തിരുവനന്തപുരം: ഒടുവിൽ ഗൂഗിൾ പറഞ്ഞു ' നന്ദി ശ്രീറാം,ഒരായിരം നന്ദി. സമ്മാനമായി ഒരു കോടി രൂപയും... ' ലക്ഷക്കണിന് ആളുകളുടെ സ്വകാര്യതയെ ബാധിക്കുമായിരുന്ന പ്രശ്നം ഗൂഗിളിനെ അറിയിച്ച് ഗൂഗിൾ ക്ലൗഡ് അവാർഡായ ഒരു കോടിയ്ക്ക് അർഹനായിരിക്കുകയാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ കെ.എൽ.ശ്രീറാം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഈ പുരസ്കാരം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് ഈ 22കാരൻ.
നൂറു കോടിയിലധികം ഉപഭോക്താക്കളുള്ള ഗൂഗിൾ അവരുടെ സേവനങ്ങളിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടുന്നവരെ അനുമോദിക്കാറുണ്ട്. മൂന്ന് വർഷത്തിന് മുമ്പ് ഏർപ്പെടുത്തിയതാണ് ഗൂഗിൾ ക്ലൗഡ് പ്രൈസ്.
ചെറുപ്പം മുതൽ കമ്പ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും സാങ്കേതിക വശങ്ങളോടായിരുന്നു ശ്രീറാമിന് താത്പര്യം. എത്തിക്കൽ ഹാക്കിംഗിന്റെ സാദ്ധ്യതകൾ സ്വന്തമായി മനസിലാക്കി. ഒഴിവ് സമയങ്ങളിൽ പ്രോഗ്രാമിംഗ് കോഡുകൾ പഠിച്ചു.
കണ്ടുപിടിച്ച പ്രശ്നം
നമ്മുടെ ഫോണിൽ ഒരു അപരിചിതന്റെ നമ്പറിൽ നിന്ന് ഒരു ലിങ്ക് വരുന്നു. അത് തുറക്കുന്ന വ്യക്തിയുടെ ഗൂഗിൾ ക്ലൗഡിലുള്ള മുഴുവൻ വിവരങ്ങളും ഹാക്കറിന് ചോർത്താൻ കഴിയും. ഈ പ്രശ്നമാണ് 2022ൽ ശ്രീറാം ഗൂഗിളിനെ അറിയിച്ചത്. തുടർന്ന്, ഒരാഴ്ച മുമ്പാണ് അവാർഡ് ലഭിക്കുന്നത്. തമിഴ്നാട് സ്വദേശിയായ ശിവനേഷ് എന്ന സുഹൃത്തും സഹായിച്ചു.
സ്വപ്നം സംരംഭകനാകാൻ
ഇപ്പോൾ കന്യാകുമാരിയിലാണ് ശ്രീറാം കുടുംബസമേതം താമസിക്കുന്നത്. ചെന്നൈയിലെ സ്വകാര്യ എൻജിനിയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്. ഒരു വർഷം മുമ്പ് സ്ക്വാഡ്രൺ ലാബ്സ് എന്ന സംരംഭം ആരംഭിച്ചു. സ്വകാര്യ കമ്പനികളെ അവരുടെ സോഫ്റ്റ് വെയറുകളിലും സേവങ്ങളിലുമുള്ള പ്രശ്നങ്ങൾ കണ്ടുപിടിക്കാൻ സഹായിക്കുന്ന ഈ സംരംഭം വളർത്തുന്നതാണ് ഏറ്റവും വലിയ സ്വപ്നം. അച്ഛൻ കോൺട്രാക്ടറായ കൃഷ്ണമൂർത്തി. അമ്മ വീട്ടമ്മയായ ലിജി. സഹോദരന്മാർ ഭരതും ധൻവന്തും.
എത്തിക്കൽ ഹാക്കിംഗ്
2025ഓടെ ലോകത്ത് 10.5 ലക്ഷം കോടിയുടെ നഷ്ടങ്ങൾ സൈബർ കുറ്റകൃത്യങ്ങൾ വഴി ഉണ്ടാവുമെന്നാണ് ഗൂഗിളിന്റെ കണക്ക്. രാജ്യസുരക്ഷയ്ക്ക് വരെ ഇത് ഭീഷണിയായേക്കാം. ഇത് തടയാൻ മനുഷ്യർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ഹാക്കിംഗിനെ ഉപയോഗിക്കുന്നതാണ് എത്തിക്കൽ ഹാക്കിംഗ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |