
വാഷിംഗ്ടൺ: ഇൻസ്റ്റഗ്രാമിൽ 1.75 കോടി ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഹാക്കർമാർ ചോർത്തിയെന്ന റിപ്പോർട്ട് തള്ളി മെറ്റ. തങ്ങളുടെ സംവിധാനങ്ങളിൽ നിന്ന് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നിട്ടില്ല. അക്കൗണ്ടുകൾ സുരക്ഷിതമാണെന്നും ഇൻസ്റ്റഗ്രാം മാതൃകമ്പനിയായ മെറ്റ അറിയിച്ചു.
അതേസമയം, പാസ്‌വേഡ് റീസെറ്റ് ലിങ്കുകളോടെയുള്ള ഇമെയിലുകൾ ചില ഉപഭോക്താക്കൾക്ക് ലഭിച്ചത് തങ്ങളിൽ നിന്നു തന്നെയാണെന്നും വ്യക്തമാക്കി. ഉപഭോക്താക്കളുടെ അറിവില്ലാതെ, ചില ബാഹ്യകക്ഷികൾ നടത്തിയ ഇടപെടലിന്റെ ഫലമായാണ് ഇത്തരം മെയിലുകൾ വന്നത്. ഇതിനു കാരണമായ സാങ്കേതിക പിഴവ് പരിഹരിച്ചു.
ഇ-മെയിൽ വിലാസങ്ങളും ഇൻസ്റ്റ യൂസർ നെയിമുകളും ഉപയോഗിച്ച് ബാഹ്യകക്ഷികൾ 'ഫോർഗോട്ട് പാസ്‌വേഡ്' ഫീച്ചറിനെ ദുരുപയോഗപ്പെടുത്തുകയായിരുന്നു. ഇത്തരം മെയിലുകളോട് പ്രതികരിക്കേണ്ട. ഉപഭോക്താക്കൾക്ക് ആശയക്കുഴപ്പമുണ്ടായതിൽ ഖേദിക്കുന്നെന്നും മെറ്റ വ്യക്തമാക്കി.
യൂസർനെയിം ഉൾപ്പെടെ ചോർത്തിയെന്ന് ആക്ഷേപം
ഇൻസ്റ്റ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഹാക്കർമാർ ചോർത്തി ഡാർക്ക് വെബിൽ വില്പനയ്ക്ക് വച്ചെന്ന വിവരം സൈബർ സുരക്ഷാ സ്ഥാപനമായ മാൽവെയർ ബൈറ്റ്സാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. പേര്, യൂസർനെയിം, ഇ-മെയിൽ വിലാസം, ഫോൺ നമ്പർ, ലൊക്കേഷൻ ഉൾപ്പെടെ വിവരങ്ങൾ ചോർന്നെന്നും ഇവ 2024ൽ ശേഖരിച്ചതാകാമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടെയാണ്, പാസ്‌വേഡ് റീസെറ്റ് മെയിലുകൾ ലഭിച്ചെന്ന പരാതി ഉപഭോക്താക്കളിൽ നിന്ന് ഉയർന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |