ന്യൂഡൽഹി: ഡൽഹി സർവകലാശാലയുടെ നൂറാം വാർഷികത്തിന്റെ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിനോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് പ്രത്യേക നിർദേശങ്ങളുമായി കോളേജുകൾ. നാളെയാണ് ചടങ്ങ് നടക്കുന്നത്.
ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവരുടെയും ഒപ്പുകൾ ശേഖരിച്ച് ഡൽഹി സർവകലാശാലയ്ക്ക് അയക്കുമെന്ന് സക്കീർ ഹുസൈൻ കോളേജ് വ്യക്തമാക്കി. പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അധികമായി ഹാജർ നൽകുമെന്ന് ഹിന്ദു കോളേജും അറിയിച്ചു. കറുത്ത വസ്‌ത്രങ്ങൾ ധരിക്കരുതെന്ന് ഹിന്ദു കോളേജിലെ വിദ്യാർത്ഥികൾക്കും സ്റ്റാഫിനും നിർദേശമുണ്ട്. ചടങ്ങിൽ പങ്കെടുക്കുന്നത് കർശനമാക്കിയിരിക്കുകയാണ് ബി ആർ അംബേദ്‌കർ കോളേജ്. ചടങ്ങിൽ ആരൊക്കെ പങ്കെടുത്തുവെന്ന് പരിശോധിക്കുന്നതിനായി അറ്റൻഡൻസ് ഷീറ്റ് ഉണ്ടാക്കാൻ പ്രിൻസിപ്പൽമാർക്ക് നിർദേശം ലഭിച്ചതായും വിവരമുണ്ട്. എന്നാൽ നിർദേശങ്ങളിൽ കടുത്ത വിമർശനങ്ങളും ഉയരുകയാണ്.
ചടങ്ങിന്റെ ഭാഗമായി മൂന്ന് കെട്ടിടങ്ങളുടെ തറക്കല്ലിടൽ മോദി നിർവഹിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ചടങ്ങിൽ പങ്കെടുക്കും. ചടങ്ങ് ഡൽഹി സർവകലാശയ്ക്ക് കീഴിലെ എല്ലാ കോളേജുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യും. സ്റ്റാഫ് റൂമുകൾ, ലൈബ്രറി, ഓഡിറ്റോറിയം എന്നിവിടങ്ങിൽ സ്ഥാപിക്കുന്ന സ്‌ക്രീനിലൂടെയാകും പ്രദർശിപ്പിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |