SignIn
Kerala Kaumudi Online
Friday, 16 January 2026 5.05 AM IST

ഇന്ത്യ ജനാധിപത്യത്തിന്റെ ദീപസ്തംഭം

Increase Font Size Decrease Font Size Print Page
s

ദക്ഷിണേഷ്യയിലെ വൈവിധ്യപൂർണവും പ്രക്ഷുബ്ധവുമായ ഭൂപ്രദേശത്ത് ജനാധിപത്യം വളരെ ദുർബലമാണെങ്കിലും ഇത് രാഷ്ട്രങ്ങളുടെ ഭാവി നിർണയിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. ദക്ഷിണേഷ്യയിൽ കൂടെക്കൂടെ സംഭവിക്കുന്ന രാഷ്ട്രീയമായ അസ്ഥിരതയും സാമ്പത്തിക ഞെരുക്കവും ഇടയ്ക്കിടെയുണ്ടാകുന്ന ഏകാധിപത്യ പ്രവണതകളുമൊക്കെ സങ്കീർണതകൾ സൃഷ്ടിക്കുമ്പോൾ ഇന്ത്യയിൽ ജനാധിപത്യ സ്ഥാപനങ്ങൾ അഭംഗുരം മുന്നേറുകയാണ്. 2024 ലെ പൊതു തെരഞ്ഞെടുപ്പിൽ 64 കോടി ആളുകളാണ് വോട്ട് ചെയ്തത്. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യ സുസ്ഥിരമായി മുന്നോട്ടു പോവുന്നു എന്നതു കൂടിയാണ് ഇത്രയും ബൃഹത്സംഖ്യ വോട്ടു ചെയ്തതിലൂടെ തെളിയിക്കപ്പെടുന്നത്.

മധ്യപൂർവ ദേശത്തെ ഇന്ത്യക്കാരുടെ കാര്യമെടുക്കുക. അവിടങ്ങളിൽ തൊഴിൽപരമായ മികവു പ്രകടിപ്പിക്കുന്നവരുടെ ശക്തി സ്രോതസ്സ് രാജ്യത്തിന്റെ സുദൃഢമായ സാംസ്കാരിക കെട്ടുപാടുകളാണ്. ഇതാകട്ടെ നമ്മുടെ ജനാധിപത്യ സഞ്ചാരം നൽകുന്ന അഭിമാനത്തിൽ നിന്ന് ഉടലെടുക്കുന്നതുമാണ്. ഇത് നമ്മുടെ നാനാത്വത്തിലെ ഏകത്വം എന്ന സങ്കല്പത്തിന്റെ പ്രതിഫലനമാണ്. ഇത് ഏറ്റവും ദുർബലരായവർക്കുപോലും തുല്യമായ അവസര സമത്വം ഉറപ്പാക്കണന്നെ മഹാത്മാഗാന്ധിയുടെ ദർശനത്തിന്റെ പ്രതിധ്വനിയുമാണ്. ഈയർത്ഥത്തിൽ, ഇന്ത്യ ബഹുസ്വര ഭരണ സംവിധാനത്തിന്റെ പ്രാദേശികമായ അടിസ്ഥാനം മാത്രമല്ല, ആഗോള സൂചകം കൂടിയാണ്.


ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തി

ഭരണഘടനാപരമായ പരമാധികാരം, സാർവത്രികമായ പ്രായപൂർത്തി വോട്ടവകാശം, മൗലികാവകാശങ്ങൾ എന്നിവയിലാണ് ഇന്ത്യൻ ജനാധിപത്യം കുടികൊള്ളുന്നത്. സ്വതന്ത്രമായ നീതിനിർവഹണ സംവിധാനം ഒരു സുപ്രധാന മേഖലയാണ്. അതുപോലെ മതസ്വാതന്ത്ര്യം, നിയമത്തിനു മുന്നിലെ തുല്യത, തിരഞ്ഞെടുപ്പു സംവിധാനം എന്നിവയാണ് ലോകത്തെ തന്നെ ഏറ്റവും ബഹുസ്വരമായ സാമൂഹ്യ സംവിധാനം നിലനിൽക്കുന്ന ഇന്ത്യയുടെ സാമുഹൃ ദൃഢതയ്ക്ക് കാരണം. ഇന്ത്യയുടെ 6-7 ശതമാനം വാർഷിക സാമ്പത്തിക വളർച്ചയുടെ അസ്തിവാരവും ഇതാണ്. ജി 20 പോലുള്ള അന്താരാഷ്ട്ര കൂട്ടായ്മകളിൽ ഇന്ത്യയുടെ പങ്ക് വർദ്ധിച്ചു വരുന്നതിന്റെ അടിസ്ഥാനവും മറ്റൊന്നല്ല. നമ്മുടെ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാം പറഞ്ഞതുപോലെ ജനാധിപത്യം ഉറപ്പാക്കുന്നത് സ്വാതന്ത്ര്യം മാത്രമല്ല, അവസരസമത്വം കൂടിയാണ്.


ഭരണസംവിധാനത്തിന്റെ ബഹുശ്രേണി

ജനാധിപത്യ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനു സഹായകമാണ് ഇന്ത്യയുടെ ഫെഡറൽ ഘടന. യൂണിയൻ - സംസ്ഥാന-പ്രാദേശിക ഗവൺമെന്റുകൾ എന്ന നിലയിൽ ത്രിതല ഭരണ സംവിധാനമാണ് രാജ്യത്തു നിലനിൽക്കുന്നത്. പ്രതിരോധം, വിദേശനയം എന്നിങ്ങനെ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ യൂണിയൻ ഗവൺമെന്റ് കൈകാര്യം ചെയ്യുമ്പോൾ, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ആഭ്യന്തരം എന്നിവ സംസ്ഥാന ഗവൺമെന്റുകളുടെ ചുമതലയിലാണ്. ഇത് പ്രാദേശിക കാര്യങ്ങൾ പ്രതിഫലിപ്പിക്കാൻ സഹായിക്കും.

താഴേത്തട്ടിൽ ഭരണഘടനയുടെ 73, 74 ഭേദഗതികളുടെ ഫലമായി പഞ്ചായത്തുകളും നഗരസഭകളും ശാക്തീകരിക്കപ്പെട്ടു. രണ്ടര ലക്ഷം ഗ്രാമങ്ങളും നഗര കേന്ദ്രങ്ങളുമാണ് ഇതുവഴി ശക്തമായത്. ശുചീകരണം, അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹ്യ വികസനം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഈ ത്രിതല സംവിധാനം ജനങ്ങൾക്ക് അവസരം നൽകുന്നു. ഈ അധികാര വികേന്ദ്രീകരണം ജനങ്ങളെ ഭരണ സംവിധാനവുമായി അടുപ്പിക്കുന്നു. ദൈനംദിന ജീവിതത്തിൽ വേരൂന്നിയ ജനാധിപത്യമെന്ന ജവഹർലാൽ നെഹ്രുവിന്റെ കാഴ്ചപ്പാടിനെ ഊട്ടിയുറപ്പിക്കുന്നതുമാണിത്.


രാഷ്ട്രീയ വഴി എല്ലാ മേഖലയിലുള്ളവർക്കും

എല്ലാത്തിനെയും ഉൾക്കൊള്ളുന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ചട്ടക്കൂട് . ഇവിടെ വനിതാ പ്രാതിനിധ്യം പടിപടിയായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. 18-ാമത് ലോകസഭയിൽ 13.6 ശതമാനമായിരുന്നു വനിതാ പ്രാതിനിധ്യം. ഇതേ സമയം, തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ 45 ശതമാനമായിരുന്നു. ഭരണഘടനാപരമായ സംവരണ സാദ്ധ്യതകളുടെ ഫലമായിട്ടാണ് വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കാൻ കഴിഞ്ഞത്. ഇന്ദിരാ ഗാന്ധി, പ്രതിഭാ പാട്ടിൽ, ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ എന്നിവർ ദേശീയ ഭരണ സംവിധാനത്തിൽ വനിതാ പ്രാതിനിധ്യം വർദ്ധിക്കുന്നതിനു തെളിവാണ്. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർ രാജ്യത്തെ പരമോന്നത പദവി അലങ്കരിക്കുന്നതിനും ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ട്. രാഷ്ട്രപതിമാരായിരുന്ന സാക്കീർ ഹുസൈൻ, എ.പി.ജെ അബ്ദുൾ കലാം, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങ് എന്നിവർ ഇതിനു തെളിവാണ്. രാജ്യത്തെ 20 ശതമാനത്തിലേറെ ജനങ്ങൾ ന്യൂനപക്ഷത്തിൽപ്പെടുന്നവരായതുകൊണ്ട്, തെരഞ്ഞെടുപ്പുകളിലെ ഇവരുടെ പ്രാതിനിധ്യവും, ഭരണഘടനാപരമായ സംരക്ഷണവും ഇവരെയെല്ലാം ഉൾക്കൊള്ളുന്നത് ഉറപ്പാക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലുള്ള വിവിധ സമൂഹങ്ങളെ ചേർത്തുപിടിക്കുന്നതിലും രാജ്യത്തിന്റെ ഈ ബഹുസ്വരത പ്രകടമാണ്.


ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വാതന്ത്യം

നിയമനിർമാണ സഭ, ഭരണനിർവഹണ സഭ, നീതിനിർവഹണസഭ എന്നിവയുടെ അധികാരങ്ങൾ കൃത്യമായി നിർണയിക്കപ്പെട്ടിട്ടുള്ളത് ജനാധിപത്യ ക്രമം കാത്തുസൂക്ഷിക്കാൻ സഹായിക്കുന്നു. ഭരണഘടനയിലെ 50-ാം അനുച്ഛേദം കോടതികളുടെ സ്വാതന്ത്ര്യം ഉറപ്പാക്കുന്നുണ്ട്. ഇത് നിയമനിർമാണ സഭയുടെയും ഭരണനിർവഹണസഭയുടെയും നടപടികൾ പുന:പരിശോധിക്കാൻ കോടതികളെ സഹായിക്കുന്നു. ജനാധിപത്യത്തിന്റെ വ്യത്യസ്ത തൂണുകൾക്കുള്ള ഈ സമതുലിതാവസ്ഥ ജനങ്ങളുടെ വിശ്വാസമാർജിക്കാൻ ഉതകുന്നതാണ്. ഇത് ഫലത്തിൽ ക്രമസമാധാനം ബലപ്പെടുത്തുകയും ചെയ്യുന്നു. സൈന്യത്തിന്റെ സ്വാധീനവും, രാഷ്ട്രീയമായ പ്രക്ഷോഭങ്ങളും സാമ്പത്തിക ദുരിതങ്ങളുമൊക്കെ സങ്കീർണത സൃഷ്ടിക്കുന്ന അയൽരാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ ഇന്ത്യയിൽ ജനാധിപത്യ സംവിധാനം തുടരുകയും തിരഞ്ഞെടുപ്പുകൾ നടത്തുകയും ചെയ്തു വരുന്നുണ്ട്. കോടിക്കണക്കിനാളുകൾ സമാധാനപരമായി തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകുന്നതു വഴി ഇന്ത്യ ദക്ഷിണേഷ്യയിലെ ജനാധിപത്യത്തിന്റെ തിളങ്ങുന്ന ദീപസ്തംഭമാണ്. പുരാതന സാംസ്കാരിക മൂല്യങ്ങളെ ആധുനിക ഭരണഘടനാ മൂല്യങ്ങളുമായി വിളക്കിചേർക്കുക വഴി ഇന്ത്യ ദക്ഷിണേഷ്യയിൽ മാത്രമല്ല, ആഗോള തലത്തിലും ഒരു പ്രചോദകബിന്ദുവായി തുടരുകയാണ്. സ്വാമി വിവേകാനന്ദൻ പറഞ്ഞതു പോലെ, ' ഉണരുക, എഴുന്നേൽക്കുക, ലക്ഷ്യത്തിലെത്തുന്നതുവരെ നിർത്താതിരിക്കുക" ഇന്ത്യൻ ജനാധിപത്യം എല്ലാവർക്കും ഭാസുരമായ ഭാവി വാഗ്ദാനം ചെയ്യുന്നു.

TAGS: INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.