ന്യൂഡൽഹി:എറണാകുളം മരട് മുനിസിപ്പാലിറ്റിയിൽ തീരദേശനിയമം ലംഘിച്ച് നിർമ്മിച്ച അഞ്ച് അപ്പാർട്ട്മെന്റുകൾ പൊളിക്കണമെന്ന് ആവ
ർത്തിച്ച് സുപ്രീംകോടതി. തന്ത്രപൂർവം അവധിക്കാല ബെഞ്ചിൽ നിന്ന് താത്കാലിക സ്റ്റേ നേടിയെന്ന് വിമർശിച്ച ജസ്റ്റിസുമാരായ അരുൺ മിശ്ര, നവീൻസിൻഹ എന്നിവരുടെ ബെഞ്ച്, ഫ്ലാറ്റ് ഉടമകൾ നൽകിയ ഹർജി തള്ളി.
ഹർജിക്കാർക്കും, ഹാജരായ മുതിർന്ന അഭിഭാഷകർക്കുമെതിരെ രൂക്ഷവിമർശനവും കോടതി നടത്തി.
കോടതിയിൽ തട്ടിപ്പ് നടത്താനുള്ള ശ്രമം ധാർമ്മികതയ്ക്ക് നിരക്കാത്തതാണ്. ഒന്നിലധികം തവണ പരിഗണിക്കാൻ വിസമ്മതിച്ച ആവശ്യം മറ്റൊരു ബെഞ്ചിന് മുൻപാകെ ഉന്നയിച്ച് കോടതിയെ കബളിപ്പിക്കാൻ ശ്രമിച്ചു. ഇത് ആവർത്തിച്ചാൽ അഭിഭാഷകർക്കെതിരെ നടപടിയെടുക്കും. തന്നെ സ്വാധീനിക്കാനാണ് കൊൽക്കത്തയിൽ നിന്നുള്ള മുതിർന്ന അഭിഭാഷകനെ ഹാജരാക്കിയതെന്നും ജസ്റ്റിസ് അരുൺമിശ്ര വാക്കാൽ പറഞ്ഞു. പണം ലഭിച്ചാൽ അഭിഭാഷകർക്ക് എല്ലാമായോയെന്നും പണം മാത്രം മതിയോയെന്നും കോടതി ചോദിച്ചു. ആറാഴ്ചത്തെ സ്റ്റേ അനുവദിച്ച അവധിക്കാല ബെഞ്ചിന്റെ നടപടിയിലും അതൃപ്തി രേഖപ്പെടുത്തി. ആ ബെഞ്ച് ഹർജി പരിഗണിക്കരുതായിരുന്നുവെന്ന് അരുൺമിശ്ര പറഞ്ഞു.
തീരദേശ നിയമം ലംഘിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്‌ത്ത്, ജയിൻ ഹൗസിംഗ്, കായലോരം അപ്പാർട്ട്മെന്റ്, ആൽഫ വെഞ്ച്വേഴ്സ് എന്നീ ഫ്ളാറ്റുകൾ ഒരു മാസത്തിനുള്ളിൽ പൊളിക്കാൻ മേയ് എട്ടിനാണ് ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. പൊളിച്ച് നീക്കാനുള്ള കാലാവധി നീട്ടണമെന്ന ഫ്ലാറ്റുടമകളുടെ ആവശ്യം അരുൺമിശ്രയുടെ ബെഞ്ച് തന്നെ മേയ് 22ന് തള്ളി. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കോടതി ഉത്തരവെന്ന് ചൂണ്ടിക്കാട്ടി ജൂൺ 10ന് താമസക്കാർ ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, അജോയ് രസ്തോഗി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിൽ നിന്ന് ആറാഴ്ചത്തേക്ക് സ്റ്റേ നേടി. ഹർജികൾ ജസ്റ്റിസ് അരുൺമിശ്രയുടെ ബെഞ്ചിലേക്ക് മാറ്റുകയും ചെയ്തു. ഇവ പരിഗണിക്കവെയാണ് ജസ്റ്റിസ് അരുൺ മിശ്ര ഇന്നലെ രൂക്ഷവിമർശനം നടത്തിയത്.
ഉടമകൾക്ക് അനുകൂലമായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ കേരള തീരദേശപരിപാലന അതോറിട്ടി നൽകിയ അപ്പീലിലാണ് മേയ് എട്ടിന് സുപ്രീംകോടതി വിധി പറഞ്ഞത്. കെട്ടിടങ്ങൾ നിർമ്മിച്ചത് തീരദേശ പരിപാലന ചട്ടം ലംഘിച്ചാണെന്ന് കണ്ടെത്തിയായിരുന്നു നടപടി. 2006ൽ മരട് പഞ്ചായത്തായിരിക്കെ സി.ആർ സോൺ 3 ൽ ഉൾപ്പെട്ട പ്രദേശത്താണ് കെട്ടിടങ്ങൾ നിർമ്മിച്ചത്. പിന്നീട് മരട് മുനിസിപ്പാലിറ്റിയായി. നിലവിൽ അപ്പാർട്ട്മെന്റുകളുള്ള സ്ഥലം സി.ആർ സോൺ 2ലാണെന്നും ഇവിടത്തെ നിർമ്മാണങ്ങൾക്ക് തീരദേശ പരിപാലന അതോറിട്ടിയുടെ അനുമതി ആവശ്യമില്ലെന്നുമായിരുന്നു കെട്ടിട ഉടമകളുടെ വാദം. നിർമ്മാണ അനുമതി ലഭിക്കുമ്പോൾ സ്ഥലം സി.ആർ 3 ൽ ആയിരുന്നതിനാൽ അനുമതി നിർബന്ധമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |