകങ്ങൾ നിയമസഭാമന്ദിര ഉദ്ഘാടനത്തോടനുബന്ധിച്ചെഴുതി. വിദേശകമ്പോളത്തിന് നാട് തുറന്ന് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് വരരുചി. നാട്ടിലെ പ്രശ്നം പരിഹരിക്കാൻ വിദേശകമ്പോളങ്ങൾ സ്വീകരിക്കാമെന്ന വാദത്തെ ആക്ഷേപഹാസ്യരൂപത്തിൽ പഴയ വരരുചിയുടെ മിത്തുപയോഗിച്ച് വിമർശിച്ചതാണ്. നായനാരെയാണ് വരരുചിയായി ആലോചിച്ചത്. നായനാരുമായി ചർച്ച ചെയ്താണ് കഥയെടുത്തതും. പക്ഷേ അവസാനം നായനാരെ പാർട്ടിയിലെ കണ്ണൂർനേതാക്കൾ വിലക്കി. നായനാർ സങ്കടത്തോടെ പറഞ്ഞു, മുരളീ, താൻ നിരപരാധിയാണ്, അവരെല്ലാം എതിരാണ്, അതുകൊണ്ട് പറ്റില്ല എന്ന്. അങ്ങനെയാണ് കെ.ഇ. ഇസ്മായിലിനെ വേഷമേല്പിച്ചത്.
പഴശ്ശിരാജയിലേക്കെത്തിയപ്പോൾ...
കാളകൂടം എന്ന നാടകത്തിന്റെ പരാജയശേഷം കണ്ണൂർ സംഘചേതന തളർന്നിരിക്കുമ്പോൾ എന്നെക്കൊണ്ട് എഴുതിച്ചതാണ് പഴശ്ശിരാജ. ഞാനന്ന് കണ്ണൂരിൽ താമസിച്ചെഴുതിയതാണ്. പഴശ്ശിയുടെ കുടുംബക്ഷേത്രമായ മൃദംഗശൈലേശ്വരി ക്ഷേത്രത്തിലൊക്കെ പോയി. പഴശ്ശി പട നയിച്ച സ്ഥലം ഇന്ന് പൊലീസ് ക്യാമ്പാണ്. ഉയർന്ന പൊലീസുദ്യോഗസ്ഥനായിരുന്ന അലക്സാണ്ടർ ജേക്കബ് അന്നെന്നെയും കരിവെള്ളൂർ മുരളിയെയും പൊലീസ് ജീപ്പിൽ ഇവിടെയൊക്കെ കൊണ്ടുപോയി കാണിച്ചു.
തിരുവനന്തപുരം സംഘചേതന താങ്കളുടേതാണ്.കണ്ണൂർ സംഘചേതനയ്ക്ക് ഇതുമായി സാമ്യമെങ്ങനെയുണ്ടായി...
ഞാനിവിടെ സംഘചേതന തുടങ്ങിയശേഷം കണ്ണൂരിൽ കരിവെള്ളൂർ മുരളി സംഘചേതന തുടങ്ങി. അത് യാദൃശ്ചികമായി സംഭവിച്ചതാണ്. അന്ന് കണ്ണൂരിലെ വേണുഗോപാൽ എന്നൊരു ചെറുപ്പക്കാരൻ ഇ.എം.എസിന് ഒരു കത്തെഴുതി. തിരുവനന്തപുരം സംഘചേതന ഒരു മുതലാളിയുടെ വകയാണ്, അടിയന്തരമായി ആ പേര് മാറ്റിക്കണമെന്ന്. ഇ.എം.എസ് അതിന് മറുപടിയെഴുതി. അത് പിരപ്പൻകോട് മുരളി എന്ന കമ്മ്യൂണിസ്റ്റുകാരൻ കൊണ്ടുനടക്കുന്നതാണ് എന്ന്. ആ കത്തിപ്പോഴും എന്റെ കൈവശമുണ്ട്. കരിവെള്ളൂർ മുരളിയുമായി തുടക്കത്തിൽ ചെറിയൊരു ശീതസമരമുണ്ടായിരുന്നു.
പാർട്ടിയിലെ കണ്ണൂർ സുപ്രിമസി എന്നൊന്നുണ്ടല്ലോ. പിന്നീട് മുരളി അടുപ്പമായി. സജീവരാഷ്ട്രീയത്തോട് അകന്ന് നിൽക്കുമ്പോൾ പിരപ്പൻകോടിന്റെ മനസ്സ് ഓർമ്മിപ്പിക്കുന്നത്, ഒരിക്കൽ സ്വകാര്യസംഭാഷണത്തിൽ പി. ഭാസ്കരൻമാഷ് അദ്ദേഹത്തോട് പറഞ്ഞതാണ്: 'പാർട്ടിയംഗമായത് കൊണ്ട് മാത്രം ഒരാൾ കമ്മ്യൂണിസ്റ്റാവില്ല. അതൊരു വിശ്വാസവും ചിന്തയുമാണ്. ആ ചിന്തയുള്ളവന് എന്നും കമ്മ്യൂണിസ്റ്റാവാം."
(ലേഖകന്റെ ഫോൺ: 9946108241)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |