
ചേർത്തല: എൻ.എസ്.എസ് - എസ്.എൻ.ഡി.പി യോഗം ഐക്യം അടഞ്ഞ അദ്ധ്യായമല്ലെന്നും അതിനുള്ള ശ്രമങ്ങൾ തുടരുമെന്നും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബി.ഡി.ജെ.എസ് സംസ്ഥാന നേതൃയോഗത്തിനു ശേഷം മാദ്ധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുമായി ഫോണിൽ സംസാരിച്ചിരുന്നു. അതിന്റെ വിശദാംശങ്ങൾ പങ്കുവയ്ക്കുന്നില്ല. തന്റെ പിതാവിനെപ്പോലെ ബഹുമാനിക്കുന്നയാളാണ് ജി.സുകുമാരൻ നായർ. മറ്റു സമുദായ സംഘടനകളുമായുള്ള ചർച്ചയുടെയും സഹകരണത്തിന്റെയും കാര്യത്തിൽ രണ്ടാഴ്ചക്കുള്ളിൽ തീരുമാനമുണ്ടാകും. ബി.ഡി.ജെ.എസ് കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളൊന്നും വിട്ടുനൽകുകയോ വച്ചുമാറുകയോ ചെയ്യില്ല. ഒരാഴ്ചക്കുള്ളിൽ പാർട്ടിയുടെ സീറ്റുനിർണയം പൂർത്തിയാക്കി സ്ഥാനാർത്ഥികളെ നിശ്ചയിക്കും.കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ തഴഞ്ഞെന്ന വാദം ശരിയല്ല.മുമ്പത്തേക്കാൾ കൂടുതൽ പണം ലഭിച്ചു.എയിംസ് തരുന്നതിൽ കേന്ദ്രത്തിന് ഒരു ബുദ്ധിമുട്ടുമില്ല. സ്ഥലം നൽകിയാൽ പറയുന്ന സമയത്തിനുള്ളിൽ എയിംസ് തരും. ഇ.ശ്രീധരന്റെ പ്രോജക്ട് സ്വന്തം കാര്യമാണ്. ഇതിൽ കേന്ദ്രത്തിന് ബന്ധമില്ലെന്നും തുഷാർ പറഞ്ഞു.
ഐക്യം അടഞ്ഞ അദ്ധ്യായം:
ജി.സുകുമാരൻ നായർ
ചങ്ങനാശേരി: എൻ.എസ്.എസ് - എസ്.എൻ.ഡി.പി യോഗം ഐക്യം അടഞ്ഞ അദ്ധ്യായമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ഡയറക്ടർ ബോർഡ് തീരുമാനത്തിന് ശേഷം തുഷാർ വെള്ളാപ്പള്ളി വിളിച്ചിരുന്നു. കൂടുതൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.
തുഷാർ ഇന്നലെ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. ഐക്യത്തിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് തോന്നിയതിനാലാണ് വേണ്ടെന്ന് വച്ചത്. ഒരു ചർച്ചയും നടത്തിയിട്ടില്ല. ഇനിയും ഉണ്ടാകില്ല. എൻ.എസ്.എസിന് ഒരു വാക്കേയുള്ളൂ. എല്ലാ മതങ്ങളോടും ഒരേ നിലപാടാണ്. എസ്.എൻ.ഡി.പി യോഗവുമായി സൗഹൃദത്തിൽ പോകും. വി.ഡി.സതീശനോടുള്ള വിരോധം കോൺഗ്രസിനോടില്ല. കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന് ബഡ്ജറ്റ് കാണുമ്പോൾ തോന്നുന്നു. എയ്ഡഡ് വിദ്യാഭ്യാസ മേഖലയോട് കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്ക് അവഗണനയാണെന്നും സുകുമാരൻനായർ കുറ്റപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |