കണ്ണൂർ: തലശ്ശേരിയിലെ മുൻ സി.പി.എം നേതാവ് സി.ഒ.ടി നസീറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് വഴിത്തിരിവിൽ. കേസിൽ പ്രധാന പ്രതിയായ പൊട്ടി സന്തോഷിനെയും സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിലെ മുൻ ഓഫീസ് സെക്രട്ടറിയും ബ്രാഞ്ച് സെക്രട്ടറിയുമായ രാഗേഷിനെയും ചോദ്യം ചെയ്തപ്പോഴാണ് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചത്. തലശ്ശേരി എം.എൽ.എ എ.എൻ. ഷംസീറിന്റെ ബോർഡ് വച്ച കാറിൽനിന്നായിരുന്നു ഷംസീറിനെ ആക്രമിക്കാൻ ഗൂഢാലോചന നടന്നതെന്നാണ് പിടിയിലാവരുടെ മൊഴി.
തന്നെ വധിക്കാനുള്ള ഗൂഢാലോചന നടത്തിയതിൽ പ്രധാനി ഷംസീറാണെന്ന് നസീർ അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. എന്നാൽ പൊലീസ് എടുത്തുചാടി നടപടി എടുക്കാതെ ശക്തമായ അന്വേഷണത്തിലൂടെ മുന്നോട്ടുപോവുകയായിരുന്നു. അതിനിടെ നിരവധി തവണ പൊലീസ് എം.എൽ.എയെ സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം കേൾക്കേണ്ടി വന്നെങ്കിലും ഇവയ്ക്കൊന്നും ചെവി കൊടുക്കാതെ സത്യസന്ധമായി തെളിവുകൾ ശേഖരിക്കുകയായിരുന്നു പൊലീസെന്നാണ് വിവരം. അന്വേഷണം ഇപ്പോൾ ഷംസീറിലേക്ക് നീങ്ങുന്നതായ സൂചനയാണ് ലഭിക്കുന്നത്. ഷംസീറിനെ ചോദ്യം ചെയ്യുന്നതിനും മൊഴി എടുക്കുന്നതിനും വേണ്ടി അന്വേഷണ സംഘം സ്പീക്കർക്ക് കത്ത് നൽകി എന്നാണ് വിശ്വസനീയ കേന്ദ്രങ്ങൾ നൽകുന്ന സൂചന. സ്പീക്കറുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് അന്വേഷണ സംഘം എം.എൽ.എയെ വിളിച്ച് വരുത്തി ചോദ്യം ചെയ്യും. ചോദ്യംചെയ്യലിൽ ഷംസീറിന് ഇക്കാര്യത്തിൽ ബന്ധമുണ്ടെന്നു തെളിഞ്ഞാൽ ഗൂഢാലോചന കേസിൽ പ്രതി ചേർക്കുമെന്നും പറയുന്നു. അതിനിടെ ഗൂഢാലോചന നടന്നു എന്ന് പിടിയിലായവർ പറയുന്ന ഇന്നോവ കാറിന്റെ ഉടമസ്ഥനെ തിരിച്ചറിഞ്ഞെങ്കിലും, ഇയാളെ ചോദ്യം ചെയ്യാതിരിക്കാൻ അന്വേഷണ സംഘത്തിന് മേൽ ശക്തമായ സമ്മർദ്ദമുണ്ടെന്നാണ് പറയപ്പെടുന്നത്.
കേസിൽ ഒരു പ്രതിയുടെ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കളരിമുക്ക് കുന്നിനേരി മീത്തൽ വി.കെ. സോജിത്തിന്റെ (25) ഹർജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. നസീറിന്റെ പോക്കുവരവുകൾ അക്രമി സംഘത്തെ അറിയിച്ചു എന്നാണ് ഇയാളുടെ പേരിലുള്ള കുറ്റാരോപണം. തയ്യാചേരി പുതിയ വീട്ടിൽ കെ. അശ്വന്തിന്റെ ജാമ്യാപേക്ഷ നാളെ ജില്ലാ കോടതി പരിഗണിക്കും. അതേസമയം അന്വേഷണ വിവരങ്ങൾ ചോർന്നുപോകുന്നതായ സംശയം പൊലീസിനിടയിലുണ്ട്. മേയ് 18ന് രാത്രിയാണ് നസീർ തലശ്ശേരി കയ്യാത്ത് റോഡിൽ അക്രമത്തിനിരയായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |