തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എം.എൽ.എമാരെ മത്സരിപ്പിച്ച ഇടതു വലത് മുന്നണികൾ ജനാധിപത്യത്തെ കുഴിച്ചുമൂടുകയും അഞ്ച് നിയമസഭാ മണ്ഡലങ്ങളെ അനാഥമാക്കുകയും ചെയ്തതായി ബി.ഡി.ജെ.എസ് ദേശീയ പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ജനപ്രതിനിധികളുടെ ജനവഞ്ചനയ്ക്കെതിരെ ബി.ഡി.ജെ.എസ് വട്ടിയൂർക്കാവിൽ നടത്തിയ പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഞ്ചിടത്ത് എം.എൽ.എമാർ എം.പിമാരായതോടെ ഇവിടങ്ങളിൽ ഓരോയിടത്തും ഉപതിരഞ്ഞെടുപ്പിന് ഒന്നരക്കോടി രൂപ ചെലവാക്കണം. ഇതിനുപയോഗിക്കുന്നത് ജനങ്ങളുടെ നികുതിപ്പണമാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ച് സർക്കാരുണ്ടാക്കുമെന്നും കേന്ദ്രമന്ത്രിയാകാമെന്നുമായിരുന്നു മത്സരിച്ച എം.എൽ.എമാരുടെ പ്രതീക്ഷ. എന്നാൽ മതേതരത്വം ഉയർത്തിപ്പിടിച്ച് ഭരിച്ച എൻ.ഡി.എ സർക്കാർ വീണ്ടും അധികാരത്തിലെത്തി. ജനസേവനമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് ബി.ഡി.ജെ.എസ് സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകും. ഉപതിരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷയുണ്ട്.
ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അജി .എസ്.ആർ.എം അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസു, വൈസ് പ്രസിഡന്റുമാരായ പൈലി വാത്യാട്ട്, തഴവ സഹദേവൻ, സോമശേഖരൻ നായർ, സംസ്ഥാന സെക്രട്ടറിമാരായ പരുത്തിപ്പള്ളി സുരേന്ദ്രൻ, രാജേഷ് മലയിൻകീഴ്, മണ്ഡലം പ്രസിഡന്റ് അനീഷ് ദേവൻ, കൗൺസിലർ ഹരിശങ്കർ, ബി.ഡി.വൈ.എസ് സംസ്ഥാന ട്രഷറർ പച്ചയിൽ സന്ദീപ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ജനറൽ സെക്രട്ടറി വേണു കാരണവർ സ്വാഗതവും സംസ്ഥാന സെക്രട്ടറി ആലുവിള അജിത്ത് നന്ദിയും പറഞ്ഞു. യോഗത്തിന് മുമ്പ് വട്ടിയൂർക്കാവിൽ തുഷാറിന്റെ നേതൃത്വത്തിൽ പ്രകടനവും നടന്നു.
കാപ്ഷൻ: ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റി വട്ടിയൂർക്കാവ് ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രക്ഷോഭ സമരം ദേശീയ പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു. അജി .എസ്.ആർ.എം, സുഭാഷ് വാസു, പൈലി വാത്യാട്ട്, തഴവ സഹദേവൻ, സോമശേഖരൻ നായർ, ആലുവിള അജിത്ത്, വേണുകാരണവർ, ഹരിശങ്കർ തുടങ്ങിയവർ സമീപം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |