കൊച്ചി : മഹാരാജാസ് കോളേജിൽ കുത്തേറ്റുമരിച്ച അഭിമന്യുവിന്റെ സ്‌മാരകമായി സ്തൂപം സ്ഥാപിക്കാൻ സർക്കാർ അനുമതി നൽകിയെങ്കിൽ വിശദാംശങ്ങൾ അറിയിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
സ്തൂപത്തിനെതിരെ വിദ്യാർത്ഥികളായ കെ. എം. അംജാദ്, കാർമ്മൽ ജോസ് എന്നിവർ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം ആരാഞ്ഞത്. അനുമതി നൽകിയിട്ടില്ലെങ്കിൽ നൽകാൻ ഉദ്ദേശിക്കുന്നുണ്ടോ എന്നും അറിയിക്കണം. ഹർജി ജൂലായ് 11 നു വീണ്ടും പരിഗണിക്കും.
സർക്കാർ കോളേജായ മഹാരാജാസിൽ സർക്കാരിന്റെയോ കോളേജിന്റെയോ അനുമതിയില്ലാതെയാണ് സ്തൂപം സ്ഥാപിച്ചതെന്നും അത് കാമ്പസിലെ ശാന്തിയും സമാധാനവും നശിപ്പിക്കുമെന്നും ഹർജിക്കാർ ആരോപിച്ചു. എന്നാൽ സ്തൂപം നിർമ്മിക്കാൻ പ്രിൻസിപ്പൽ അനുമതി നിഷേധിച്ചിട്ടില്ലെന്ന് സർക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി വിശദീകരിച്ചു. അഭിമന്യുവിന്റെ പേരിലുള്ള സ്തൂപം ഒരു കലാസൃഷ്ടിയാണെന്നും സർക്കാർ വ്യക്തമാക്കി. മരിച്ചുപോയ വിദ്യാർത്ഥിയുടെ സ്‌മാരകം അനുമതികളോടെയാണ് വേണ്ടതെന്ന് ഹൈക്കോടതി വാക്കാൽ പറഞ്ഞു.
നക്ഷത്രങ്ങളെ രാഷ്ട്രീയമായി കാണുമോ ?
സ്തൂപത്തിന്റെ പേരിൽ അരിവാളും നക്ഷത്രവുമാണ് നിർമ്മിച്ചതെന്നും ചുറ്റിക പിന്നാലെ വരുമെന്നും വാദത്തിനിടെ ഹർജിക്കാരൻ പറഞ്ഞപ്പോഴാണ് ഡിവിഷൻബെഞ്ച് ഇക്കാര്യം വാക്കാൽ പറഞ്ഞത്. ആകാശത്ത് നക്ഷത്രങ്ങളെ രാഷ്ട്രീയമായാണോ കാണുന്നത് ? ഇതൊക്കെ കാഴ്ചപ്പാടാണ്. മറ്റുള്ളവർക്ക് അങ്ങനെ തോന്നണമില്ലെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു. പാർട്ടിയുടെ സ്വാധീനം കാമ്പസിൽ ഉറപ്പിക്കാനാണ് സ്തൂപം സ്ഥാപിച്ചതെന്നും ഹർജിക്കാർ വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |