കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസമേഖല ഭൂരിഭാഗവും നിയന്ത്രിക്കുന്നത് ഏതാനും സമുദായങ്ങളാണ്. പട്ടികജാതി-വർഗ്ഗ വിഭാഗങ്ങൾക്ക് ഈ സ്ഥാപനങ്ങളിലെ അദ്ധ്യാപക-അനദ്ധ്യാപക നിയമനങ്ങളിൽ യാതൊരു പങ്കാളിത്തവുമില്ല. അവിടത്തെ നിയമനങ്ങളിൽ സംവരണവും വ്യവസ്ഥ ചെയ്തിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ചരിത്രത്തിലാദ്യമായി എയ്ഡഡ് മേഖലയിൽ പട്ടികവർഗ്ഗക്കാർക്ക് രണ്ടു കോളേജുകളും പട്ടികജാതിക്കാർക്കായി നാലു കോളേജുകളും അനുവദിച്ചത്. ഒ.ബി.സി വിഭാഗങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കണമെന്ന ആവശ്യം പതിറ്റാണ്ടുകളായി നിലനിന്നിരുന്നെങ്കിലും 2011ൽ അത് പ്രാവർത്തികമാക്കിയത് ഉമ്മൻചാണ്ടിയാണ്.
ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെട്ടതും അതേസമയം, പ്രത്യേക സംവരണത്തിന് അർഹതയില്ലാത്തതുമായ ഒ.ബി.എച്ച് ഗ്രൂപ്പിൽപ്പെട്ട 30ൽ അധികം വരുന്ന സമുദായങ്ങൾക്ക് വിദ്യാഭ്യാസമേഖലയിൽ പട്ടികജാതി വിഭാഗങ്ങൾക്ക് സാധാരണനിലയിൽ ലഭിക്കുന്ന എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും അനുവദിച്ചു നൽകിയതും ഉമ്മൻചാണ്ടിയാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിന് വിശ്വകർമ്മ സമുദായത്തിനും ധീവര സമുദായത്തിനും രണ്ട് ശതമാനം വീതവും കുശവ/കുലാല തുടങ്ങിയ മൺപാത്ര സമുദായങ്ങൾക്ക് ഒരു ശതമാനം പ്രത്യേക സംവരണവും അനുവദിച്ചത് ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരിക്കെയാണ്. ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്ക് സ്‌കൂൾതലത്തിൽ പ്രീമെട്രിക് സ്‌കോളർഷിപ്പ് തുടങ്ങി വിദേശ സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസത്തിനായി 10 ലക്ഷം രൂപ വരെ സൗജന്യമായി ലഭിക്കുന്ന പദ്ധതിയും അടക്കം നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചതും അദ്ദേഹം മുഖ്യമന്ത്രിയുമായിരുന്ന കാലഘട്ടത്തിലാണ്.
പിന്നാക്കവിഭാഗ വികസന വകുപ്പിന്റെ സ്ഥാപക ഡയറക്ടർ എന്ന നിലയിൽ വകുപ്പിന്റെ രൂപീകരണത്തിനും തുടർപ്രവർത്തനങ്ങൾക്കും എനിക്ക് ഉമ്മൻചാണ്ടിയിൽ നിന്ന് ലഭിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഉപദേശങ്ങളും പിന്നാക്ക സമുദായങ്ങളുടെ ഉയർച്ചയ്ക്കും ക്ഷേമത്തിനും ഏറെ സഹായകരമായിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്നേഹസ്‌മരണകൾക്ക് മുന്നിൽ പ്രണാമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |