
കൊല്ലം: കാരണമെന്തെന്ന് ഇന്നുവരെ വ്യക്തമാകാത്ത പെരുമൺ ട്രെയിൻ ദുരന്തത്തിന് ഇന്ന് 35 വയസ്. ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ ബന്ധുക്കൾ ഇന്ന് സ്നേഹപുഷ്പങ്ങളുമായി പെരുമണിലെത്തും. സ്‌മൃതി സ്‌തൂപത്തിലും ജങ്കാർ കടവിലെ സ്‌മൃതി മണ്ഡപത്തിലും പുഷ്പങ്ങൾ അർപ്പിച്ച് ഉറ്റവരുടെ നിത്യശാന്തിക്കായി പ്രാർത്ഥിക്കും. 105 പേരാണ് അപകടത്തിൽ മരണപ്പെട്ടത്. ഇരുന്നൂറിലേറെപ്പേർക്ക് ഗുരുതരമായി പരിക്കേറ്റു. ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകളുംപേറി ജീവച്ഛവങ്ങളായി കഴിയുന്ന പലരുമുണ്ട് ഇക്കൂട്ടത്തിൽ.
1988 ജൂലായ് 8ന് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഐലൻഡ് എക്‌സ്‌പ്രസ് ഉച്ചയ്‌ക്ക് 12.20ന് മൺറോത്തുരുത്തിനും പെരിനാടിനും ഇടയിലുള്ള പെരുമൺ പാലത്തിൽ നിന്ന് കായലിലേക്ക് മറിഞ്ഞായിരുന്നു അപകടം. 125 മീറ്ററാണ് പാലത്തിന്റെ നീളം. 80 കിലോമീറ്റർ വേഗത്തിലെത്തിയ ട്രെയിനിന്റെ എൻജിനും പാഴ്സൽ കമ്പാർട്ട്മെന്റും തൊട്ടുപിന്നിലുള്ള ഒരു സെക്കൻഡ് ക്ലാസ് കമ്പാർട്ട്മെന്റും പാലം കടന്നതിന് പിന്നാലെയായിരുന്നു ദുരന്തം. 15 ബോഗികളുണ്ടായിരുന്ന ട്രെയിനിന്റെ 9 ബോഗികൾ കായലിലേക്ക് പതിച്ചു.
മത്സ്യത്തൊഴിലാളികളാണ് രക്ഷാദൗത്യവുമായി വള്ളങ്ങളിൽ ആദ്യമെത്തിയത്. പിന്നീട് ഫയർഫോഴ്സ് അടക്കം എത്തി രക്ഷാപ്രവർത്തനം നടത്തി. ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹങ്ങളിൽ ചിലത് കണ്ടെത്താനായത്. അപകടത്തിൽ പാലത്തിലെ റെയിലുകൾ പൂർണമായും തകർന്നിരുന്നു. പാലത്തിൽ തൂങ്ങി നിന്ന ഒരു ബോഗി തട്ടി അവസാനത്തെ തൂണിന് ചെറിയ കേടുപാടുമുണ്ടായി.
പെരുമൺ പാലത്തിൽ വീശിയടിച്ച ചുഴലിക്കാറ്റാണ് അപകട കാരണമെന്നായിരുന്നു റെയിൽവേ സേഫ്ടി കമ്മിഷണർ സൂര്യനാരായണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ പ്രദേശവാസികൾ ഇത് നിഷേധിച്ചു. അന്ന് ചുഴലിക്കാറ്റ് ഉണ്ടായില്ലെന്ന് മത്സ്യത്തൊഴിലാളികളടക്കം ആവർത്തിച്ച് പറഞ്ഞിട്ടും അന്വേഷണ സംഘം പരിഗണിച്ചില്ല. മറ്റിടങ്ങളിലൊന്നും ഒരു നാശനഷ്ടവും ഉണ്ടായില്ല. തുടർന്ന് റിട്ട. വ്യോമസേന ഉദ്യോഗസ്ഥൻ സി.എസ്. നായിക്കിന്റെ നേതൃത്വത്തിൽ റെയിൽവേ നടത്തിയ പുനരന്വേഷണത്തിലും പഴി ചുഴലിക്കാറ്റിനു തന്നെ ആയിരുന്നു. എന്നാൽ റെയിൽവേയുടെ സുരക്ഷാവീഴ്ച മറച്ചുവയ്ക്കുകയായിരുന്നു എന്നാണ് പ്രദേശവാസികൾ ഇപ്പോഴും വിശ്വസിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |