SignIn
Kerala Kaumudi Online
Saturday, 25 April 2026 3.55 PM IST

ഇത്രയ്ക്കാകരുത് കെടുകാര്യസ്ഥത

Increase Font Size Decrease Font Size Print Page

photo

തലസ്ഥാന നഗരിയിൽ ആനയറയിൽ മൂന്നുമാസത്തിലധികമായി നൂറോളം വീട്ടുകാരുടെ സഞ്ചാരസ്വാതന്ത്ര്യ‌ം തടഞ്ഞുകൊണ്ട് തുടരുന്ന പൈപ്പ് പ്രതിസന്ധിക്ക് ഇനിയും പരിഹാരമായിട്ടില്ല. പൈപ്പ് മണ്ണിനടിയിൽ കുഴിച്ചിടാൻ ഉപയോഗിക്കുന്ന യന്ത്രത്തിന്റെ കേടായ ഭാഗത്തിനു പകരമായി ചൈനയിൽനിന്ന് ഇറക്കുമതിചെയ്ത റൊട്ടേഷൻ കിറ്റ് കഴിഞ്ഞ ശനിയാഴ്ച ഡൽഹിയിലെത്തിയതാണെങ്കിലും കസ്റ്റംസിന്റെ ക്ളിയറൻസ് ലഭിക്കാൻ വൈകിയതിനാൽ എടുക്കാൻ കഴിഞ്ഞില്ലത്രേ. രണ്ട് സുപ്രധാന ചോദ്യങ്ങൾ ഉയർത്തുന്നതാണ് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികൾ. നൂറ്റിയഞ്ചു ദിവസമായി വീടുകൾക്കു മുൻപിൽ നെടുനീളത്തിലിട്ടിരിക്കുന്ന കൂറ്റൻ പൈപ്പുകൾ ഭൂമിക്കടിയിൽ സ്ഥാപിക്കുന്ന ഘട്ടത്തിലാണോ യന്ത്രത്തിന്റെ മോട്ടോർ ഭാഗം പ്രവർത്തനരഹിതമായത്. രാജ്യത്തൊരിടത്തും അതിനു പകരം വയ്ക്കാൻ പര്യാപ്തമായ യന്ത്രഭാഗം ലഭ്യമാകില്ലേ? ചൈനയിൽ മാത്രമാണ് റൊട്ടേഷൻ കിറ്റ് നിർമ്മിക്കുന്നതെങ്കിൽ രാജ്യത്ത് മറ്റു നഗരങ്ങളിൽ ഇതുപോലുള്ള സ്വീവേജ് പണിക്ക് ഏതുതരം യന്ത്രങ്ങളാണ് ഉപയോഗിക്കാറുള്ളത് ? മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള അതിസങ്കീർണമായ വിക്ഷേപണ വാഹനങ്ങളും നൂതനമായ ഉപഗ്രഹങ്ങളും നിർമ്മിക്കാൻ ശേഷിയുള്ള രാജ്യത്ത് മണ്ണുതുരന്ന് പൈപ്പ് താഴ്‌ത്താൻ പറ്റുന്ന യന്ത്രഭാഗം ചൈനയിൽ നിന്ന് എഴുന്നെള്ളാനായി ഇത്രയധികം കുടുംബങ്ങളെ കഷ്ടപ്പെടുത്തേണ്ടതുണ്ടോ?

വാട്ടർ അതോറിട്ടിയുടെ മൂക്കിനു താഴെയുള്ള ഒരു പ്രദേശത്താണ് ഈ തോന്ന്യാസം നടക്കുന്നതെന്നോർക്കണം. മന്ത്രി ഉൾപ്പെടെ ഉത്തരവാദിത്വബോധമുള്ള ആരും എന്തുകൊണ്ടാണ് ജനങ്ങളുടെ ദുരിതം തീർക്കാൻ പ്രശ്നത്തിൽ ഇടപെടാത്തത്. സർക്കാർകാര്യം മുറപോലെ എന്നമട്ടിൽ കാണേണ്ട പ്രശ്നമല്ലിത്. സ്ഥലവാസികൾ സാഹസിക നടപടികൾക്കൊന്നും മുതിരുന്നില്ലെന്നു കരുതി പണി എത്രകാലവും നീട്ടിക്കൊണ്ടുപോകാമെന്ന വിചാരമാണോ ഈ അനാസ്ഥയ്ക്കു പിന്നിൽ? സന്ദർഭത്തിന്റെ ഗൗരവം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥർക്ക് കഴിയാത്തതെന്തുകൊണ്ടാണ്. ശനിയാഴ്ച ഡൽഹി വിമാനത്താവളത്തിൽ യന്ത്രഭാഗം എത്തുമെന്ന് മുൻകൂട്ടി അറിയാമായിരുന്ന ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ പൂർത്തിയാക്കി കൈയോടെ അത് ഏറ്റുവാങ്ങാൻ ശ്രമിക്കേണ്ടതായിരുന്നു. കസ്റ്റംസ് ക്ളിയറൻസ് വൈകാതെ നോക്കാൻ ഉദ്യോഗസ്ഥർ വിചാരിച്ചാൽ സാധിക്കില്ലേ? സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്കായി ഡൽഹിയിൽ എത്രയോ ഉദ്യോഗസ്ഥരാണു പ്രവർത്തിക്കുന്നത്. അവരൊക്കെ അവിടെ എന്താണ് ചെയ്യുന്നത്? ഡൽഹിയിലെത്തുന്ന മന്ത്രിമാരുടേയും വി.ഐ.പികളുടേയും കാര്യങ്ങൾ നോക്കുക മാത്രമാണോ ഇവരുടെ ചുമതല. വാട്ടർ അതോറിട്ടിക്കു വേണ്ടി ഇറക്കുമതിചെയ്ത ഒരു യന്ത്രഭാഗം യഥാസമയം വിട്ടുകിട്ടാൻ ഇവരിലാരെങ്കിലും മനസുവച്ചാൽ സാധിക്കില്ലേ? ജനം എത്രതന്നെ ബുദ്ധിമുട്ടിയാലും തങ്ങൾക്ക് അതിലൊന്നും വലിയ കാര്യമില്ലെന്ന ഉദ്യോഗസ്ഥ മനോഭാവമാണ് ഇവിടെ പ്രകടമാകുന്നത്. ഒരു പ്രദേശത്തു വസിക്കുന്ന മുഴുവൻ വീട്ടുകാരെയും ബന്ദികളാക്കുന്ന പൈപ്പ് ബന്ധനം അനിശ്ചിതമായി തുടരുന്നതിന് ഇതല്ലാതെ വേറെ വിശദീകരണമൊന്നുമില്ല.

പൈപ്പ് ഇടുന്നതിന്റെ കരാറെടുത്ത കമ്പനി വീടുകൾക്കു മുമ്പിൽ പൈപ്പ് നിരത്തി സ്ഥലംവിട്ടിട്ടും അധികൃതർ മൂന്നുമാസത്തോളം കണ്ടഭാവം കാണിച്ചില്ല. മാദ്ധ്യമങ്ങൾ സ്ഥലവാസികളുടെ ദുരിതം വാർത്തയാക്കിയപ്പോഴാണ് അവർ ഉണർന്നത്. ഭൂമി തുരക്കലും പൈപ്പ് സ്ഥാപിക്കലുമൊക്കെ വാട്ടർ അതോറിട്ടിക്കു കീഴിൽ സ്ഥിരമായി നടക്കുന്ന പണിയാണ്. ഒരു യന്ത്രത്തിനു കേടുപറ്റിയാൽ പണി മാസങ്ങളോളം മുടങ്ങുന്നത് കേട്ടുകേൾവിയില്ലാത്തതാണ്. ജനങ്ങളെ വിഡ്ഢികളാക്കുന്ന ന്യായങ്ങളാണ് ആനയറയിലെ പൈപ്പിടലുമായി ബന്ധപ്പെട്ട് വാട്ടർ അതോറിട്ടി ജനങ്ങൾക്ക് മുമ്പാകെ നിരത്തുന്നത്. ഉത്തരവാദിത്വമില്ലായ്മയ്ക്കൊപ്പം സമ്പൂർണ കെടുകാര്യസ്ഥത കൂടിയായപ്പോൾ സ്ഥലവാസികൾ പെട്ടുപോയെന്നു പറഞ്ഞാൽ മതിയല്ലോ.

TAGS: HUGE DRAINAGE PIPE BLOCKED IN ANAYARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.