തിരുവനന്തപുരം: കെ.പി.സി.സി പുനസംഘടന ഈ മാസം 31നകം പൂർത്തിയാക്കാൻ രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ധാരണ. വർക്കിംഗ് പ്രസിഡന്റുമാർക്കു പകരം പഴയതു പോലെ വൈസ് പ്രസിഡന്റുമാരെ നിയോഗിക്കണോ, വർക്കിംഗ് പ്രസിഡന്റുമാരെ നിലനിറുത്തി പുതിയ വൈസ് പ്രസിഡന്റുമാർ വേണോ, കൊടിക്കുന്നിൽ സുരേഷ് ലോക്‌സഭയിലെ പാർട്ടി ചീഫ് വിപ്പും കെ. സുധാകരൻ എം.പിയുമായ സ്ഥിതിക്ക് ഇവർക്കു പകരം വേറെ ആളുകൾ വേണോ, പുതിയ ഭാരവാഹികളുടെ എണ്ണം എത്രയാകാം തുടങ്ങി നയപരമായ വിഷയങ്ങളിൽ ഹൈക്കമാൻഡുമായി വീണ്ടും ആലോചിച്ച് ധാരണയിലെത്താൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ യോഗം ചുമതലപ്പെടുത്തി.
പുതുതായി നിയമിക്കുന്ന ഭാരവാഹികൾ കെ.പി.സി.സി അംഗങ്ങളിൽ നിന്നുതന്നെ ആകണമെന്ന നിർദ്ദേശം യോഗത്തിൽ കെ. മുരളീധരൻ എം.പി മുന്നോട്ടുവച്ചത് യോഗം അംഗീകരിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആറു മണ്ഡലങ്ങളിൽ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനും യോഗത്തിൽ തീരുമാനമായി.
യുവാക്കൾ, ദളിതർ, വനിതകൾ എന്നിവർക്ക് പുന:സംഘടനയിൽ മതിയായ പ്രാതിനിദ്ധ്യം വേണമെന്നാണ് ധാരണ. സമിതിയുടെ വലിപ്പത്തിനല്ല, പ്രവർത്തനക്ഷമതയ്ക്കാവണം പ്രാമുഖ്യം. തൃശൂർ, പാലക്കാട് ഡി.സി.സികളുടെ അദ്ധ്യക്ഷന്മാരായ ടി.എൻ. പ്രതാപനും വി.കെ. ശ്രീകണ്ഠനും എം.പിമാരായ സാഹചര്യത്തിൽ അവിടെ പുതിയ അദ്ധ്യക്ഷന്മാരെ കണ്ടെത്തും. പുനസംഘടന സംബന്ധിച്ച് എല്ലാ അംഗങ്ങളുടെയും അഭിപ്രായങ്ങൾ കെ.പി.സി.സി അദ്ധ്യക്ഷൻ കേൾക്കും. യൂത്ത് കോൺഗ്രസിൽ ഭാരവാഹി തിരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കാൻ ഹൈക്കമാൻഡുമായി ആലോചിച്ച് നടപടിയെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |