മനുഷ്യരെപ്പോലെ ജീവിക്കാനുള്ള ഭൗതിക സൗകര്യങ്ങൾ എല്ലാവർക്കും ഒരുപോലെ പ്രാപ്തമാകണമെന്നില്ല. സാഹചര്യങ്ങൾ പലതരത്തിലാണ്. നഗരവളർച്ചയുടെ അനിവാര്യതയെന്നപോലെ ചേരികളും വളരുന്നത് നഗരാസൂത്രകർക്കും സർക്കാരുകൾക്കും പലപ്പോഴും തലവേദനയാകാറുണ്ട്. നിരവധി ചേരിനിർമ്മാർജ്ജന പദ്ധതികൾ വന്നിട്ടും ചേരികളിൽ നരകജീവിതം തുടരാൻ വിധിക്കപ്പെട്ട് ദരിദ്രരായ അനേകം കുടുംബങ്ങൾ രാജ്യത്തെമ്പാടുമുണ്ട്. ഏഷ്യയിലെതന്നെ ഏറ്റവും വലിയ ചേരി മുംബയിലെ ധാരാവിയിലാണുള്ളത്. നിരവധി പദ്ധതികൾക്കുശേഷവും ധാരാവി കൂടുതൽ വികസിക്കുന്നതല്ലാതെ ഒട്ടും ചെറുതാവുന്നില്ല. ജ്വലിക്കുന്ന വികസന സ്തംഭങ്ങൾക്ക് അപവാദമെന്നമട്ടിൽ മുംബയിൽ മാത്രമല്ല എല്ലാ നഗരങ്ങളിലും കാണാം ദൈന്യതയുടെ ഇത്തരം ചേരികൾ. ഇത്രയേറെ വലുതല്ലെങ്കിലും കേരളത്തിലുമുണ്ട് അങ്ങിങ്ങ് വർഷങ്ങളായി രൂപംകൊണ്ട കൊച്ചുകൊച്ചു ചേരികൾ. ചേരിനിവാസികളുടെ പുനരധിവാസം പല സർക്കാരുകളും മുൻഗണനാ പട്ടികയിൽപ്പെടുത്താറുണ്ട്. ഇതിനായി അനേകം പാർപ്പിട സമുച്ചയങ്ങൾ നിർമ്മിച്ചിട്ടുമുണ്ട്. എന്നാൽ, ഒരുവശത്തു പുനരധിവാസം നടക്കുമ്പോൾ മറുവശത്തുകൂടി പുതിയ ആൾക്കാർ അവിടെ കുടിയേറുന്നു. ചേരിനിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട പദ്ധതികൾ ദൂഷിതവലയം പോലെയാണ് പരിണമിക്കാറുള്ളത്.
ഫോർട്ട് കൊച്ചിയിലെ തുരുത്തിയിലുമുണ്ട് സാമാന്യം വലിയൊരു ചേരി. അവിടെ ഏറ്റവും പരിമിതമായ ജീവിതസാഹചര്യങ്ങളിൽ കഴിയുന്ന ആയിരത്തിലേറെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ വേണ്ടി തയ്യാറാക്കിയ പാർപ്പിടസമുച്ചയത്തിന്റെ ആദ്യഘട്ടം ഈ വർഷം തന്നെ പൂർത്തിയാകുമെന്ന വാർത്ത ചേരിവാസികൾക്കു മാത്രമല്ല സമൂഹത്തിനാകെ സന്തോഷം പകരുന്നു. ചേരിയിൽ കഴിയുന്ന ആയിരത്തിഇരുന്നൂറിലേറെ കുടുംബങ്ങളാണ് പുതിയ പാർപ്പിട കേന്ദ്രങ്ങൾക്കായി അപേക്ഷ സമർപ്പിച്ചിരുന്നത്. ഇവരിൽ അർഹരായിട്ടുള്ള 799 അപേക്ഷകരെ തിരഞ്ഞെടുക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ 398 കുടുംബങ്ങൾക്കാണ് ഫ്ലാറ്റ് അനുവദിച്ചിരിക്കുന്നത്. കേന്ദ്രത്തിൽ യു.പി.എ സർക്കാരിന്റെ കാലത്താണ് രാജീവ് ആവാസ് യോജന പദ്ധതിയനുസരിച്ച് ഈ ചേരിനിർമ്മാർജ്ജന പദ്ധതി ആരംഭിച്ചത്. 2017-ൽ പണിതുടങ്ങിയ 12 നിലകളുള്ള രണ്ട് ഫ്ളാറ്റ് സമുച്ചയത്തിലൊന്നിന്റെ പണിയാണ് അവസാന ഘട്ടത്തിലെത്തിനിൽക്കുന്നത്. വൈദ്യുതീകരണവും മറ്റ് അവസാനവട്ട പണികളും ആറുമാസത്തിനകം പൂർത്തിയാക്കാനായാൽ നവവത്സരത്തോടെ 398 കുടുംബങ്ങളെ അങ്ങോട്ട് മാറ്റാൻ കഴിയും. രണ്ടാമത്തെ ഫ്ളാറ്റ് സമുച്ചയത്തിന്റെ ഏഴുനിലകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. പൂർത്തിയായ ഫ്ളാറ്റിന്റെ താഴത്തെ രണ്ടുനിലകൾ വാണിജ്യാവശ്യങ്ങൾക്കായി വാടകയ്ക്ക് നൽകാനാണ് പദ്ധതി. ഫ്ളാറ്റുകൾക്ക് കാലാകാലം വേണ്ടിവരുന്ന അറ്റകുറ്റപ്പണികൾക്കും മറ്റു പൊതുവായ ആവശ്യങ്ങൾക്കും ഇതിൽനിന്നു പണം കണ്ടെത്താനാകും. താമസക്കാരെ പിഴിയാതെ ഇത്തരം ആവശ്യങ്ങൾക്കു വക കണ്ടെത്താൻ കഴിഞ്ഞാൽ നല്ലതുതന്നെ. രാജ്യത്തെവിടെയും മാതൃകയാക്കാവുന്ന ആശയമാണിത്.
ചേരിനിവാസികളെ പുതിയ ഫ്ലാറ്റുകളിലേക്കു മാറ്റുമ്പോൾ ചേരിയിൽ ഒഴിയുന്ന സ്ഥലം കൊച്ചി കോർപ്പറേഷൻ ഏറ്റെടുക്കാനാണു ധാരണ. ഇങ്ങനെ ഏറ്റെടുക്കുന്ന ഭൂമി സംരക്ഷിക്കാനുള്ള നടപടികൂടി ഉണ്ടാകണം. ഒരു കാരണവശാലും പുതിയ കൈയേറ്റങ്ങൾക്ക് അവസരമുണ്ടാക്കരുത്. കൊച്ചിക്കു പുറമെ തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലും ഇതുപോലെ ചേരിനിർമ്മാർജ്ജന പദ്ധതി പ്രകാരം ഫ്ളാറ്റ് സമുച്ചയങ്ങൾ നിർമ്മിക്കാൻ പദ്ധതിയുണ്ടായിരുന്നു. കൊച്ചിയിലേതൊഴികെ മറ്റിടങ്ങളിൽ ഇതുവരെ പദ്ധതി പ്രവൃത്തിപഥത്തിലെത്തിയില്ല. പാവങ്ങൾക്കുവേണ്ടിയുള്ള പദ്ധതികളുടെ കാര്യം എപ്പോഴും അങ്ങനെയൊക്കെയാണല്ലോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |