ജൂലായ് 21 നാണ് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാജ്യോതി-സ്ലേറ്റ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പ്രസംഗവശാൽ അദ്ദേഹം വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളരേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. കൂട്ടത്തിൽ ഹിന്ദുത്വ അജൻഡകൾക്കനുസരിച്ച് ശാസ്ത്രസത്യങ്ങൾ പോലും വളച്ചൊടിക്കപ്പെടുകയാണെന്നും ആരോപിച്ചു. രാവണന്റെ പുഷ്പക വിമാനമായിരുന്നു ആദ്യം കണ്ടുപിടിച്ചതെന്നും ഐ.വി.എഫ് ചികിത്സയിലൂടെയാണ് കൗരവപ്പട ഉണ്ടായതെന്നും പ്ലാസ്റ്റിക് സർജറിയിലൂടെ ഗണപതിയുടെ മുഖം മാറ്റിവച്ചുവെന്നും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി. ആ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈകാതെ വൈറലായി. ഷംസീർ തന്നെ പരിശുദ്ധ ഖുർ-ആനെ പ്രകീർത്തിക്കുന്ന ഭാഗങ്ങൾ കൂട്ടിച്ചേർത്ത് യുക്തിവാദികളാണ് ഈ വീഡിയോ ആദ്യം പ്രചരിപ്പിച്ചത്. അതോടെ ഹിന്ദുത്വവാദികൾ സടകുടഞ്ഞെഴുന്നേറ്റു. ഗണപതിയെയും പുരാണകഥാപത്രങ്ങളെയും അവഹേളിച്ച സ്പീക്കർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ക്ഷേത്രസംരക്ഷണ സമിതി പഴവങ്ങാടി ഗണപതി കോവിലിൽ നിന്നു സെക്രട്ടേറിയറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ആ ഘട്ടത്തിലൊന്നും മാർക്‌സിസ്റ്റ് പാർട്ടിയോ വർഗബഹുജനസംഘടനകളോ ഈ വിഷയത്തിൽ ഒരഭിപ്രായവും പ്രകടിപ്പിച്ചില്ല. ഷംസീറിന് അനുകൂലമായി എന്തെങ്കിലും പറഞ്ഞാൽ പാർട്ടിയിലെ മറ്റൊരു അധികാരകേന്ദ്രത്തിന് അനിഷ്ടം ഉണ്ടായാലോ എന്ന ഭയമായിരിക്കാം അവരെ ഭരിച്ചത്. സംസ്ഥാന നേതൃത്വത്തിന് തീർത്തും അനഭിമതനായിത്തീർന്ന പി. ജയരാജൻ ആ അവസരം കൃത്യമായി ഉപയോഗിച്ചു. ഷംസീറിനെ തൊട്ടുകളിച്ചാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കും എന്ന് താക്കീത് ചെയ്തു. അതോടെ കാര്യം സീരിയസായി. മുഖ്യധാര മാദ്ധ്യമങ്ങൾ ഏറ്റെടുത്തു. ഷംസീർ മാപ്പുപറയണമെന്ന് എൻ.എസ്.എസും എസ്.എൻ.ഡി.പി യോഗവും ഒഴികെയുള്ള ഹിന്ദു സമുദായ സംഘടനകൾ ആവശ്യപ്പെട്ടു. അതോടെ അഭിപ്രായം വ്യക്തമാക്കാൻ പാർട്ടി നിർബന്ധിതമായി. ഷംസീറിന്റെ പ്രസ്താവനയിൽ യാതൊരു അപാകതയുമില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന പുറപ്പെടുവിച്ചു; സ്പീക്കറെ സെക്രട്ടറി സൈദ്ധാന്തിക തലത്തിൽ ന്യായീകരിച്ചു.
അതുവരെ സംയമനം പാലിച്ച എൻ.എസ്.എസ് ജനറൽ സെക്രട്ടറി പെട്ടെന്ന് പൊട്ടിത്തെറിച്ചു. ജൂലായ് 31ന് അതിരൂക്ഷമായ ഭാഷയിൽ ഒരു വാർത്താപ്രസ്താവന പുറപ്പെടുവിച്ചു. ഹൈന്ദവരുടെ ആരാധനാമൂർത്തിയായ ഗണപതി ഭഗവാനെ വിമർശിച്ചുകൊണ്ടുള്ള സ്പീക്കറുടെ നിരൂപണം അതിര് കടന്നുപോയെന്നും മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള പെരുമാറ്റം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി. ആകയാൽ നിയമസഭ സ്പീക്കറായി തുടരാൻ അദ്ദേഹത്തിന് അർഹതയില്ല, വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുംവിധം സ്പീക്കർ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് മാപ്പുപറയണം; അല്ലാത്തപക്ഷം യുക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് ബാദ്ധ്യതയുണ്ട്. നായർ സർവീസ് സൊസൈറ്റിയല്ല ആരുതന്നെ പറഞ്ഞാലും നിലപാടിൽ മാറ്റമില്ലെന്നായിരുന്നു പാർട്ടി സെക്രട്ടറിയുടെ മറുപടി. അതോടെ സൈബർ പോരാളികളും സാംസ്‌കാരിക നായികാ-നായകന്മാരും ഉഷാറായി. ഓരോരുത്തരും സ്പീക്കറെ പ്രകീർത്തിച്ചു; സുകുമാരൻ നായരെയും ഗണപതിയെത്തന്നെയും പരിഹസിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട രണ്ടു മുൻമന്ത്രിമാർ പെരുന്നയ്ക്കു നേരെ നിരവധി പരിഹാസശരങ്ങൾ എയ്തുവിട്ടു. മുഖ്യമന്ത്രി ഉൾപ്പെടെ പാർട്ടിയിലെ മറ്റു നേതാക്കൾ അർത്ഥഗർഭമായ മൗനം പാലിച്ചു. പാർട്ടി സെക്രട്ടറിയുടെ താത്വിക അവലോകനവും മുൻമന്ത്രിമാരുടെ പരിഹാസവും എൻ.എസ്.എസ് ജനറൽ സെക്രട്ടറിയെ കൂടുതൽ പ്രകോപിതനാക്കി. ആഗസ്റ്റ് രണ്ട് വിശ്വാസസംരക്ഷണ ദിനമായി ആചരിക്കാൻ അദ്ദേഹം എല്ലാ താലൂക്ക് യൂണിയനുകൾക്കും സർക്കുലർ അയച്ചു. നിശ്ചിതദിവസം വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി. സ്പീക്കർക്ക് സൽബുദ്ധി തോന്നാൻ നാളികേരമുടച്ച് പ്രാർത്ഥിച്ചു. സംഗതിവശാൽ പെരുന്നയിലെത്തിച്ച എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റും ഗണപതിയുടെ കാര്യത്തിൽ ഉത്കണ്ഠ അറിയിച്ചു. പിന്നീട് ശിവഗിരി മഠവും അതിനോട് യോജിച്ചു. നായർ സമുദായത്തിന് പ്രാമുഖ്യമുള്ള സ്ഥലമാണ് തിരുവനന്തപുരം. അവിടെ കരയോഗ അംഗങ്ങൾ പാളയത്തുനിന്ന് പഴവങ്ങാടിയിലേക്ക് നാമജപഘോഷയാത്ര നടത്തി കരുത്തുതെളിയിച്ചു. ശാസ്ത്രത്തെക്കാൾ പ്രധാനമാണ് വിശ്വാസമെന്നും വിശ്വാസസംരക്ഷണത്തിനായി ബി.ജെ.പിയുമായിപ്പോലും സഹകരിക്കുമെന്നും ജി. സുകുമാരൻ നായർ പ്രഖ്യാപിച്ചു. അതോടെ പ്രശ്‌നം കൂടുതൽ സങ്കീർണമായി.
എക്കാലത്തും യു.ഡി.എഫിന്റെ, വിശിഷ്യാ കോൺഗ്രസിന്റെ വോട്ടുബാങ്കാണ് കരയോഗം നായന്മാർ. നായർ വോട്ടുകൾ ബി.ജെ.പിക്കു പോയാൽ സംസ്ഥാനത്ത് കോൺഗ്രസിന്റെ കാര്യം പരിതാപകരമാകും. പ്രത്യേകിച്ചും ക്രിസ്ത്യൻ-മുസ്ലിം സമുദായങ്ങളിൽ ഒരുവിഭാഗം എൽ.ഡി.എഫിലേക്ക് ആകർഷിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ. അതോടെ കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഞെട്ടിയുണർന്നു. സ്പീക്കറുടെ പരാമർശം അനുചിതമാണെന്നും ഉടൻ തിരുത്തണമെന്നും ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും ഏറെക്കുറെ അതേ അഭിപ്രായം പങ്കുവച്ചു. ഇതുകൊണ്ടൊന്നും കുലുങ്ങുന്നയാളല്ല സി.പി.എം സംസ്ഥാന സെക്രട്ടറി. അദ്ദേഹം വാർത്താസമ്മേളനം നടത്തി തന്റെ നിലപാട് ആവർത്തിച്ചു. സ്പീക്കർ മാപ്പ് പറയുന്ന പ്രശ്‌നമില്ലെന്ന് വ്യക്തമാക്കി. ഗണപതി മിത്താണെന്ന് തറപ്പിച്ചു പറഞ്ഞു. അല്ലാഹു മിത്താണോ എന്ന ചോദ്യത്തിന് അതൊക്കെ വിശ്വാസത്തിന്റെ കാര്യമാണെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. പിന്നാലെ സ്പീക്കറും വാർത്താലേഖകരെ കണ്ടു. വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്താൻ മാത്രമേ താൻ ഉദ്ദേശിച്ചുള്ളൂവെന്നും വിശ്വാസികൾക്ക് എതിരല്ലെന്നും ആണയിട്ടു പറഞ്ഞു. വിശ്വാസിയാണോ എന്ന് ലേഖകർ കുത്തിച്ചോദിച്ചപ്പോൾ, ഒരു നിമിഷം മൗനിയായി. അതല്ലല്ലോ ഇവിടുത്തെ വിഷയം എന്ന മറുചോദ്യം ഉന്നയിച്ചു. സമുദായ സ്പർദ്ധ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടതും അതുതന്നെയായിരുന്നു. വിഷയം കത്തിച്ചുനിറുത്താനും ഈയാണ്ടത്തെ ഗണേശോത്സവം പൊടിപൂരമാക്കാനുമാണ് അവരുടെ തീരുമാനം. രാമലീലയ്ക്ക് രാവണന്റെ കോലം കത്തിക്കുന്നതുപോലെ വിനായക ചതുർത്ഥിക്ക് സ്പീക്കറുടെ കോലം കത്തിക്കുമോ എന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.
തന്റെ പ്രസ്താവന സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി സമുദായ സ്പർദ്ധയുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് അറിഞ്ഞപ്പോൾത്തന്നെ സ്പീക്കർ നിലപാട് വ്യക്തമാക്കുകയും കേവലം ഒരു ഖേദപ്രകടനമെങ്കിലും നടത്തുകയും ചെയ്തിരുന്നെങ്കിൽ ഈ വിഷയം അവിടെ അവസാനിക്കുമായിരുന്നു. അല്ലെങ്കിൽ പാർട്ടി ഇടപെട്ട് അദ്ദേഹത്തെ തിരുത്തണമായിരുന്നു. പക്ഷേ രണ്ടും സംഭവിച്ചില്ല- സ്പീക്കർ തന്റെ ശാസ്ത്രാനുകൂല നിലപാടിലും പാർട്ടി സെക്രട്ടറി പ്രത്യയശാസ്ത്രത്തിലും ഉറച്ചുനിന്നു. അതുകൊണ്ട് ബുദ്ധിജീവികൾക്കും സാംസ്‌കാരിക നായികാനായകന്മാർക്കും നിലപാട് വ്യക്തമാക്കാൻ അവസരം ലഭിച്ചു. മുൻമന്ത്രിമാർ എരിതീയിൽ എണ്ണയൊഴിച്ച് തങ്ങൾക്ക് ടിക്കറ്റ് നിഷേധിച്ച പാർട്ടിയോട് പകരംവീട്ടി. സംഘപരിവാർ സംഘടനകൾ കാത്തിരുന്ന സുവർണാവസരം കൈവന്നു. നാമജപ ഘോഷയാത്രയിലൂടെ നായർ സമുദായത്തെ കുടക്കീഴിൽ നിറുത്താൻ ജനറൽ സെക്രട്ടറിക്കും സാധിച്ചു. 2019ൽ ശബരിമല അയ്യപ്പൻ എന്നപോലെ 2024ൽ ഗണപതി ഭഗവാൻ കരകയറ്റും എന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതാക്കൾ. സർവം ശുഭം മംഗളം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |