രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ
നിലമേൽ: കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾക്ക് മാറി നൽകിയ വീഴ്‌ചയ്‌ക്ക് രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്‌തു.
കടയ്ക്കൽ വാച്ചിക്കോണം ഗോകുലത്തിൽ വാമദേവന്റെ (68) മൃതദേഹത്തിന് പകരം ബന്ധുക്കൾക്ക് നൽകിയത് കടയ്ക്കൽ സ്വദേശി രാജേന്ദ്രന്റെ മൃതദേഹമാണ്.
ആരോഗ്യമന്ത്രി വീണ ജോർജ് ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടി. ഗ്രേഡ് 2 ജീവനക്കാരി രഞ്ജിനി, നഴ്സ് ഉമ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
തിരുവന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാമദേവൻ കഴിഞ്ഞ ദിവസമാണ് മരിച്ചത്. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചത്. ഇന്നലെ രാവിലെ ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി വീട്ടിലെത്തിച്ചു. ആംബുലൻസിൽ നിന്ന് പുറത്തെടുത്തപ്പോഴാണ് മൃതദേഹം മാറിയതായി സഹോദരങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്.
മൃതദേഹവുമായി ബന്ധുക്കൾ തിരികെ ആശുപത്രിയിലെത്തിയപ്പോൾ സംഘർഷത്തിലേക്ക് നീങ്ങിയെങ്കിലും കടയ്ക്കൽ പൊലീസ് സ്ഥിതി നിയന്ത്രിച്ചു. തുടർന്ന് ബന്ധുക്കൾ വാമദേവന്റെ മൃതദേഹം ഏറ്റുവാങ്ങി വീട്ടിലെത്തിച്ച് സംസ്കരിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് നൽകിയെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
മൃതദേഹം ബന്ധുക്കളെ കാണിച്ചിരുന്നു. വാമദേവൻ ഏറെ നാൾ വെന്റിലേറ്ററിൽ ആയിരുന്നതിനാൽ ഒറ്റ നോട്ടത്തിൽ ബന്ധുക്കൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. അതാണ് മാറിപ്പോകാൻ കാരണം.
ആശുപത്രി സൂപ്രണ്ട്
മൃതദേഹത്തിൽ പുതയ്ക്കാനുള്ള തുണിയും മറ്റും വാങ്ങാൻ ബന്ധുക്കൾ പുറത്ത് പോയിരുന്നു. ഇവരെ പിന്നീട് മോർച്ചറിയിലേക്ക് കടക്കാൻ അനുവദിച്ചില്ല. തങ്ങളെ കുറ്റപ്പെടുത്തുന്ന സമീപനമാണ് ആശുപത്രി അധികൃതർ സ്വീകരിച്ചത്.
ബന്ധുക്കൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |