തിരുവനന്തപുരം: അധികം ജീവനക്കാർ, അമിത ശമ്പളം, വൻ പെൻഷൻ, വായ്പാ ബാദ്ധ്യത... വരവിനേക്കാൾ പ്രതിവർഷം 2500 കോടിയോളം അധികച്ചെലവ്. വൈദ്യുതി ചാർജ് വർദ്ധനയ്ക്കൊപ്പം മറ്റ് പലവിധ ഭാരങ്ങളും ജനത്തിനുമേൽ അടിച്ചേൽപ്പിച്ച് നിലനില്പിന് കെ.എസ്.ഇ.ബി ശ്രമം.
രണ്ടു മാസമായി യൂണിറ്റ് നിരക്കിന് പുറമെ സർചാർജ്ജും വാങ്ങുന്നുണ്ട്. വലിയ തുക സെക്യുരിറ്റി ഡെപ്പോസിറ്റ് അടയ്ക്കണമെന്ന് നോട്ടീസ് അയച്ചു തുടങ്ങി. യൂണിറ്റിന് 40.63 പൈസ ജൂലായ് ഒന്നു മുതൽ കൂട്ടാനുള്ള അപേക്ഷ റെഗുലേറ്ററികമ്മിഷനു മുന്നിലുണ്ട്. ഹൈക്കോടതി ഇടപെടലിനെ തുടർന്ന് നിരക്ക് വർദ്ധനയ്ക്ക് അനുമതി ഈ മാസം 31 വരെ കമ്മിഷൻ മരവിപ്പിച്ചെന്നു മാത്രം. യൂണിറ്റിന് 20 പൈസ സെസ് പിരിക്കലും തുടർന്നേക്കും. ഇതെല്ലാം ചേരുമ്പോൾ സാധാരണക്കാർക്ക് താങ്ങാവുന്നതിലും അധികമാകും വൈദ്യുതി ബിൽ.
നാല് ദീർഘകാല കരാറുകൾ റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയതോടെ പുറത്തു നിന്ന് വൈദ്യുതി വൻവിലയ്ക്ക് വാങ്ങേണ്ടിവന്നത് പ്രതീക്ഷിക്കാത്ത അധിക ബാദ്ധ്യതയ്ക്ക് കാരണമായെന്ന് കെ.എസ്.ഇ.ബി പറയുന്നു. എന്നാൽ, സർക്കാർ സ്ഥാപനങ്ങളുൾപ്പെടെ നൽകാനുള്ള 3260.09 കോടി രൂപ കുടിശിക പിരിച്ചെടുക്കാൻ നടപടിയില്ല. വാട്ടർ അതോറിട്ടി മാത്രം 1100 കോടി നൽകാനുണ്ട്. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കെ.എസ്.ആർ.ടി.സി പോലെ വൈദ്യുതി ബോർഡും ബാദ്ധ്യതയാവുമെന്നാണ് ധനവകുപ്പിന്റെ മുന്നറിയിപ്പ്.
മുപ്പതിനായിരത്തോളം ജീവനക്കാരുണ്ട്. 10 ശതമാനം അധികമെന്നാണ് സി.എ.ജി റിപ്പോർട്ട്. ശമ്പള സ്കെയിലിലെ അന്തരവും വലുതാണ്. ഒരു ഉദാഹരണം: സർക്കാർ ഡ്രൈവർ സ്കെയിൽ 27,900- 63,700. കെ.എസ്.ഇ.ബിയിൽ 36,000-76,400.
നിരക്ക് കൂടും
പോസ്റ്റ് മാറ്റൽ, ലൈൻ വലിക്കൽ,സിംഗിളിൽ നിന്ന് ത്രീഫേസിലേക്ക് തുടങ്ങി 98 പ്രവൃത്തികൾക്ക്
സിംഗിൾ ഫേസ് കണക്ഷന് 1243 രൂപയും ത്രീഫേസിന് 761 രൂപയും വർദ്ധിപ്പിക്കും
കണക്ഷന് പോസ്റ്റ് ഇടുന്നതിന് 5540 രൂപയായിരുന്നത് 7547 രൂപയാക്കും
സിംഗിൾ ഫേസ് മീറ്റർ മാറ്റാൻ 310 രൂപയും ത്രീഫേസ് മീറ്റർ മാറ്റാൻ 406 രൂപയും കൂട്ടും
പോസ്റ്റ് ആവശ്യമില്ലാത്ത കണക്ഷന് നിരക്ക് 1740ൽ നിന്ന് 2983 രൂപയാക്കും
ബോർഡിന്റെ അവസ്ഥ
1. പ്രതിവർഷ വിറ്റുവരവ് 15,600 കോടി, ചെലവ് 17945 കോടി
2. പെൻഷൻ ട്രസ്റ്റിൽ അടയ്ക്കാനുള്ളത് 17, 238കോടി
3. 5871കോടി വായ്പാ ബാദ്ധ്യത, സഞ്ചിത നഷ്ടം 5304.37കോടി
ജനം സഹിക്കേണ്ടത്
വാർഷിക നിരക്ക് വർദ്ധന, അധിക സെസ്, വലിയ തുക സെക്യുരിറ്റി നിക്ഷേപം, പുതിയ കണക്ഷനുൾപ്പെടെ 98 സേവനങ്ങൾക്ക് വർദ്ധിച്ച നിരക്ക്
ശമ്പളം പെൻഷൻ ചെലവ്
4071.1 കോടി ശമ്പളത്തിനും 610 കോടി പെൻഷൻ ട്രസ്റ്റിലെ നിക്ഷേപ പലിശയ്ക്കും വർഷം വേണം
2021ലെ ശമ്പള പരിഷ്‌കരണത്തിലൂടെയുണ്ടായ അധിക ബാദ്ധ്യത 734.4 കോടി
സർക്കാർ ജീവനക്കാരെക്കാൾ 5 ശതമാനം കൂടുതൽ ക്ഷാമബത്ത (19 ശതമാനം)
ശമ്പള, പെൻഷൻ വിഹിതം വരുമാനത്തിന്റെ 26.77 ശതമാനമായിരുന്നത് ഇപ്പോൾ 46.59 ശതമാനം
ശമ്പളപരിഷ്‌കരണത്തിന് 2018 ജൂലായ് മുതൽ മുൻകാല പ്രാബല്യം. കുടിശ്ശിക നൽകിയത് 1317.66 കോടി
ജീവനക്കാർ
29,703
പെൻഷൻകാർ
39,000
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |