സി.പി. എം, ബി. ജെ. പി സ്ഥാനാർത്ഥികൾ ശനിയാഴ്ച
തിരുവനന്തപുരം:ഉമ്മൻ ചാണ്ടിയോടുള്ള സഹതാപതരംഗം അലയടിക്കുന്ന പുതുപ്പള്ളിയിൽ മുന്നണികൾക്ക് തിരഞ്ഞെടുപ്പ് പോര് മുറുക്കാൻ നിയമസഭാ സമ്മേളനത്തിന് ഇടവേള. ഇനിയുള്ള 27 ദിവസം രാഷ്ട്രീയ കേരളം പുതുപ്പള്ളിയിൽ.
ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ച് കോൺഗ്രസും യു.ഡി.എഫും മുന്നിലെത്തിയപ്പോൾ എൽ.ഡി.എഫും സജീവമായി. സി. പി. എം. സ്ഥാനാർത്ഥിയെ 12ന് പ്രഖ്യാപിക്കും. അന്ന് തന്നെ ബി. ജെ. പി സ്ഥാനാർത്ഥിയെയും തീരുമാനിക്കും. അതോടെ മത്സരചിത്രം തെളിയും.
ഇന്നലെ ചേർന്ന സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റിൽ182 ബൂത്ത് കമ്മിറ്റികൾ പ്രചാരണം ശക്തമാക്കാൻ തീരുമാനിച്ചു. ഇന്ന് ജില്ലാ എൽ.ഡി. എഫും ചേരുന്നുണ്ട്.
നാളെ ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് കോട്ടയം ജില്ലാകമ്മിറ്റി നൽകുന്ന സാദ്ധ്യതാപാനലിൽ ധാരണയിലെത്തും. 12ന് പുതുപ്പള്ളി മണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ചേർന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.
പ്രതിച്ഛായയുള്ള സ്വതന്ത്രൻ ഉൾപ്പെടെ പരിഗണനയിലുണ്ട്. ജെയ്‌ക്ക് സി തോമസ്, റെജി സഖറിയ, കെ.എം.രാധാകൃഷ്ണൻ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ് എന്നിവരെ കേൾക്കുന്നുണ്ട്.
ചാണ്ടി ഉമ്മനെ സ്ഥാനാർത്ഥിയാക്കിയതിൽ എതിർപ്പുള്ള, ഉമ്മൻചാണ്ടിയുടെ വിശ്വസ്‌തരായിരുന്ന ചിലരെയും സി. പി. എം സമീപിച്ചതായി അറിയുന്നു. കോൺഗ്രസിലെ മറ്റാർക്കും ഇനിയൊരിക്കലും പുതുപ്പള്ളിയിൽ സീറ്റ് കിട്ടില്ലെന്നാണ് അസംതൃപ്തർ പറയുന്നത്.
സി. പി. എം സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങൾക്ക് മണ്ഡലത്തിലെ പഞ്ചായത്തുകളുടെ ചുമതല നൽകിയിട്ടുണ്ട്. സംസ്ഥാനകമ്മിറ്റി അംഗങ്ങൾക്കും ചുമതലകൾ നൽകും.
എൻ.ഡി.എ സ്ഥാനാർത്ഥി.െ 12ന് തൃശൂരിൽ ബി.ജെ.പി സംസ്ഥാന ഭാരവാഹി യോഗം തീരുമാനിക്കും. ജോർജ് കുര്യനെ പരിഗണിക്കുന്നതായി അറിയുന്നു.
ആത്മവിശ്വാസത്തിൽ സി. പി. എം
പുതുപ്പള്ളിയിൽ രാഷ്ട്രീയ പോരാട്ടമാണെന്ന് കോൺഗ്രസും സി.പി.എമ്മും പ്രഖ്യാപിച്ചു. ഉമ്മൻ ചാണ്ടിയോടുള്ള സഹതാപതരംഗം മറികടക്കാൻ സി. പി. എമ്മിന് ബഹുദൂരം പോകേണ്ടി വരുമെന്നാണ് എതിരാളികൾ പ്രചരിപ്പിക്കുന്നത്.ആ വെല്ലുവിളി മറികടക്കാനുള്ള രാഷ്ട്രീയസ്ഥിതിയും സംഘടനാ അടിത്തറയും പുതുപ്പള്ളിയിൽ ഉണ്ടെന്ന ആത്മവിശ്വാസത്തിലാണ് സി.പി.എം. കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുറഞ്ഞതും ഭൂരിപക്ഷം പഞ്ചായത്തുകളിലും ഇടതുമുന്നണി ഭരിക്കുന്നതുമാണ് ആത്മവിശ്വാസമേറ്റുന്നത്. കോട്ടയം ജില്ലയിലെ മന്ത്രിയും സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ വി.എൻ. വാസവനാണ് ചുക്കാൻ പിടിക്കുന്നത്.
അടിയൊഴുക്കിൽ പ്രതീക്ഷ
ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയ്‌ക്ക് ലഭിച്ച വമ്പിച്ച സ്വീകരണവും അദ്ദേഹത്തിന്റെ കല്ലറയിലേക്കുള്ള ജനപ്രവാഹവും അടിയൊഴുക്കാവുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. സംഘടനാസംവിധാനം താഴേതട്ടിൽ സജീവമല്ലാത്ത കോൺഗ്രസ് ബൂത്ത് പ്രവർത്തനം സജീവമാക്കിയിട്ടുണ്ട്. കെ.സി. ജോസഫിനും തിരുവഞ്ചൂർ രാധാകൃഷ്ണനുമാണ് ചുമതല. വരും ദിവസങ്ങളിൽ എം.പിമാർ, എം.എൽ.എമാർ, കെ.പി.സി.സി ഭാരവാഹികൾ, രാഷ്ട്രീയകാര്യസമിതി അംഗങ്ങൾ എന്നിവർക്ക് ചുമതലകൾ നൽകും.
സഹതാപതരംഗം മറികടക്കാനുള്ള രാഷ്ട്രീയസാഹചര്യം സി. പി. എമ്മിനുണ്ട്. 1984ൽ ഇന്ദിരാഗാന്ധി സഹതാപതരംഗം അതിജീവിച്ചാണ് സുരേഷ് കുറുപ്പ് ജയിച്ചത്. പാലായിൽ കെ.എം മാണിയോടുള്ള സഹതാപതരംഗവും വിജയിച്ചില്ല.
--മന്ത്രി വി. എൻ. വാസവൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |