തിരുവനന്തപുരം: ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ ബഡ്ജറ്റ് പ്രസംഗം ഒരു മണിക്കൂറും
58 മിനിട്ടും പിന്നിട്ടപ്പോൾ, പ്രതിപക്ഷ നിരയിൽ നിന്നു കോൺഗ്രസിലെ റോജി എം. ജോണിന്റെ ചോദ്യശരം. `ക്ഷേമ പെൻഷൻ കൂട്ടുന്നില്ലേ...?' മന്ത്രി കേട്ടഭാവം നടിച്ചില്ല.
പക്ഷേ,പുറത്തുനിന്ന് സീറ്റിലേക്ക് മടങ്ങുകയായിരുന്ന
സി.പി.എമ്മിന്റെ ലിന്റോ ജോസഫ് മറുപടി പറഞ്ഞു... `ആ നമുക്കു നോക്കാം..'
ലിന്റോയുടെ വാക്കുകൾ പ്രതീക്ഷ നൽകിയെങ്കിലും,
രണ്ടു മണിക്കൂർ 28 മിനിട്ടിൽ പ്രസംഗം അവസാനിക്കുമ്പോൾ നിരാശയായിരുന്നു ഫലം.
# 2024 ഡിസംബർ 31 വരെ 87,436.87 കോടി രൂപയുടെ 1147 പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിയെന്ന് മന്ത്രി പറഞ്ഞു തുടങ്ങിയപ്പോൾ പ്രതിപക്ഷം ചെവികൂർപ്പിച്ചു. `റവന്യൂ ജനറേറ്റിംഗ് ആയ പദ്ധതികൾ കൂടുതൽ ഏറ്റെടുക്കുന്നതിനും കിഫ്ബിയെ വരുമാനമുള്ള സ്ഥാപനമാക്കി മാറ്റുന്നതിനും കൂടുതൽ പരിശ്രമവും പഠനവും സർക്കാർ നടത്തും' എന്ന് മന്ത്രി വായിക്കുമ്പോഴേക്കും ''ആ...ആ...'' എന്ന് പ്രതിപക്ഷം ശബ്ദമുയർത്തി. കിഫ്ബി റോഡുകളിലെ ടോൾ പ്രഖ്യാപനം ഇതാ വരുന്നു എന്ന ധാരണയിലായിരുന്നു ഈ ഒച്ച. എന്നാൽ അതുണ്ടായില്ല, പക്ഷെ, മന്ത്രി പറഞ്ഞതിൽ ടോൾ വരുമെന്നതിന്റെ ധ്വനി വ്യക്തമായിരുന്നു.
# രാവിലെ പ്രഭാത ഭക്ഷണത്തിനുശേഷം ഭാര്യ ആശാപ്രഭാകറിനൊപ്പമാണ് മന്ത്രി കെ.എൻ.ബാലഗോപാൽ 'പൗർണമി'യിൽ നിന്നു പുറപ്പെട്ടത്. ധനകാര്യ സെക്രട്ടറി എ.ജയതിലകും ഒപ്പമുണ്ടായിരുന്നു. 8.57ന് സഭാഹാളിൽ പ്രവേശിക്കുമ്പോൾ അവിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുളളവർ ഉണ്ടായിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കൈകൊടുത്ത ശേഷമാണ് ബഡ്ജറ്റ് അവതരണത്തിലേക്ക് ബാലഗോപാൽ കടന്നത്. സമയക്കുറവ് കാരണം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ നോക്കി അഭിവാദ്യം ചെയ്യുകയായിരുന്നു.
#`കേരള ജനതയ്ക്ക് വലിയ സന്തോഷം തോന്നുന്ന ഒരു വാർത്ത പറഞ്ഞുകൊണ്ട് ആരംഭിക്കാം' എന്നതായിരുന്നു ആമുഖവാക്യം. `രൂക്ഷമായ ധനഞെരുക്കത്തിന്റെ തീഷ്ണമായ ഘട്ടത്തെ കേരളം അതിജീവിച്ചിരിക്കുന്നു എന്നതാണ് ആ സന്തോഷ വാർത്ത'- മന്ത്രി വിശദീകരിച്ചു തുടങ്ങിയപ്പോഴേക്കും ഭരണപക്ഷം ഡസ്കിലടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു.
വനമേഖലയിലെ ജനങ്ങളെ സംരക്ഷിക്കുന്ന പ്രത്യേക പാക്കേജിന് 50 കോടി രൂപ അധികമായി അനുവദിക്കുന്നുവെന്ന് മന്ത്രി പറഞ്ഞപ്പോൾ 'അത് വളരെ കൂടിപ്പോയി' എന്ന പരിഹാസം പ്രതിപക്ഷനിരയിൽ നിന്നുയർന്നു.
# ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും ഇരുവശത്തും ഉന്മേഷക്കുറവ് ബാധിച്ചു. ചിലർ ചായ കുടിക്കാൻ പോയി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണനുമായി സംസാരിച്ച് പുറത്തേക്കിറങ്ങി. രാഹുൽ മാങ്കൂട്ടത്തിൽ ഒരു പേപ്പറുമായി വി.ഡി.സതീശന്റെയടുത്ത് എത്തി സംസാരിച്ചു.
നവകേരളസദസിൽ ഉൾപ്പെട്ട അടിസ്ഥാന വികസന പദ്ധതികൾക്കുള്ള ഫണ്ട് പ്രഖ്യാപിച്ചപ്പോഴാണ് സഭയിൽ വീണ്ടും 'അനക്കം'ഉണ്ടായത്. ഭരണപക്ഷം ഉച്ചത്തിൽ ഡസ്കിലടിച്ചു.ഭൂനികുതി വർദ്ധിപ്പിച്ചപ്പോൾ 'കഴിഞ്ഞ തവണയും കൂട്ടിയില്ലേ...' എന്ന ചോദ്യം പ്രതിപക്ഷനിരയിൽ നിന്നുയർന്നു. ബഡ്ജറ്റ് പ്രസംഗം അവസാനിക്കുമ്പോൾ സമയം 11.33
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |