ജൂലായ് ആദ്യവാരം കാലവർഷ കെടുതിയിൽ മദ്ധ്യകേരളമാകെ വെള്ളക്കെട്ടിലായപ്പോൾ നടന്ന ഒരു ശവസംസ്‌കാരച്ചടങ്ങ് പലരുടെയും മനസിനെ മുറിവേല്പിച്ചിരിക്കും. സ്വന്തം പുരയിടത്തിൽ വെള്ളം കയറിയതിനെത്തുടർന്ന് ഭൗതികദേഹം ദഹിപ്പിക്കാൻ വഴികാണാതെ വീടിനടുത്തെ പാലത്തിൽ താത്കാലിക ചിതയൊരുക്കി നടത്തിയ ശവസംസ്കാരമാണത്. അങ്ങനെ ചെയ്യേണ്ടിവന്ന കുടുംബാംഗങ്ങളുടെ വേദന പറഞ്ഞറിയിക്കാനാവില്ല. ഇത് മഴക്കാലത്ത് കുട്ടനാട്ടുകാരും താഴ്‌ന്ന പ്രദേശങ്ങളിൽ ജീവിക്കുന്നവരുമൊക്കെ സാധാരണ നേരിടാറുള്ള ദുർവിധിയാണ്. ഇതിനൊക്കെ പുറമെയാണ് സ്വന്തമായി ആറടി മണ്ണുപോലുമില്ലാത്തവർ നാട്ടിൻപുറങ്ങളിൽ അനുഭവിക്കുന്ന നിസ്സഹായത. അടുക്കളഭാഗം വരെ പൊളിച്ചുമാറ്റി കുഴിമാടം ഒരുക്കേണ്ടിവന്ന എത്രയോ ഹതഭാഗ്യർ. എല്ലാ പഞ്ചായത്തുകളിലും പൊതുശ്മശാനം ഒരുക്കേണ്ടതിന്റെ ആവശ്യകത ഈ പംക്തിയിൽ മുൻപും എഴുതിയിട്ടുള്ളതാണ്. നടപടിയുണ്ടാകുമെന്ന് സർക്കാർ ഭാഗത്തുനിന്ന് പലകുറി പ്രഖ്യാപനങ്ങളുമുണ്ടായി. കാര്യമായ ശ്രമമൊന്നും നടന്നില്ലെന്നു മാത്രം.
മരണപ്പെട്ടവരോടു ആദരവ് കാട്ടുകയെന്നത് മനുഷ്യസംസ്കാരത്തിന്റെ ഭാഗമാണ്. ക്രിസ്‌ത്യൻ - മുസ്ളിം വിഭാഗങ്ങളിൽപ്പെട്ടവർക്ക് പ്രത്യേകം ശ്‌മശാനങ്ങളുള്ളതിനാൽ മരണാനന്തര കർമ്മങ്ങൾക്കായി സ്ഥലം അന്വേഷിക്കേണ്ടതില്ല. എന്നാൽ ഗ്രാമങ്ങളിൽ കഴിയുന്ന പാവപ്പെട്ട ഹിന്ദു സമുദായാംഗങ്ങളാണ് ഉറ്റവർ മരിച്ചാൽ പ്രതികൂല സാഹചര്യങ്ങളിൽ അന്ത്യകർമ്മങ്ങൾക്കായി അലയേണ്ടിവരുന്നത്. പരിഷ്‌കൃതവും സംസ്കാരസമ്പന്നവുമായ ശ്മശാനങ്ങൾ എന്ന ആശയം ഇവിടെ ഇതുവരെ ഭരണകർത്താക്കളുടെ തലയിൽ ഉദിച്ചിട്ടുപോലുമില്ല. അതൊക്കെ വ്യക്തിപരമായ ആവശ്യമെന്ന നിലയ്ക്കാണു കാണുന്നത്.
വർഷങ്ങൾക്കു മുൻപ് തലസ്ഥാന നഗരിയിൽ തൈക്കാട് പൊതു ശ്മശാനത്തിന്റെ ഭാഗമായി ശാന്തികവാടം എന്ന പേരിൽ അത്യാധുനിക ശ്മശാനം സ്ഥാപിതമായപ്പോൾ സംസ്ഥാനത്തെമ്പാടുമുള്ള ജനങ്ങൾ അത്യധികം കൗതുകത്തോടെയാണ് അതിനെ വീക്ഷിച്ചത്. ശ്മശാനത്തിന്റെ പരമ്പരാഗത ചുറ്റുപാടിൽനിന്നു തീർത്തും വ്യത്യസ്തമാണ് ശാന്തികവാടത്തിൽ ഏർപ്പെടുത്തിയ സൗകര്യങ്ങൾ. ഇലക്ട്രിക് ഫർണസും ചടങ്ങിൽ സംബന്ധിക്കാനെത്തുന്നവർക്ക് ഇരിക്കാനും ചടങ്ങ് വീക്ഷിക്കാനുമുള്ള വിപുലമായ സൗകര്യങ്ങളാണ് അവിടെയുള്ളത്. അതിന്റെ മാതൃകയിൽ പിന്നീട് ചെറിയ രീതിയിൽ ആധുനിക ശ്മശാനങ്ങൾ നിലവിൽ വന്നെങ്കിലും ശാന്തികവാടം ഇന്നും ഏറെ പ്രത്യേകതകളോടെ തലയുയർത്തി നില്‌ക്കുന്നു.
ഇതുപറയാൻ കാരണം കോഴിക്കോട്ട് ബാലുശേരി ഉള്ളിയേരി പാലോറ കാരക്കാട്ട് കുന്നിൽ ആരംഭിച്ച പുതിയ ശ്മശാനവുമായി ബന്ധപ്പെട്ട വാർത്തയാണ്. ശാന്തികവാടം പോലെ ധാരാളം പ്രത്യേകതകളോടെയാണ് സ്‌മൃതിവനം എന്നു പേരിട്ടിരിക്കുന്ന ഈ ശ്മശാനവും നിർമ്മിച്ചിരിക്കുന്നത്. ഏറെ പരിസ്ഥിതി സൗഹൃദമെന്നതാണ് ആദ്യ സവിശേഷത. കുന്ന് അതേപടി നിലനിറുത്തി അതിനടിയിലാണ് ഗ്യാസിൽ പ്രവർത്തിക്കുന്ന ശ്മശാനം. രണ്ടര ഏക്കറിലധികം സ്ഥലത്താണ് സ്‌മൃതിവനം ഒരുക്കിയിരിക്കുന്നത് എന്നതുതന്നെ ശ്രദ്ധേയമാണ്. ശ്മശാനം കുന്നിനടിയിൽ പ്രവർത്തിക്കുമ്പോൾ വിശാലമായ കുന്നും പരിസരങ്ങളും വലിയൊരു ഉദ്യാനമായി മാറ്റിയിരിക്കുകയാണ്. അവിടെ കുട്ടികൾക്കു കളിക്കാൻ പാർക്കും ആംഫി തിയേറ്ററും വായനാമുറികളും വിശ്രമിക്കാനുള്ള ഇടങ്ങളുമുണ്ട്. ശ്മശാനമായി രൂപപ്പെടുത്തിയ സ്ഥലത്ത് അന്ത്യകർമ്മങ്ങൾ നടത്താനും ബന്ധുജനങ്ങൾക്ക് ചടങ്ങ് വീക്ഷിക്കാനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ബാലുശേരി എം.എൽ.എയായിരുന്ന പുരുഷൻ കടലുണ്ടി തന്റെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് സ‌്‌മൃതിവനത്തിന്റെ നിർമ്മാണത്തിനു തുടക്കമിട്ടത്. ഇപ്പോഴത്തെ എം.എൽ.എ സച്ചിൻദേവും ഗ്രാമപഞ്ചായത്തും സഹായവുമായി എത്തിയപ്പോൾ ബാലുശേരി കാരക്കാട്ടു കുന്നിൽ അഭിമാനകരമായ നിലയിൽ അത്യാധുനിക ശ്മശാനം നിലവിൽവന്നു. സംസ്ഥാനത്തെവിടെയും പകർത്താവുന്ന ഉത്തമ മാതൃകയാണ് ഇതെന്നു പ്രത്യേകം പറയേണ്ടതില്ല. ആസ്തിവികസന ഫണ്ട് വിളക്കുമരം സ്ഥാപിക്കാനും അല്പായുസ്സുള്ള വെയിറ്റിംഗ് ഷെഡ് നിർമ്മിക്കാനും മാത്രമുള്ളതാണെന്നു കരുതുന്ന ജനപ്രതിനിധികൾക്കുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് 'സ്‌മൃതിവനം."
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |