ലളിതമായ വരകളാൽ കഥാസന്ദർഭങ്ങളുടെ ഉൾക്കാഴ്ചകൾ പകർന്നുതന്ന അതുല്യ കലാകാരനായിരുന്നു ആർട്ടിസ്റ്റ് നമ്പൂതിരി. അദ്ദേഹത്തിന്റെ വിയോഗം കാലത്തിന്റെ കാൻവാസിനെ ഒരു നിമിഷമെങ്കിലും ശൂന്യമാക്കിയെന്നു പറഞ്ഞാൽ അതിശയോക്തിയാകില്ല. പ്രതിഭയുടെ ശോഭ അത്രമാത്രം ആ ചിത്രകാരനിൽ പ്രകടമായിരുന്നു. എൺപത് വർഷക്കാലം ആർട്ടിസ്റ്റ് നമ്പൂതിരി വരയുടെ ലോകത്ത് ചൈതന്യവത്തായ സാന്നിദ്ധ്യമായിരുന്നു. ജീവിതത്തിന്റെ അവസാന വർഷങ്ങളിൽപ്പോലും മഹാനായ ആ കലാകാരന്റെ കൈവിരലുകൾ വരച്ചുകൊണ്ടേയിരുന്നു. ജീവിത സായന്തനത്തിലും അദ്ദേഹം വിശ്രമിച്ചില്ല. അനുസ്യൂതമായ കലോപാസനയായിരുന്നു അദ്ദേഹത്തിനു വിശ്രമം. ചിത്രകല നമ്പൂതിരിക്ക് ഉപജീവനം മാത്രമായിരുന്നില്ല, ജീവനം തന്നെയായിരുന്നു. അദ്ദേഹത്തിന്റെ
ഉണർവ്വിലും സ്വപ്നത്തിലും ഉറക്കത്തിലും ചിത്രകല നിറഞ്ഞുനിന്നു. അതുകൊണ്ടാണ് മലയാള സാഹിത്യത്തിലെ മൗലിക പ്രതിഭയായ വി.കെ.എൻ. വരയുടെ പരമശിവനെന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
ജീവിതദുരിതങ്ങളെ സൗമ്യമായി അതിജീവിച്ചാണ് മദ്രാസ് സ്കൂൾ ഓഫ് ആർട്സിൽ നമ്പൂതിരി പഠിക്കാനെത്തിയത്. അവിടെ വിശ്രുത ചിത്രകാരന്മാരായ കെ.സി.എസ്. പണിക്കരുടെയും റോയ് ചൗധരിയുടെയും കീഴിൽ പഠിക്കാനായി. അതേസമയം പരമ്പരാഗത ശൈലിക്കു വഴിപ്പെടാതെ വരയുടെ തനതുശൈലി രൂപപ്പെടുത്തി. പരിമിതമായ വരകളിലൂടെ അപരിമിതമായ സാദൃശ്യവും ഭാവപ്രപഞ്ചവും സൃഷ്ടിക്കുന്നതിൽ നമ്പൂതിരിക്കു പകരംവയ്ക്കാൻ മറ്റൊരു കലാകാരനില്ല. വലിയൊരു കാലഘട്ടങ്ങളിലായി മലയാളത്തിലെ എഴുത്തുകാരുടെ രചനകൾക്ക് അദ്ദേഹം വരച്ച ചിത്രങ്ങൾ എക്കാലവും ഓർമ്മയിൽ തിളങ്ങുന്നു. സൃഷ്ടിയുടെ അന്തർലോകങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ആ വരകൾ. എം.ടി.യുടെ രണ്ടാമൂഴത്തിന് നമ്പൂതിരി വരച്ച ചിത്രങ്ങൾ ആ നോവലിനു പകർന്ന ഉദാത്തമാനങ്ങൾ അത്ഭുതകരവും അപാരവുമാണ്. തകഴിയുടെ ഏണിപ്പടികൾക്കും വി.കെ.എന്നിന്റെ പിതാമഹനും കെ.സുരേന്ദ്രന്റെ ഗുരുവിനും പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകൾക്കും മിഴിവേകിയത് നമ്പൂതിരിയുടെ രേഖാചിത്രങ്ങളായിരുന്നു.
അദ്ദേഹത്തിന്റെ നിസ്തുല സംഭാവന രേഖാചിത്രങ്ങളിലാണെങ്കിലും ചിത്രത്തിലും ശില്‌പത്തിലും, ചെയ്ത സംഭാവനകളും മികവുറ്റതാണ്. എറണാകുളത്ത് ഹൈക്കോടതിയിൽ തടിയിൽചെയ്ത നീതി ശിൽപ്പം, തിരുവനന്തപുരത്ത് ലാറ്റക്സ് ഭവനിലെ അമ്മയും കുഞ്ഞും, കൊല്ലത്ത് ടി.കെ.ദിവാകരൻ സ്മാരകത്തിൽചെയ്ത റിലീഫ് ശില്‌പമടക്കം ശ്രദ്ധേയമായ ശില്‌പങ്ങളും അദ്ദേഹം സമ്മാനിച്ചു. അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത തുടങ്ങിയ സിനിമകൾക്കടക്കം കലാസംവിധാനവും നിർവഹിച്ചിട്ടുണ്ട്.
കേരളകൗമുദിയുമായി അദ്ദേഹത്തിന് ദീർഘകാല ബന്ധമാണുള്ളത്. കോഴിക്കോട് എഡിഷൻ ആരംഭിച്ചവേളയിൽ നെഹ്റുകപ്പ് അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റ് കോഴിക്കോട്ടായിരുന്നു നടന്നത്. ഗാലറിയിലെ പ്രസ് ബോക്സിൽ ആർട്ടിസ്റ്റ് നമ്പൂതിരിയും കേരളകൗമുദിക്കായി എത്തി. കളിയുടെ നിമിഷങ്ങൾ നമ്പൂതിരി വരച്ച രേഖാചിത്രങ്ങളായി പത്രത്തിന്റെ ഒന്നാംപേജിൽ സ്ഥാനം പിടിച്ചത് കളിയാസ്വാദകരെ മാത്രമല്ല മുഴുവൻ വായനക്കാരെയും ആകർഷിച്ചു.
ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയംവരിച്ച ഒരു കലാകാരന്റെ സ്വഭാവത്തിൽ സംഭവിക്കാവുന്ന ചെറിയ ന്യൂനതപോലും നമ്പൂതിരിക്ക് ഉണ്ടായിട്ടില്ലെന്നത് എടുത്തുപറയേണ്ടതാണ്. സ്വർണ്ണത്തിനു സുഗന്ധം പോലെയായിരുന്നു ആ വലിയ കലാകാരന്റെ പെരുമാറ്റവും ഇടപെടലുകളും. വിനയത്താൽ ആ ശിരസ്സ് സദാ കുനിയുകയും പ്രതിഭയാൽ സദാ നിവർന്നു നിൽക്കുകയും ചെയ്തു. ജീവിതത്തിൽ ഒരിക്കൽ പരിചയപ്പെട്ടവർപോലും അദ്ദേഹത്തിന്റെ നിഷ്‌കളങ്കമായ ചിരിയും സ്നേഹം നിറഞ്ഞ ഹൃദയവും മറക്കുകയില്ല.
ചിത്രകാരനായ നമ്പൂതിരി തികഞ്ഞ സംഗീതോപാസകൻ കൂടിയായിരുന്നു. കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും അദ്ദേഹത്തിന് അഗാധമായ അറിവുണ്ടായിരുന്നു. ഇനിയൊരു ജന്മമുണ്ടെങ്കിൽ സംഗീതജ്ഞനായി ജനിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ അദമ്യമായ അഭിലാഷം. ആ അഭിലാഷം അദ്ദേഹം ജീവിതകാലം മുഴുവൻ വരച്ച ചിത്രങ്ങളിൽ തിളങ്ങിനിന്നു. അതാകാം ആ വരകളിലെ ദേവസ്‌പർശവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |