വാഷിംഗ്ടൺ: ത്രിദിന സന്ദർശത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രൗഡോജ്ജ്വല സ്വീകരണമാണ് വൈറ്റ് ഹൗസിൽ നൽകിയത്. പ്രസിഡന്റ് ജോ ബൈഡൻ മോദിക്കായി ഒരുക്കിയ അത്താഴത്തിൽ ലോകത്തെ പ്രമുഖ വ്യവസായികൾ പങ്കെടുത്തു.
വൈറ്റ് ഹൗസിൽ ഒരുക്കിയ വിരുന്നിൽ ആപ്പിൾ സിഇഒ ടിം കുക്ക്, ആൽഫബറ്റ് സിഇഒ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റ് മേധാവി സത്യ നാദെല്ല തുടങ്ങിയ പ്രമുഖരും ബില്ലി ജീൻ കിംഗ്, റാൽഫ് ലോറൻ എന്നിവരുൾപ്പെടെയുള്ള സെലിബ്രിറ്റികളും പങ്കെടുത്തു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാൻ മുകേഷ് അംബാനി, ജനറൽ ഇലക്ട്രിക് കമ്പനി സിഇഒ ലാറി കൽപ്പ്, ബോയിംഗ് കമ്പനി സിഇഒ ഡേവിഡ് കാൽഹൗൺ, ബെയിൻ ക്യാപിറ്റലിന്റെ ജോഷ് ബെക്കൻസ്റ്റീൻ, ഫ്ലെക്സ് സിഇഒ രേവതി അദ്വൈതി, കൂടാതെ ഓപ്പൺഎഐയുടെ സാം ആൾട്ട്മാനും പ്രധാനമന്ത്രി മോദിയ്ക്കായി ഒരുക്കിയ ആഡംബര വിരുന്നിൽ പങ്കെടുത്തു.
ചടങ്ങിൽ പ്രമുഖ അമേരിക്കൻ ചലച്ചിത്ര നിർമാതാവ് എം. നൈറ്റ് ശ്യാമളൻ, നെറ്റ്ഫ്ലിക്സ് ചീഫ് കണ്ടന്റ് ഓഫീസർ ബേല ബജാരിയ, മാദ്ധ്യമ പ്രവർത്തകൻ ജെയിംസ് മർഡോക്ക് എന്നിവരും വിരുന്നിൽ പങ്കെടുത്ത പ്രമുഖരിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ ദിവസം നടന്ന വിരുന്നിൽ ലോകമെമ്പാടുമുള്ള വ്യവസായികളെ ഉൾപ്പെടുത്തിയത് നയതന്ത്ര, സാമ്പത്തിക ഇടപെടലുകൾ വർദ്ധിപ്പിക്കുന്നതിനുള്ള ബൈഡന്റെ ശ്രമമാണെന്നാണ് റിപ്പോർട്ട്. അമേരിക്കയുടെ നിർമാണ, സാങ്കേതിക പങ്കാളിയായി ഇന്ത്യയെ സ്ഥാപിക്കാനുള്ള മോദിയുടെ ശ്രമങ്ങളാണ് ഇതിലൂടെ എടുത്ത് കാട്ടുന്നത്.
സസ്യാഹാരിയായ മോദിയ്ക്കായി പ്രഥമ വനിത ജിൽ ബൈഡന്റെ നേതൃത്വത്തിൽ കാലിഫോർണിയയിലെ സാക്രമെന്റോയിലെ ഗസ്റ്റ് ഷെഫ് നീന കർട്ടിസാണ് വിഭവങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. അതിഥികൾക്കായി മാരിനേറ്റഡ് മില്ലറ്റും ഗ്രിൽ ചെയ്‌ത കോൺ കേർണൽ സാലഡും കംപ്രസ് ചെയ്‌ത തണ്ണിമത്തനും സ്റ്റാർട്ടേഴ്സായി ഒരുക്കിയിരുന്നു.
മെയിൻ കോഴ്സായി സ്റ്റഫ് ചെയ്ത പോർട്ടോബെല്ലോ മഷ്‌റൂമുകളും കുങ്കുമപ്പൂവ് കലർന്ന ക്രീമി റിസോട്ടോയും ഉൾപ്പെടുന്നു. മധുരത്തിനായി, അതിത്ഥികൾക്ക് റോസാപ്പൂവും ഏലക്കയും കലർന്ന സ്ട്രോബെറി ഷോർട്ട്കേക്ക് പ്രത്യേകമായി ഒരുക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |