പ്രായം തോറ്റു.രാജ്യാന്തര അരങ്ങിലും തൃപ്പൂണിത്തുറ രാധാകൃഷ്ണന്റെ ഘടലയതരംഗം
വേദിയുടെ പിൻനിരയിലല്ല, മുൻനിരയിലാണ് ഘടം എന്നു തെളിയിച്ച് ഘടലയതരംഗവുമായി തൃപ്പൂണിത്തുറ രാധാകൃഷ്ണൻ രാജ്യാന്തര അരങ്ങുകളിലേക്ക്. മൃദംഗം, തബല, ഇടയ്ക്ക, ഗഞ്ചിറ, മുഖർശംഖ്, വയലിൻ, ഹാർമോണിയം, ഓടക്കുഴൽ തുടങ്ങിയവയ്ക്കു പുറമേ ചെണ്ടയും ഘടത്തിന് അകമ്പടിയാകുന്ന ഈ വേറിട്ട പരിപാടി പുതിയ തലമുറയും ഏറ്റെടുത്തുകഴിഞ്ഞു. നൂറിലേറെ വേദികളിൽ ഘടലയതരംഗം അവതരിപ്പിച്ചു. റഷ്യയിലേക്കാണ് അടുത്തയാത്ര.
ചുരുങ്ങിയത് പത്ത് വാദ്യോപകരണങ്ങൾ ഉണ്ടാകുമെന്നതിനാൽ തനിയാവർത്തനം ഉൾപ്പെടെയുള്ള ആരോഹണാവരോഹണങ്ങൾ ഘടലയതരംഗത്തെ ജനപ്രിയമാക്കുന്നു. സാരംഗി, സിതാർ, ഡോലക് തുടങ്ങിയ ഹിന്ദുസ്ഥാനി താളലയ തരംഗങ്ങൾ കൂടി അണിചേരുന്നതോടെ അരങ്ങ് വീണ്ടും കൊഴുക്കും. അസുരവാദ്യമായ ചെണ്ടയെ ഈ താളവലയത്തിൽ ഒതുക്കിനിർത്താനാകുമോ എന്നു സംശയിക്കേണ്ട. മേഘഗർജനമാകാൻ മാത്രമല്ല, മൃദുവാകാനും സാന്ത്വന സാമീപ്യമാകാനും ചെണ്ടയ്ക്കു കഴിയുമെന്ന് രാധാകൃഷ്ണൻ പറയുന്നു. കഥകളിസംഗീതത്തെ ജനപ്രിയമാക്കിയ മൺമറഞ്ഞ കലാകാരൻ കലാമണ്ഡലം ഹൈദരലി ഉൾപ്പെടെയുള്ളവർക്കൊപ്പം ചെണ്ടവിദ്വാൻ മട്ടന്നൂർ ശങ്കരൻകുട്ടി പലവട്ടം ഇതു തെളിയിച്ചിട്ടുണ്ട്; ഇപ്പോൾ ഘടലയതരംഗത്തിലും.
മൃദംഗത്തിൽ ബിരുദാനന്തര ബിരുദം നേടി ഘടത്തിൽ പ്രശസ്തനായ തൃപ്പൂണിത്തുറ രാധാകൃഷ്ണൻ തുടക്കം മുതൽ സഞ്ചരിച്ചത് വേറിട്ട വഴികളിലൂടെ ആയിരുന്നു. മൃദംഗത്തിൽ പഠിപ്പിക്കുന്നതൊക്കെ അമ്മ വെള്ളം കോരിവയ്ക്കുന്ന കുടത്തിൽ പ്രയോഗിക്കുന്ന മകനു നേർക്കു വടിയെടുക്കാത്ത മൃദംഗ വിദ്വാനായ അച്ഛനായിരുന്നു ഏറ്റവും വലിയ വരം. ഗുരുവും തൃപ്പൂണിത്തുറ ആർ.എൽ.വിയിലെ ആദ്യ മൃദംഗ അദ്ധ്യാപകനുമായിരുന്ന അച്ഛൻ നാരായണ സ്വാമി ഇതു പ്രോത്സാഹിപ്പിക്കുകയും തെറ്റുകൾ തിരുത്തുകയും ചെയ്തപ്പോൾ ആത്മവിശ്വാസം കൂടി. അച്ഛന്റെ സഹോദരിയുടെ മകനും ഘടം വിദ്വാനുമായിരുന്ന തൃപ്പൂണിത്തുറ മഹാദേവന്റെ വീട്ടിലെത്തുമ്പോഴാണ് ഘടം കിട്ടിയിരുന്നത്. മകന്റെ താത്പര്യം ബോദ്ധ്യമായതോടെ, തന്റെ സുഹൃത്തായ ഘടം വിദ്വാൻ ആലപ്പുഴ ഗോപിയുടെ പിതാവ് സംഗീതവിദ്വാനായിരുന്ന ആലപ്പുഴ രാമപ്രഭുവിൽ നിന്നൊരു ഘടം സംഘടിപ്പിച്ച് അച്ഛൻ നല്കി. മൃദംഗവും ഘടവും മാത്രമല്ല, ഗഞ്ചിറയും നാലാംവയസുമുതൽ രാധാകൃഷ്ണന് ഒരുപോലെ വഴങ്ങുന്നു. മൂന്നും ഒന്നിനൊന്നു വ്യത്യസ്തമാണെങ്കിലും ബുദ്ധിമുട്ടു തോന്നിയിട്ടില്ല. നാലാം ക്ലാസിൽ പഠിക്കുമ്പോൾ മരട് തുരുത്തി ക്ഷേത്രത്തിൽ ബന്ധു രാജനയ്യരുടെ കച്ചേരിക്ക് മൃദംഗം വായിച്ച അച്ഛനൊപ്പം ഗഞ്ചിറ വായിച്ചായിരുന്നു അരങ്ങേറ്റം.
പഴമകൾ കൈവിടാതെ പുതിയ പരീക്ഷണങ്ങൾ നടത്തി യുവതലമുറയെയും ചേർത്തുനിറുത്തണമെന്ന ആശയത്തിൽ നിന്നാണ് ഘടലയതരംഗം ചിട്ടപ്പെടുത്തിയതെന്ന് രാധാകൃഷ്ണൻ പറയുന്നു. ഇന്ന് 66ാം വയസിലും പ്രിയപ്പെട്ട വാദ്ധ്യോപകരണങ്ങളിൽ സാധകം ചെയ്യുന്നത് കൗമാരക്കാരന്റെ കൗതുകത്തോടെ.
യേശുദാസിനൊപ്പം
ആയിരത്തിലേറെ വേദികൾ
ഗാനഗന്ധർവൻ ഡോ. കെ. ജെ യേശുദാസിന്റെ ആയിരത്തിലേറെ സംഗീതസദസുകളിൽ ഘടം വായിക്കാൻ കഴിഞ്ഞതാണ് ജീവിതത്തിലെ മഹാപുണ്യമെന്ന് രാധാകൃഷ്ണൻ വിശ്വസിക്കുന്നു. യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫും രാധാകൃഷ്ണന്റെ അച്ഛൻ നാരായണസ്വാമിയും തമ്മിലുള്ള സൗഹൃദമാണ് ഇതിനു നിമിത്തമായത്. അഗസ്റ്റിൻ ജോസഫ് നാടകങ്ങളിൽ പാടി അഭിനയിക്കുന്ന കാലത്ത് നാരായണസ്വാമിയാണ് മൃദംഗം വായിച്ചിരുന്നത്.
1976 ജനുവരി 28ന് എറണാകുളം വളഞ്ഞമ്പലത്തിൽ കച്ചേരി നടത്താൻ യേശുദാസ് എത്തിയപ്പോൾ മൃദംഗവിദ്വാൻ മാവേലിക്കര കൃഷ്ണൻകുട്ടി നായരാണ് രാധാകൃഷ്ണനെ പരിചയപ്പെടുത്തിയത്. സ്വാമിയുടെ മകനാണെന്നും നന്നായി ഘടം വായിക്കുമെന്നും പറഞ്ഞപ്പോൾ, എങ്കിൽ ഫോർട്ട്കൊച്ചി അധികാരിവളപ്പ് പള്ളിയിലെ കച്ചേരിക്ക് വായിക്കട്ടെ എന്നായിരുന്നു യേശുദാസിന്റെ മറുപടി. അങ്ങനെ അതേവർഷം മാർച്ച് 31ന് രാധാകൃഷ്ണന്റെ 19ാം വയസിൽ യേശുദാസിനൊപ്പം അധികാരിവളപ്പ് പള്ളിയിൽ തുടങ്ങിയ സംഗീതയാത്ര ഇന്നും തുടരുന്നു. മൃദംഗവിദ്വാൻ കൃഷ്ണൻകുട്ടി നായരും വയലിൻ വിദ്വാൻ സുബ്രഹ്മണ്യ ശർമ്മയുമാണ് ആദ്യവേദിയിൽ ഒപ്പമുണ്ടായിരുന്നത്. സ്വന്തം അനുജനെ പോലെയാണ് യേശുദാസ് കാണുന്നത്. അമേരിക്കയിൽ നിന്ന് ആഴ്ചയിൽ ഒരുദിവസമെങ്കിലും വിളിക്കാറുമുണ്ട്.
ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, ഡോ. ബാലമുരളീകൃഷ്ണ, എം.ഡി.രാമനാഥൻ, എം.എൽ. വസന്തകുമാരി, ശീർകാഴി ഗോവിന്ദരാജൻ, കെ.വി.നാരായണ സ്വാമി, ഡോ. എൽ. സുബ്രഹ്മണ്യം (വയലിൻ) തുടങ്ങിയ പ്രഗത്ഭരുടെ സംഗീതസദസുകളിലും ഘടം വായിക്കാൻ ഭാഗ്യം ലഭിച്ചു. പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ (പുല്ലാങ്കുഴൽ), കദ്രി ഗോപാൽനാഥ് (സാക്സോഫോൺ), പ്രവീൺ ഗോൽഖിണ്ഡി (പുല്ലാങ്കുഴൽ) തുടങ്ങിയവർക്കൊപ്പമുള്ള ഹിന്ദുസ്ഥാനി വേദികളും അത്യപൂർവ സൗഭാഗ്യമായി കരുതുന്നു.
പഠിക്കാം, ഏതു പ്രായത്തിലും
അഞ്ചുവയസുകാരനും 65 വയസുകാരനും ശിഷ്യരായുണ്ട്. വിദേശരാജ്യങ്ങളിൽ നിന്ന് ഓൺലൈനിൽ അഭ്യസിക്കുന്നവരുമുണ്ട്. അഭിരുചിയും അർപ്പണബോധവും സാധകവുമാണ് പ്രധാനം. ഓരോ ശിഷ്യനെയും മനസിലാക്കി അവർക്കിണങ്ങുംവിധം പാഠങ്ങൾ ചിട്ടപ്പെടുത്തുകയും പരിശീലിപ്പിക്കുകയും വേണം. വീട്ടിലാണെങ്കിൽ പൂജാകർമങ്ങളോടെയാണ് ഒരു ദിവസം തുടങ്ങുക. ലോകത്ത് എവിടെയാണെങ്കിലും പ്രാർത്ഥന മുടക്കാറില്ല. വൈകുന്നേരങ്ങളിൽ സാധകവും യോഗയും നിർബന്ധം.
മനസിലെ പിരിമുറുക്കം അകലുകയും ശുഭചിന്തകൾ നിറയുകയും ചെയ്യും. എല്ലാ പ്രോത്സാഹനവും നൽകുന്ന, സംഗീതാസ്വാദകയായ ഭാര്യ ലളിതയാണ് ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത്. വേദികളിൽ നിന്ന് വേദികളിലേക്ക് തിരക്കിട്ട് ഓടുമ്പോഴും ദിവസങ്ങളോളം വീട്ടിൽ നിന്നു വിട്ടുനിൽക്കേണ്ടിവരുമ്പോഴും എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കുന്നു. ചിത്രകാരിയും എഴുത്തുകാരിയുമായ മകൾ രമ്യ കൃഷ്ണൻ കുടുംബത്തോടൊപ്പം ലണ്ടനിലാണ്. കൊച്ചുമകൾ ലയ സ്വാമിനാഥൻ. ബംഗളൂരുവിൽ ഉദ്യോഗസ്ഥനും ഗായകനുമായ മകൻ ആർ.കെ.രഞ്ജിത്ത് സ്റ്റേജ് പരിപാടികളിൽ പങ്കെടുക്കാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |