ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ആലുവയിലെ അഞ്ചുവയസുകാരി ബാലികയുടെ മുഖം കേരളത്തിന് തീരാദുഃഖമായി മാറിയിരിക്കുന്നു. ബീഹാറിൽനിന്ന് മാതാപിതാക്കളോടൊപ്പം കേരളത്തിലെത്തിയ ആ കുഞ്ഞിനുണ്ടായ ദുരനുഭവം ഇനി ആവർത്തിക്കരുത്. പെരിയാറിന്റെ തീരത്തുനിന്ന് കണ്ടെടുത്ത ആ പിഞ്ചുശരീരം നിറയെ പീഡനത്തിന്റെ ഗുരുതര മുറിവുകളായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ നരാധമനായ പ്രതിയും അന്യസംസ്ഥാനത്തുനിന്ന് ഇവിടെയെത്തിയതാണ്. ഇയാൾ ക്രൂരകൃത്യം നടത്താനായി ഒരാഴ്ചമുമ്പേ ഈ കുഞ്ഞിനെ നോട്ടമിട്ടിരുന്നു. അസ്‌ഫാക്ക് ആലം എന്ന ഇരുപത്തിയെട്ടുകാരൻ നേരത്തെയും പീഡനക്കേസിൽ പ്രതിയാണെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം. ഡൽഹിയിൽ ഇയാൾക്കെതിരെ പോക്‌സോ കേസുണ്ട്. 2018ലാണ് ഈ കേസിന് ആസ്പദമായ സംഭവം നടന്നത്. പത്തുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതാണ് കേസ്. അന്ന് ജയിലിലായ അസ്‌ഫാക് ഒരുമാസം തടവിൽ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയതാണ്.
അന്യസംസ്ഥാനങ്ങളിൽ നിന്നെത്തി ഇവിടെ തമ്പടിക്കുന്ന ക്രിമിനൽ കേസ് പ്രതികളെക്കുറിച്ച് ആർക്കും അറിയില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാൻ സർക്കാരും സമൂഹവും മുൻകരുതലുകൾ സ്വീകരിച്ചേ മതിയാവൂ. ജോലിക്ക് പോകുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് പകൽ ഷെൽട്ടറുകൾ തുടങ്ങാവുന്നതാണ്. മറ്റ് സംസ്ഥാനങ്ങളിൽ ക്രിമിനൽ കേസിൽപ്പെട്ടവരല്ല ഇവിടെ കഴിയുന്നതെന്ന് ഉറപ്പാക്കാൻ പൊലീസ് വകുപ്പും പ്രത്യേക സംവിധാനത്തിന് രൂപം നല്‌കണം. ഈ നാട്ടിൽ ജീവിക്കാനെത്തുന്ന അന്യസംസ്ഥാനക്കാരുടെ കുട്ടികളെ സംരക്ഷിക്കേണ്ടത് നമ്മുടെ നാടിന്റെ കടമയാണ്.
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ കേരളത്തിൽ കൂടിവരികയാണെന്നത് ഒരു യാഥാർത്ഥ്യമാണ്. 2016 മുതൽ 2023 വരെ കുട്ടികൾക്കെതിരെ 31,364 അതിക്രമങ്ങൾ നടന്നെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ പതിനായിരത്തോളം കുട്ടികൾക്കെതിരെ ലൈംഗികാതിക്രമമാണ് നടന്നത്. ആലുവ സംഭവത്തിൽ അറസ്റ്റിലായ പ്രതിക്കെതിരെ കൊലപാതക കുറ്റത്തിനൊപ്പം പോക്സോ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഈ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ വാങ്ങി നല്‌കാൻ പൊലീസും പ്രോസിക്യൂഷനും നടപടികൾ സ്വീകരിക്കുമെന്നാണ് സർക്കാർ ഉറപ്പ് നല്‌കുന്നത്. കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിതാ ശിശുവികസന വകുപ്പ് ഒരുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇത് തീരെ കുറഞ്ഞ തുകയാണ്. ഈ കുടുംബത്തിന് വീടും കൂടുതൽ ധനസഹായവും നല്‌കാൻ സർക്കാർ നടപടിയെടുക്കണം. അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നതിനുള്ള നിയമവും നടപ്പാക്കണം. ട്രെയിൻ കത്തിക്കൽ ഉൾപ്പെടെ അടുത്തിടെ നടന്ന പല സംഭവങ്ങളിലും പ്രതിസ്ഥാനത്ത് അന്യസംസ്ഥാനക്കാരാണ്. ഇത് അപകട സൂചനയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അന്യസംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികളെ എത്തിക്കുന്ന ഏജന്റുമാർക്ക് ലൈസൻസും തൊഴിലാളികൾക്ക് അതതു സംസ്ഥാനങ്ങളിലെ പൊലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റും നിർബന്ധമാക്കണം. ഇവരുടെ ക്യാമ്പുകളിൽ സമയബന്ധിതമായി പൊലീസ് പരിശോധന നടത്തി രേഖകൾ ഇല്ലാത്തവരെ ഉടനടി അതത് സംസ്ഥാനങ്ങളിലേക്ക് പറഞ്ഞയയ്ക്കുകയും വേണം. ഇനിയെങ്കിലും ഇത്തരം മാപ്പില്ലാത്ത ക്രൂരതകൾ ആവർത്തിക്കാൻ ഇടയാകരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |