SignIn
Kerala Kaumudi Online
Saturday, 14 June 2025 10.14 PM IST

വിവാദങ്ങൾക്കപ്പുറം ഉമ്മൻചാണ്ടി

Increase Font Size Decrease Font Size Print Page

oc

ഉമ്മൻചാണ്ടി വിടവാങ്ങി. മുതിർന്ന കോൺഗ്രസ് നേതാവ്, മുൻമുഖ്യമന്ത്രി, പ്രവർത്തകസമിതി അംഗം, എ.ഐ.സി.സി ജനറൽ സെക്രട്ടറി എന്നീ വിശേഷണങ്ങൾക്കുപരി മലയാളികൾ അദ്ദേഹത്തെ എന്തുമാത്രം സ്‌നേഹിച്ചിരുന്നു, എത്രമാത്രം ആദരിച്ചിരുന്നു എന്നതിനു നിദർശനമായി തിരുവനന്തപുത്തെ പുതുപ്പള്ളി ഹൗസിൽനിന്ന് കോട്ടയത്തെ പുതുപ്പള്ളി സെന്റ് ജോർജ് കത്തീഡ്രലിലേക്കുള്ള അന്ത്യയാത്ര. റോഡിന് ഇരുപുറത്തും അദ്ദേഹത്തെ കാണാൻ കാത്തുനിന്നവർ ഏതെങ്കിലും പാർട്ടിയുടെയോ മുന്നണിയുടെയോ സമുദായത്തിന്റെയോ മാത്രം പ്രതിനിധികളായിരുന്നില്ല. ജാതി, മത, രാഷ്ട്രീയ ഭേദമന്യെ പ്രിയപ്പെട്ട ഉമ്മൻചാണ്ടി സാറിന് അന്ത്യോപചാരം അർപ്പിക്കാൻ മണിക്കൂറുകൾ കാത്തുനിന്നത് സാധാരണ മലയാളികളായിരുന്നു. മൃതദേഹത്തിനൊപ്പം ആ വാഹനത്തിൽ ഉമ്മൻചാണ്ടിക്കെതിരെ രണ്ടുതവണ പുതുപ്പള്ളിയിൽ മത്സരിച്ചുതോറ്റ ഇപ്പോഴത്തെ മന്ത്രി വി.എൻ. വാസവനും ഉണ്ടായിരുന്നു. അദ്ദേഹം മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ഇവിടെ ഭൂരിപക്ഷ സമുദായക്കാർക്ക് ജീവിക്കാൻ നിവൃത്തിയില്ല, മറ്റു വല്ലയിടത്തേക്കും പോകേണ്ട അവസ്ഥയാണെന്ന് പരസ്യമായി വിലപിച്ച എൻ.എസ്.എസ് ജനറൽ സെക്രട്ടറി പെരുന്നയിലെ ആസ്ഥാന മന്ദിരത്തിനു മുന്നിൽ അന്ത്യോപചാരം അർപ്പിക്കാൻ കാത്തുനിന്നു. സുപ്രീംകോടതിവിധി നടപ്പാക്കുന്നതിൽ വീഴ്ചവരുത്തി എന്നാരോപിച്ച് സഭയുടെ സകല പരിപാടികളിൽനിന്നും ഉമ്മൻചാണ്ടിയെ വിലക്കിയ ഓർത്തഡോക്‌സ് സഭ മേലദ്ധ്യക്ഷൻ പരിശുദ്ധ കാതോലിക്കാ ബാവാ പുതുപ്പള്ളി പള്ളിയിലെത്തി അന്ത്യകർമ്മങ്ങൾക്ക് നേതൃത്വം നല്കി. സോളാർ വിവാദകാലത്ത് 'ചാണ്ടിചോർ" എന്നുവിളിച്ച് ആക്ഷേപിച്ച സി.പി.എം പ്രവർത്തകർ എം.സി റോഡിലെമ്പാടും ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചു. രാഷ്ട്രീയകേരളം മുമ്പ് കണ്ട ഏറ്റവും ജനനിബിഡമായ അന്ത്യയാത്രകൾ സഖാവ് എ.കെ. ജിയുടെയും ഇ.കെ. നായനാരുടെയും ആയിരുന്നു. പുതുപ്പള്ളിയിലേക്കുള്ള ഉമ്മൻചാണ്ടിയുടെ മടക്കയാത്ര അവയേയും കടത്തിവെട്ടി.

വലിയ ജനപ്രീതിക്കും ഇപ്പോൾ ദൃശ്യമായ വികാരപാരവശ്യത്തിനും അപ്പുറം ഉമ്മൻചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ ചരിത്രം എങ്ങനെ അടയാളപ്പെടുത്തും എന്നത് വലിയ ചോദ്യമാണ്. അഖിലകേരള ബാലജനസഖ്യത്തിലൂടെ പൊതുരംഗത്ത് വന്നയാളാണ് ഉമ്മൻചാണ്ടി; മലയാള മനോരമ എക്കാലത്തും അദ്ദേഹത്തിനു താങ്ങും തണലുമായിരുന്നു. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായിരിക്കവേ 1970 സെപ്‌തംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ആദ്യമായി മത്സരിച്ചു- സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തു. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. എല്ലാ തവണയും പുതുപ്പള്ളിക്കാർ തങ്ങളുടെ കുഞ്ഞൂഞ്ഞിനെ വിജയതിലകമണിയിച്ചു. 1977ൽ ആദ്യം മന്ത്രിയായി. 1978ലെ പിളർപ്പുകാലത്ത് ആന്റണിക്കൊപ്പം ഉറച്ചുനിന്നു. 1980ൽ കോൺഗ്രസ് യുവിന്റെ നിയമസഭാകക്ഷി നേതാവായി. 1981-82 കാലത്ത് കരുണാകരന്റെ കാസ്റ്റിംഗ് മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പ് കൈയാളി. 1991 മുതൽ 94വരെ ധനകാര്യമന്ത്രിയായി. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചുതോറ്റ എ.കെ. ആന്റണി പിന്നീട് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗവും കേന്ദ്രമന്ത്രിയുമായി ഡൽഹിക്ക് താവളം മാറ്റിയപ്പോൾ എ ഗ്രൂപ്പിന്റെ പൂർണചുമതല ഉമ്മൻചാണ്ടി ഏറ്റെടുത്തു. മന്ത്രിസ്ഥാനം രാജിവച്ച ഉടനെ നേതൃമാറ്റം ആവശ്യപ്പെട്ടു. ഐ.എസ്.ആർ.ഒ ചാരക്കേസ് ആളിക്കത്തിച്ചും ഘടകകക്ഷികളെ കൂട്ടുപിടിച്ചും കരുണാകരനെ താഴെയിറക്കി. അന്ന് ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആകേണ്ടതായിരുന്നു. പക്ഷേ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച് തിരുവനന്തപുരത്ത് പറന്നിറങ്ങിയ ആന്റണി മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തു. 2001ൽ ആന്റണി വീണ്ടും മുഖ്യമന്ത്രിയായി. ഉമ്മൻചാണ്ടിയെ രണ്ടാം സ്ഥാനക്കാരനായി കൊണ്ടുവരാൻ ആഗ്രഹിച്ചെങ്കിലും കരുണാകരൻ ഇടങ്കോലിട്ട് കെ.വി. തോമസിനെ മന്ത്രിയാക്കി. ഉമ്മൻചാണ്ടിക്ക് യു.ഡി.എഫ് കൺവീനർ പദവികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അതിനുശേഷം ഗുരുശിഷ്യന്മാർ തമ്മിൽ മാനസികമായി അകന്നു. കെ.മുരളീധരനെ കെ.പി.സി.സി പ്രസിഡന്റ് ആക്കിയത് ഉമ്മൻചാണ്ടിക്കും കൂട്ടർക്കും ഒരിക്കലും പൊറുക്കാൻ കഴിഞ്ഞില്ല.

2004 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും യു.ഡി.എഫിനുമുണ്ടായ തിരിച്ചടിക്കുശേഷം ആന്റണി വീണ്ടും കളമൊഴിഞ്ഞു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി. ആന്റണിയുടെ മന്ത്രിസഭയിൽ ഐ ഗ്രൂപ്പിൽ നിന്നുള്ള മന്ത്രിമാരെ തീരുമാനിച്ചത് കരുണാകരനായിരുന്നു. എന്നാൽ ഉമ്മൻചാണ്ടി അതിന് അവസരം നല്കിയില്ല. ഐ ഗ്രൂപ്പിൽ നിന്നുള്ള മന്ത്രിമാരെയും സ്വയം തിരഞ്ഞെടുത്തു. കരുണാകരപക്ഷപാതികളായ ടി.എം.ജേക്കബിനെയും ആർ. ബാലകൃഷ്ണപിള്ളയെയും മന്ത്രിസഭയിൽ എടുത്തതുമില്ല. കരുണാകര-മുരളീധരൻമാരെ പരമാവധി പ്രകോപിപ്പിച്ച് അവർ പാർട്ടി വിട്ടുപോകുന്ന സാഹചര്യം സൃഷ്ടിച്ചു. അങ്ങനെ കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ഉമ്മൻചാണ്ടിയുടെ സർവാധിപത്യം നിലവിൽവന്നു. പക്ഷേ അധികം വൈകാതെ തിരിച്ചടികളുടെ ഘോഷയാത്രയും ആരംഭിച്ചു. രജീനയുടെ വെളിപ്പെടുത്തലിനെ തുടർന്ന് പി.കെ. കുഞ്ഞാലിക്കുട്ടി അപമാനിതനായി രാജിവയ്‌ക്കേണ്ടിവന്നു. പിന്നീട് ഹൈക്കോടതിവിധി മാനിച്ച് കെ.പി.വിശ്വനാഥനും അഴിമതി ആരോപണത്തെ തുടർന്ന് കെ.കെ.രാമചന്ദ്രനും രാജിവച്ചു. സുനാമി പോലുള്ള പ്രകൃതി ദുരന്തങ്ങളും എസ്.എസ്.എൽ.സി ചോദ്യക്കടലാസ് ചോർച്ചപോലെ മുമ്പൊരിക്കലും കേട്ടുകേൾവി ഇല്ലാത്ത സംഭവങ്ങളും സർക്കാരിനെ വേട്ടയാടി. നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിൽ വന്ന വീഴ്ച മുസ്ലിം ലീഗിന്റെ ജനപിന്തുണയെപ്പോലും ബാധിച്ചു. 2005ലെ പഞ്ചായത്ത്-മുനിസിപ്പൽ തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന് വലിയ തിരിച്ചടി നേരിട്ടു. നിയമസഭ തിരഞ്ഞെടുപ്പിലും അത് ആവർത്തിച്ചു. മുസ്ലിം ലീഗിനു പോലും നിലതെറ്റി- കുഞ്ഞാലിക്കുട്ടിയും മുഹമ്മദ് ബഷീറും ഡോ. മുനീറും വരെ പരാജിതരായി.

2009ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും അതിനടുത്ത വർഷം നടന്ന പഞ്ചായത്ത്-മുനിസിപ്പൽ തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് ഗംഭീരവിജയം നേടിയെങ്കിലും 2011ലെ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അടുത്ത പ്രഹരമേറ്റു. ഇടമലയാർ കേസിൽ ആർ. ബാലകൃഷ്ണപിള്ളയെ സുപ്രീംകോടതി ശിക്ഷിച്ചു. അതിനും പുറമേ ഐസ്‌ക്രീംപാർലർ കേസ് പുനരുജ്ജീവിച്ചു. ഇതുരണ്ടും യു.ഡി.എഫിന്റെ പ്രതിഛായയെ പ്രതികൂലമായി ബാധിച്ചു. മറുഭാഗത്ത് വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിൽ ഇടതുമുന്നണി അതിശക്തമായി പ്രതിരോധിച്ചു. ഒടുവിൽ വെറും രണ്ടു സീറ്റിന്റെ ദയനീയ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തിൽ വന്നു (72-68). ആംഗ്ലോ ഇന്ത്യൻ അംഗത്തെ നാമനിർദ്ദേശം ചെയ്തപ്പോൾ അത് 73-68 ആയി; സ്പീക്കറെ തിരഞ്ഞെടുത്തപ്പോൾ വീണ്ടും 72-68. ഭക്ഷ്യമന്ത്രി ടി.എം.ജേക്കബ് അന്തരിച്ചപ്പോൾ 71-68. പിന്നീട് പിറവം ഉപതിരഞ്ഞെടുപ്പ് വിജയിക്കുകയും നെയ്യാറ്റിൻകര എം.എൽ.എ ശെൽവരാജ് കൂടുവിട്ട് കൂടുമാറുകയും ചെയ്തപ്പോൾ 73-67 എന്ന നിലയിലെത്തി. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആർ.എസ്.പിയുടെ മുന്നണിമാറ്റത്തോടെ 75-65 എന്ന സാമാന്യം ഭേദപ്പെട്ട നിലയിലെത്തി സർക്കാരിന്റെ ഭൂരിപക്ഷം. പക്ഷേ അപ്പോഴേക്കും വിവാദങ്ങൾ യു.ഡി.എഫിനെ വേട്ടയാടി. ആദ്യം പാമോലിൻ കേസിലെ പ്രതികൂല ഉത്തരവ്, പിന്നീട് ആഭ്യന്തരവകുപ്പിനു വേണ്ടി ഐ ഗ്രൂപ്പിന്റെയും നായർ സർവീസ് സൊസൈറ്റിയുടെയും സമ്മർദ്ദം, പിറവം ഉപതിരഞ്ഞെടുപ്പിലെ വിജയത്തെ തുടർന്ന് അഞ്ചാം മന്ത്രിസ്ഥാനത്തിനുവേണ്ടി മുസ്ലിംലീഗ് നടത്തിയ വിലപേശൽ; അതുണ്ടാക്കിയ സാമുദായിക ധ്രുവീകരണം.

2013 ജൂണിൽ സരിത നായർ കുടംതുറന്നുവിട്ട സോളാർ അപവാദം ഉമ്മൻചാണ്ടിയുടെ സൽപേരിനു തന്നെയും കളങ്കം ചാർത്തി. കൂടെ കേന്ദ്ര-സംസ്ഥാന മന്ത്രിമാരടക്കം നിരവധി നേതാക്കൾ ആരോപണ വിധേയരായി. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ച് ആവശ്യപ്പെട്ടിട്ടും ജി. കാർത്തികേയനെ കെ.പി.സി.സി പ്രസിഡന്റായി നിയമിക്കാൻ ഹൈക്കമാൻഡ് കൂട്ടാക്കിയില്ല. പകരംവന്ന വി.എം. സുധീരനോട് പൊരുത്തപ്പെടാൻ ഉമ്മൻചാണ്ടിക്കും കഴിഞ്ഞില്ല. അതിനു പിന്നാലെ ബാർകോഴ അപവാദം സർക്കാരിനെ വേട്ടയാടി. കെ.എം. മാണി എന്ന മഹാമല്ലൻ കോടതിയുടെ വജ്രാഘാതമേറ്റ് നിലംപതിച്ചു; കെ. ബാബു കഷ്ടിച്ച് രക്ഷപ്പെട്ടു. അരുവിക്കരയിൽ ജി. കാർത്തികേയന്റെ മകനെ മത്സരിപ്പിച്ച് വിജയിപ്പിക്കുന്നതിൽ ഉമ്മൻചാണ്ടി പ്രധാനപങ്ക് വഹിച്ചു. പക്ഷേ തുടർന്നു നടന്ന പഞ്ചായത്ത്, മുനിസിപ്പൽ തിരഞ്ഞെടുപ്പുകളിൽ വിജയം മുന്നണിയെ കൈവിട്ടു. അതിനു തൊട്ടുപിന്നാലെയാണ് ബാർകോഴ കേസിൽ കെ.എം. മാണി രാജിവയ്‌ക്കേണ്ടിവന്നത്. അടൂർ പ്രകാശ്, കെ.ബാബു, ഡൊമിനിക് പ്രസന്റേഷൻ, ബെന്നി ബഹനാൻ മുതലായവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് കൊടുക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടത് യു.ഡി.എഫിനെയും കോൺഗ്രസിനെയും വീണ്ടും പ്രതിസന്ധിയിലാക്കി. ദിവസങ്ങൾ നീണ്ടുനിന്ന വടംവലിക്കൊടുവിൽ ബെന്നി ബഹനാനു മാത്രം സീറ്റ് നഷ്ടപ്പെട്ടു. ബാബുവും ഡൊമിനിക്കും മത്സരിച്ചെങ്കിലും പരാജിതരായി. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫും കോൺഗ്രസും ചരിത്രപരാജയം ഏറ്റുവാങ്ങി. അതിനുശേഷം പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ ഉമ്മൻചാണ്ടി കൂട്ടാക്കിയില്ല. അദ്ദേഹത്തിന് യാതൊരു താത്പര്യവും ഇല്ലാതിരുന്നിട്ടും എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടു- കോൺഗ്രസിന്റെ വേരുപടലം പോലും ഇല്ലാതായ ആന്ധ്രപ്രദേശിന്റെ ചുമതലയും നല്കി. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉമ്മൻചാണ്ടിയെ തിരിച്ചുവിളിച്ചു. യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയാൽ അദ്ദേഹമായിരിക്കും മുഖ്യമന്ത്രി എന്ന പ്രതീതി സൃഷ്ടിച്ചു. അതുകൊണ്ടും യു.ഡി.എഫോ കോൺഗ്രസോ രക്ഷപ്പെട്ടില്ല. ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷവും നന്നേ കുറഞ്ഞു. അപ്പോഴേക്കും ആരോഗ്യം ക്ഷയിച്ച് അദ്ദേഹം തീർത്തും അവശനായി. നിയമസഭയിലോ പൊതുവേദികളിലോ ഉമ്മൻചാണ്ടിയെ കാണാതായി. ഒടുവിൽ ഇക്കഴിഞ്ഞ ദിവസം അദ്ദേഹം മരണത്തിനു കീഴടങ്ങി.

അധികാരത്തോട് ആക്രാന്തമുള്ള ആളായിരുന്നില്ല ഉമ്മൻചാണ്ടി. 1980ൽ നായനാരുടെ മന്ത്രിസഭയിൽ അംഗമാകാൻ അദ്ദേഹം വിസമ്മതിച്ചു. 1982ലും അതുതന്നെ ആവർത്തിച്ചു-വയലാർ രവിക്കും സിറിയക് ജോണിനും വേണ്ടി മാറിനിന്നു. ഡോ.എം.എ. കുട്ടപ്പന് രാജ്യസഭസീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് 1994ൽ ഉമ്മൻചാണ്ടി ധനകാര്യമന്ത്രിസ്ഥാനം വലിച്ചെറിഞ്ഞത്. 1995ൽ ആന്റണിയുടെ മന്ത്രിസഭയിൽ ചേരാനും താത്‌പര്യപ്പെട്ടില്ല. 2001ൽ തനിക്ക് മന്ത്രിസ്ഥാനം കിട്ടാഞ്ഞതിലല്ല, കരുണാകരനു വഴങ്ങി കെ.വി.തോമസിനെ മന്ത്രിയും കെ.മുരളീധരനെ കെ.പി.സി.സി അദ്ധ്യക്ഷനും ആക്കിയതിലായിരുന്നു ഉമ്മൻചാണ്ടിക്ക് ആന്റണിയോട് പക തോന്നിയത്. പാർട്ടിയേക്കാളുപരി ഗ്രൂപ്പിനെ സ്‌നേഹിച്ച നേതാവായിരുന്നു ഉമ്മൻചാണ്ടി. നേതൃത്വം കൈപ്പിടിയിൽ ഒതുങ്ങിയപ്പോൾ കരുണാകരവിഭാഗത്തെയും അവരോട് ചേർന്നുനിന്ന കേരള കോൺഗ്രസ് ഗ്രൂപ്പുകളെയും നിർമ്മൂലമാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അതിനു കോൺഗ്രസ് പാർട്ടിയും യു.ഡി.എഫും വലിയ വില കൊടുക്കേണ്ടിവന്നു എന്നാണ് ചരിത്രം. വളരെ പെട്ടെന്ന് തീരുമാനങ്ങൾ കൈക്കൊള്ളാനും കണ്ണടച്ച് തുറക്കും മുമ്പ് അതു നടപ്പാക്കാനും കഴിവുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം.

2011-16 കാലത്ത് ലോലമായ ഭൂരിപക്ഷമാണ് അദ്ദേഹത്തിന്റെ മന്ത്രിസഭയ്ക്ക് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഘടകകക്ഷികൾക്ക് അമിതമായി വഴങ്ങേണ്ടിവന്നു. കൃത്യമായി പറഞ്ഞാൽ മുസ്ലിം ലീഗാണ് മുന്നണിയെ നയിച്ചിരുന്നത്. ജാതിമത ശക്തികൾക്ക് അമിതമായി വഴങ്ങേണ്ടിവന്നത് ഭരണത്തിന്റെ ശോഭകെടുത്തി. ഘടകകക്ഷി നേതാക്കൾ നടത്തുന്ന തീവെട്ടിക്കൊള്ളയ്ക്ക് മുഖ്യമന്ത്രി മൂകസാക്ഷിയായി മാറി. ഭരണം നിലനിറുത്താൻ പല അധാർമ്മിക പ്രവൃത്തികളും ചെയ്യേണ്ടിവന്നു- ശെൽവരാജിനെ ചാക്കിട്ടുപിടിച്ചതും വി.എസ്. അച്യുതാനന്ദനെതിരെ ഭൂമിദാന കേസ് രജിസ്റ്റർ ചെയ്തതും ജോസ് തെറ്റയിലിനെതിരെ ലൈംഗികാരോപണം ഉയർത്തിയതും പോലെ. ഇതൊക്കെയാണെങ്കിലും അദ്ദേഹത്തിന്റെ വാടാത്ത പുഞ്ചിരിയും കലവറയില്ലാത്ത പെരുമാറ്റവും സഹജീവി സ്‌നേഹവും ഒരുപാട് ആരാധകരെ സൃഷ്ടിച്ചു. സഹപ്രവർത്തകരോടും ഉദ്യോഗസ്ഥരോടും എതിർ പാർട്ടിയിൽപ്പെട്ടവരോടുമൊക്കെ പൊതുവേ അനുകമ്പാമസൃണമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. നിയമസഭയ്ക്കകത്തും പുറത്തും മാതൃകാപരമായിരുന്നു ഉമ്മൻചാണ്ടിയുടെ ശൈലി. വി.എസ്. അച്യുതാനന്ദനെതിരെ ആഭാസപ്രസംഗം നടത്തിയ അന്നത്തെ മന്ത്രി ഗണേഷ്‌കുമാറിനു വേണ്ടി പിറ്റേന്ന് മുഖ്യമന്ത്രി മാപ്പുപറഞ്ഞത് ഏറ്റവും മികച്ച ദൃഷ്ടാന്തം. മുൻ അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. ബാബുപോൾ പണ്ടേ പ്രവചിച്ചതുപോലെ ഉമ്മൻചാണ്ടിയുടെ തെറ്റുകുറ്റങ്ങളും സോളാർ അപവാദവുമൊക്കെ ജനം മറന്നുകഴിഞ്ഞു. അദ്ദേഹത്തിന്റെ അനുകമ്പാപൂർണമായ പെരുമാറ്റവും സഹജീവി സ്‌നേഹവും എല്ലാവരും ഓർമ്മിക്കുകയും ചെയ്തു.

TAGS: OOMMEN CHANDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.