തിരുവനന്തപുരം: ഭരണകക്ഷി എം.എൽ.എയ്ക്കു പോലും സംസ്ഥാനത്ത് രക്ഷയില്ലാതായെന്നും, പൊലീസ് മുഖം നോക്കിയാണ് നടപടിയെടുക്കുന്നതെന്നും ആരോപിച്ച് പ്രതിപക്ഷം ഇന്നലെ നിയമസഭയിൽ നിന്ന് വാക്കൗട്ട് നടത്തി.
എൻ.സി.പി എം.എൽ.എ തോമസ് കെ. തോമസിനെ ലോറിയിടിപ്പിച്ച് കൊല്ലുമെന്ന ഭീഷണിയെക്കുറിച്ച് പരാതിപ്പെട്ടിട്ടും പൊലീസ് അന്വേഷിക്കാത്തതിനാൽ അദ്ദേഹത്തെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ വീണ്ടും ഗൂഢാലോചനയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. എന്നാൽ അന്വേഷണത്തിനൊപ്പം എം.എൽ.എയ്ക്ക് സുരക്ഷയൊരുക്കാനും പൊലീസ് നടപടിയെടുത്തെന്നും, എം.എൽ.എയുടെ പരാതി പൊലീസിനെതിരെയല്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി.
രണ്ട് വർഷമായി തന്നെ കൊലപ്പെടുത്താൻ ശ്രമിക്കുന്നെന്ന എം.എൽ.എയുടെ പരാതി മാദ്ധ്യമങ്ങളിൽ വന്ന ശേഷമാണ് കേസെടുക്കാൻ പൊലീസ് തയാറായതെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച എം.വിൻസെന്റ് ആരോപിച്ചു. തിരുവനന്തപുരത്തു നിന്നു കുട്ടനാട്ടിലേക്കുള്ള യാത്രാമദ്ധ്യേ കാർ ലോക്ക് ചെയ്ത ശേഷം വെള്ളക്കെട്ടിലിറക്കി എം.എൽ.എയെ മുക്കിക്കൊല്ലാൻ പാർട്ടി നേതാവിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്നാണ് പരാതി. എം.എൽ.എയുടെ ആരോപണം പക്വതയില്ലാത്ത സമീപനമാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞത് അന്വേഷണം ഏതു ദിശയിൽ നീങ്ങണമെന്ന് പൊലീസിനുള്ള നിർദ്ദേശമാണെന്നും വിൻസെന്റ് പറഞ്ഞു.
തോമസ് കെ. തോമസിന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നയാളെ സ്വാധീനിച്ചു റെജി ചെറിയാൻ എന്നയാൾ എം.എൽ.എയെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതി
അന്വേഷണത്തിനായി ആലപ്പുഴ എസ്.പിക്ക് കൈമാറിയെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ആരു തെറ്റു ചെയ്താലും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം നടക്കുന്നതിനിടെ ഒരു മന്ത്രി പരാതി വ്യാജമെന്ന് പറയുന്നതിനെ മുഖ്യമന്ത്രി നീതീകരിക്കുന്നുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു. മുൻ എം.എൽ.എ ജോർജ് എം. തോമസ് പോക്‌സോ കേസിലെ പ്രതിയെ മാറ്റാൻ പണം വാങ്ങി പൊലീസിനെ സ്വാധീനിച്ചെന്ന ആരോപണത്തിലും, തൃശൂരിലെ ഡി.വൈ.എഫ്.ഐ നേതാവിനെതിരായ പെൺകുട്ടിയുടെ ആരോപണത്തിലും പൊലീസ് നടപടിയെടുത്തില്ല. വിരോധമുള്ളവരുടെ പേരിൽ കേസെടുക്കുകയും പാർട്ടിക്കാർക്കെതിരെ പരാതി ഉയർന്നാൽ കേൾക്കാതിരിക്കുകയുമാണ് പൊലീസിന്റെ രീതിയെന്നും സതീശൻ പറഞ്ഞു.
ഇതോടെ,സി.പി.എം അംഗങ്ങൾ ബഹളവുമായി എഴുന്നേറ്റു. സ്പീക്കർ പറഞ്ഞിട്ടും അവർ സീറ്റിലിരിക്കാൻ തയാറായില്ല. കഴിഞ്ഞ ദിവസം മന്ത്രിമാരാണ് തന്റെ പ്രസംഗം തടസ്സപ്പെടുത്തിയതെങ്കിൽ ഇപ്പോൾ പിൻബെഞ്ചിലുള്ളവരാണെന്ന് സതീശൻ ആരോപിച്ചു.
രണ്ടുതവണ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചു: തോമസ് കെ. തോമസ്
തന്നെ കള്ളക്കേസിൽ കുടുക്കാൻ രണ്ടു തവണ എൻ.സി.പിയിൽ ശ്രമം നടന്നെന്ന് ഭരണകക്ഷി എം.എൽ.എയായ തോമസ് കെ. തോമസ് ആരോപിച്ചു. രണ്ട് എഫ്.ഐ.ആറുകൾ അദ്ദേഹം സഭയിൽ ഉയർത്തിക്കാട്ടി. കാർ വെള്ളത്തിൽ മുക്കി എം.എൽ.എയെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിൽ വിശദീകരണം നൽകവേയാണ് തോമസ് കെ. തോമസ് ഇക്കാര്യം ഉന്നയിച്ചത്.
എൻ.സി.പി യോഗത്തിൽ വനിതാ അംഗത്തെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നാരോപിച്ചാണ് ആദ്യം പരാതി നൽകിയത്. പൊലീസന്വേഷിച്ചപ്പോൾ പരാതിയിൽ കാര്യമില്ലെന്ന് കണ്ടെത്തി. പിന്നീട് ഹരിപ്പാടുള്ള ഹോട്ടലിൽ പാർട്ടി പിരിവുമായെത്തിയപ്പോൾ സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചെന്ന ആരോപണം ഉയർത്തി. പട്ടികവിഭാഗക്കാർക്കെതിരായ അതിക്രമം തടയാൽ നിയമപ്രകാരമായിരുന്നു പരാതി. ഹോട്ടലിലെ സി.സി ടി.വി ക്യാമറ പരിശോധിച്ചപ്പോൾ താനെത്തുന്നതിന് 20 മിനിറ്റ് മുൻപ് അവർ സ്ഥലത്തു നിന്ന് പോയെന്ന് കണ്ടെത്തി. ഇല്ലെങ്കിൽ വ്യാജ പരാതിയിൽ 90 ദിവസം ജാമ്യം പോലും ലഭിക്കാതെ ജയിലിൽ കിടക്കേണ്ടി വരുമായിരുന്നു.
പൊലീസ് നടപടിയെക്കുറിച്ച് പരാതിയില്ല. അവരുടെ അന്വേഷണത്തിലാണ് തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് കണ്ടെത്തിയത്. തന്നെ മുക്കിക്കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന പരാതി അടിയന്തര പ്രാധാന്യത്തോടെ കാണണമെന്നാണ് ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച പരാതി മുഖ്യമന്ത്രിയോടു പറഞ്ഞിട്ടില്ല. ഡി.ജി.പിക്കാണ് പരാതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |